തമിഴ് സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് വിക്രം എന്ന പേരില്‍ അറിയപ്പെടുന്ന കെന്നഡി ജോണ്‍ വിക്ടര്‍. മലയാള സിനിമയില്‍ തുടങ്ങി പിന്നീട് തമിഴ് സിനിമയിലേക്ക് ചേക്കേറിയ വിക്രം അവിടെ സൂപ്പര്‍ താരമായി മാറുകയായിയുന്നു.
തനിക്കുണ്ടായ ഏറ്റവും വിചിത്രമായ ഫാന്‍ മൊമെന്റിനെ കുറിച്ച് സംസാരിക്കുകയാണ് വിക്രം. ബിയര്‍ ആന്‍ഡ് ബെസെപ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിതാമഗന്‍ സിനിമയുടെ ഷൂട്ടിങ് തേനിയില്‍ നടക്കുമ്പോള്‍ തന്റെ വാഷ്റൂമിന്റെ സിങ്കിനടിയില്‍ രണ്ട് ചെറുപ്പക്കാര്‍ വന്ന് കിടക്കുന്നുണ്ടായിരുന്നെന്നും ചുമരിലെ ചെറിയൊരു ഹോളിലൂടെയാണ് ഇരുവരും അകത്തു കടന്നതെന്നും വിക്രം പറയുന്നു. ആരാധകരാണെന്നും കൂടെ സമയം ചിലവഴിക്കാന്‍ വന്നതാണെന്നും ചുമരില്‍ അവര്‍ എഴുതിയിട്ടുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പിതാമഗന്‍ ചെയ്യുന്ന സമയത്ത് ഞങ്ങള്‍ തേനിയില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഞാന്‍ വാഷ്റൂമിലേക്ക് പോയി വാതില്‍ ഒന്ന് തുറന്നതായിരുന്നു. അവിടെ നോക്കുമ്പോള്‍ രണ്ട് ആണ്‍കുട്ടികള്‍ അവിടെയുള്ള സിങ്കിന്റെ അടിയില്‍ കിടന്നുറങ്ങുന്നു. ഞാന്‍ ഞെട്ടിപ്പോയി. ഉടനെ വാതില്‍ വലിച്ചടച്ചു. എനിക്ക് മനസിലായില്ല അവരെങ്ങനെയാണെന്ന് അവിടെ വന്നതെന്നന്ന്.
ആകെ ആ മുറിയില്‍ ഒരു ചെറിയ എക്‌സ്‌ഹോസ്റ്റിങ് ഫാന്‍ വെക്കാനുള്ള ഓട്ട മാത്രമേ അതിനകത്ത് ഉണ്ടായിരുന്നുള്ളു. അവിടെ വേറെ ജനലോ മറ്റു കാര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതും വളരെ മുകളില്‍.
ഞാന്‍ ഒന്നുകൂടെ ആ വാതില്‍ മെല്ലെ തുറന്നു നോക്കി അപ്പോള്‍ അവിടെ ചുമരില്‍ വളരെ അക്ഷരതെറ്റുള്ള തമിഴില്‍ ‘ക്ഷമിക്കണം, ഞങ്ങള്‍ക്ക് നിങ്ങളെ ഉപദ്രവിക്കണം എന്ന് യാതൊരുവിധ ആഗ്രഹവുമില്ല. ഞങ്ങള്‍ നിങ്ങളുടെ വലിയ ആരാധകരാണ്. നിങ്ങളുടെ കൂടെ കുറച്ച് സമയം ചെലവഴിക്കണം എന്ന് മാത്രമേ ഞങ്ങള്‍ക്കുള്ളു’ എന്നവിടെ എഴുതിവെച്ചിട്ടുണ്ടായിരുന്നു. എനിക്കൊന്നും മനസിലാകുന്നില്ലായിരുന്നു. ഞാന്‍ വീണ്ടും വാതില്‍ അടച്ചിട്ട് എന്റെ അസിസ്റ്റന്റിനെ വിളിച്ച് വേഗം വരാന്‍ പറഞ്ഞു,’ വിക്രം പറയുന്നു.