| Saturday, 14th September 2024, 1:51 pm

പ്രൊഡ്യൂസറടക്കം ഓടിപ്പോയ ചിത്രം അവസാനം 100 ദിവസം ഓടി: വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാല രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് സേതു. വിക്രമും അബിതയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ഇളയരാജയാണ് സംഗീതവും സൗണ്ട് ട്രാക്കും ഒരുക്കിയത്. 1999 ഡിസംബര്‍ 10ന് റിലീസ് ചെയ്ത സേതു, തുടക്കത്തില്‍ ഒരു തിയേറ്ററില്‍ മാത്രം പ്രദര്‍ശനമായെത്തിയ ചിത്രം ക്രമേണ മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.

പിന്നീട് നിരവധി തിയേറ്ററുകളില്‍ 100 ദിവസത്തിലധികം ഓടിയ ചിത്രം വിക്രമിന്റെ സിനിമ കരിയറിലെ പ്രധാന വഴിത്തിരിവായി മാറുകയായിരുന്നു. ഈ ചിത്രത്തിലൂടെ നിരവധി അവാര്‍ഡുകള്‍ ബാലയും വിക്രമും നേടി. കന്നഡയില്‍ ഹുച്ച എന്ന പേരിലും തെലുങ്കില്‍ ശേഷു എന്ന പേരിലും ഹിന്ദിയില്‍ തേരേ നാം എന്ന പേരിലും സേതു റീമേക്ക് ചെയ്യപ്പെട്ടു.

സേതു ചെയ്യാന്‍ സംവിധായകന്‍ ബാല കുറെ കഷ്ടപ്പെട്ടെന്ന് പറയുകയാണ് വിക്രം. പത്തുവര്‍ഷത്തോളം ചെയ്ത ചിത്രങ്ങളൊന്നും വിജയിക്കാതിരുന്നപ്പോള്‍ തനിക്ക് വഴിത്തിരിവായ ചിത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല നടന്‍മാരും ചെയ്യാന്‍ തയ്യാറായി പിന്നീട് ഒഴിവാക്കിയ ചിത്രമാണെന്നും നിര്‍മാതാവ് വരെ പകുതിയില്‍ നിന്ന് നിര്‍ത്തിപ്പോയെന്നും വിക്രം പറയുന്നു. ബിയര്‍ ആന്‍ഡ് ബൈസെപ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിപ്പോയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പത്ത് വര്‍ഷത്തോളം ഞാന്‍ ചെയ്തതൊന്നും വിജയിക്കാതിരുന്നിട്ടുണ്ട്. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലായിരുന്നു. അതിന് ശേഷമാണ് ഹിന്ദിയിലേക്ക് തേര നാം എന്ന പേരില്‍ റീമേക്ക് ചെയ്ത സേതു ആരംഭിക്കുന്നത്.

ആ സിനിമയുടെ സംവിധായകനാണെങ്കില്‍ ആ സിനിമ ഒരു ആറ് ഏഴുപേരുമായി ആരംഭിച്ചതായിരുന്നു. ചിലസമയങ്ങളില്‍ രാവിലെ സിനിമയുടെ പൂജ നടക്കുകയും വൈകുന്നേരം ആകുമ്പോഴേക്കും സിനിമ ഉപേക്ഷിച്ചിട്ടുണ്ടാകും. അങ്ങനെയുള്ള കുറെ കാര്യങ്ങള്‍ ആ സിനിമ എനിക്കെത്തുന്നതിന് മുന്നേ സംഭവിച്ചിട്ടുണ്ടായിരുന്നു.

അവസാനം ഞങ്ങള്‍ ആ സിനിമ ഒന്നിച്ച് ചെയ്തു. ആ സിനിമയുടെ ആദ്യത്തെ ഷോട്ട് എടുത്തു കഴിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ആ സംവിധായകനില്‍ ഇമ്പ്രെസ്സ് ആയി. അദ്ദേഹം അടിപൊളി ആണല്ലോ, അദ്ദേഹത്തിന് എന്തൊക്കയോ പ്രത്യേകതകള്‍ ഉണ്ടല്ലോ എന്നെനിക്ക് തോന്നി.അവസാനം ഷൂട്ട് ചെയ്തതെല്ലാം കണ്ടപ്പോള്‍ ഈ സിനിമ എനിക്ക് നല്ലതായിരിക്കുമെന്ന് തോന്നി.

അതിന് ശേഷം ആ സിനിമ പിന്നെയും നടക്കാത്ത അവസ്ഥയില്‍ എത്തി. അതിന്റെ നിര്‍മാതാവ് ഓടിപ്പോയി, ഞാനാണ് പിന്നെയും അദ്ദേഹത്തിന്റെ പുറകെ പോയി ചേട്ടാ ഒന്ന് വായോ ഇതൊന്ന് തീര്‍ക്ക് എന്നെല്ലാം പറഞ്ഞ് അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യിപ്പിച്ചത്. അതിന് ശേഷം ഒരു വര്‍ഷം ആ സിനിമ അവിടെ ഉണ്ടായിരുന്നു. ആരും വരുകയോ ആ സിനിമ വാങ്ങുകയോ ചെയ്തില്ല.

ചിലരെല്ലാം വന്നിട്ട് പറയും നിങ്ങള്‍ക്കും സംവിധായകനും അവാര്‍ഡ് കിട്ടുമായിരിക്കും. പക്ഷെ ഈ സിനിമ തിയേറ്ററുകളില്‍ അധികം ഓടില്ല. ചെന്നൈയില്‍ ആകെ മൂന്ന് തിയേറ്ററുകളില്‍ മാത്രമാണ് ആ സിനിമ പ്രദര്‍ശിപ്പിച്ചത്. അതും ഒരു തിയേറ്ററില്‍ മാത്രമാണ് പതിവ് ഷോ സമയത്ത് ആ ചിത്രം പ്രദര്‍ശിപ്പിച്ചത്,’ വിക്രം പറയുന്നു.

Content highlight: Vikram Talks  About Sethu Movie

We use cookies to give you the best possible experience. Learn more