| Tuesday, 20th August 2024, 12:08 pm

ആ സിനിമ ഹിറ്റാകാത്തത് കൊണ്ട് ഞാന്‍ ചെയ്ത കഷ്ടപ്പാടുകള്‍ ആരും അംഗീകരിച്ചില്ല: വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് വിക്രം എന്ന പേരില്‍ അറിയപ്പെടുന്ന കെന്നഡി ജോണ്‍ വിക്ടര്‍. മലയാള സിനിമയില്‍ തുടങ്ങി പിന്നീട് തമിഴ് സിനിമയിലേക്ക് ചേക്കേറിയ വിക്രം അവിടെ സൂപ്പര്‍ താരമായി മാറുകയായിയുന്നു.

വിക്രം കേന്ദ്രകഥാപാത്രമായി എത്തി പാ. രഞ്ജിത് സംവിധാനം ചെയ്ത തങ്കലാന്‍ ഓഗസ്റ്റ് 15 ന് തിയേറ്ററുകളില്‍ എത്തിയിരുന്നു. പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍, തുടങ്ങിയര്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വ്യക്തമായ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന സിനിമകൂടിയാണ്. മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രം നേടുന്നത്.

തങ്കലാന് മുമ്പ് വിക്രം ചെയ്ത സിനിമയായിരുന്നു കോബ്ര. വ്യത്യസ്തമായ ഗെറ്റപ്പുകളില്‍ വിക്രം ചിത്രത്തില്‍ എത്തിയിരുന്നു. എന്നാല്‍ കോബ്രക്കോ, കോബ്രയിലെ പ്രകടനത്തിന് വിക്രത്തിനോ വേണ്ടവിധത്തിലുള്ള സ്വീകാര്യത പ്രേക്ഷകരുടെ ഇടയില്‍ നിന്ന് നേടാന്‍ കഴിഞ്ഞില്ലായിരുന്നു.

നന്നായി കഷ്ടപ്പെട്ട സിനിമയായിട്ടുകൂടി കോബ്ര വര്‍ക്ക് ആകാത്തതുകൊണ്ട് തനിക്ക് വളരെ സങ്കടമുണ്ടായിരുന്നുവെന്ന് പറയുകയാണ് വിക്രം. സിനിമ വിജയിച്ചാല്‍ മാത്രമേ ആളുകള്‍, അഭിനേതാക്കള്‍ സിനിമക്ക് വേണ്ടി എടുക്കുന്ന പരിശ്രമങ്ങള്‍ ശ്രദ്ധിക്കുകയുള്ളുവെന്നും തങ്കലാന്റെ സക്സസ് മീറ്റില്‍ പറയുകയാണ് വിക്രം.

‘ഞാന്‍ സാധാരണയായി ഒരു സിനിമ ചെയ്യാന്‍ രണ്ടു മൂന്ന് വര്‍ഷമെല്ലാം എടുക്കും, ഭ്രാന്തനെ പോലെ അതിന്റെ പിറകെ നടക്കും. എനിക്കുള്ള ഒരു സങ്കടം കോബ്ര ശരിക്കും ആളുകളുടെ ഇടയില്‍ വര്‍ക്ക് ആകാത്തതാണ്.

ആ സിനിമയില്‍ ചില ഭാഗത്ത് ഞാന്‍ അഭിനയിച്ചതുപോലെ വേറെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. അത്രയും നന്നായി ഞാന്‍ ആ സിനിമയില്‍ ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഒരു സിനിമ വിജയിച്ചാല്‍ മാത്രമേ അത് വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെടുകയൊള്ളു.

അതുകൊണ്ടാണ് ഇപ്പോള്‍ ഇവിടെ തങ്കലാന്‍ വിജയിച്ചപ്പോള്‍, നമ്മള്‍ ചെയ്ത കഷ്ടപ്പാടുകള്‍ ആളുകള്‍ വേണ്ടവിധം അംഗീകരിക്കുമ്പോള്‍, അതവര്‍ ആസ്വദിക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ വളരെ സന്തോഷം.

ഡിമോണ്ടി കോളനി 2 നന്നായി തിയേറ്ററുകളില്‍ ഓടുന്നുണ്ടെന്ന് അറിയുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. കോബ്രയില്‍ എനിക്കും ആര്‍. അജയ് ജ്ഞാനമുത്തുവിനും സംഭവിച്ച പരാജയം ഇപ്പോള്‍ ഒരേ സമയത്ത് മാറുന്നു എന്ന അറിയുമ്പോള്‍ വളരെ ഹാപ്പിയാണ്,’ വിക്രം പറയുന്നു.

Content Highlight: Vikram talks about failure of  his film Cobra

We use cookies to give you the best possible experience. Learn more