തമിഴ് സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് വിക്രം എന്ന പേരില്‍ അറിയപ്പെടുന്ന കെന്നഡി ജോണ്‍ വിക്ടര്‍. മലയാള സിനിമയില്‍ തുടങ്ങി പിന്നീട് തമിഴ് സിനിമയിലേക്ക് ചേക്കേറിയ വിക്രം അവിടെ സൂപ്പര്‍ താരമായി മാറുകയായിയുന്നു. വിക്രം കേന്ദ്രകഥാപാത്രമായി എത്തി പാ. രഞ്ജിത് സംവിധാനം ചെയ്ത തങ്കലാന്‍ ഓഗസ്റ്റ് 15 ന് തിയേറ്ററുകളില്‍ എത്തിയിരുന്നു.
തന്റെ അച്ഛന്‍ പണ്ട് അഭിനേതാവാകാന്‍ വേണ്ടി നാടുവിട്ട ആളാണെന്ന് പറയുകയാണ് വിക്രം. എന്നാല്‍ അദ്ദേഹം ഒരു മോശം അഭിനേതാവാണെന്നും എന്നാലും അദ്ദേഹത്തിന് അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നെന്നും വിക്രം കൂട്ടിച്ചേര്‍ത്തു.
ജനിതകപരമായാകാം തനിക്കും തന്റെ മകനും സിനിമയോടും അഭിനയത്തോടുമുള്ള ആഗ്രഹം വന്നതെന്നും അദ്ദേഹം പറയുന്നു. പണ്ടുമുതലേ തനിക്കൊരു അഭിനേതാവാകാനായിരുന്നു ഇഷ്ടമെന്നും പറയുകയാണ് വിക്രം. ബിയര്‍ ആന്‍ഡ് ബെസെപ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ അച്ഛന്‍ പരമകുടി എന്ന് പറയുന്ന സ്ഥലത്താണ് ജനിച്ചത്. കമലഹാസന്റെ ജന്മസ്ഥലമാണത്. എന്റെ അച്ഛന്റെ അച്ഛന്‍ ഒരു സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ആയിരുന്നു. അദ്ദേഹം വീട്ടില്‍ നിന്നും ഒരു അഭിനേതാവാകാന്‍ വേണ്ടി ഓടിപോന്ന ആളാണ്. പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട് പക്ഷെ അദ്ദേഹം ഒരു മോശം അഭിനേതാവായിരുന്നു.
അഭിനയത്തില്‍ അദ്ദേഹം മോശമായിരുന്നെങ്കിലും അദ്ദേഹം അഭിനയത്തില്‍ വളരെ അഭിനിവേശമുള്ള ആളായിരുന്നു. എനിക്ക് തോന്നുന്നത് അഭിനയത്തോടുള്ള ഈ അഭിനിവേശം ജനിതകപരമായാണ് എനിക്ക് കിട്ടിയതെന്നാണ്. അച്ഛന്‍ സിനിമയില്‍ വരാന്‍ ആഗ്രഹിച്ചതുപോലെ ഞാനും വന്നു ഇപ്പോള്‍ എന്റെ മകനും. ആ സമയം മുതലേ എനിക്ക് അഭിനേതാവാകാനായിരുന്നു താത്പര്യം. എനിക്ക് ഇപ്പോഴും ഒരു ആക്ടര്‍ ആകണമായിരുന്നു,’ വിക്രം പറയുന്നു.