| Saturday, 7th September 2024, 10:48 am

പ്രശസ്തിയുടെ വില വളരെ വലുതാണ്; അവര്‍ നിങ്ങളെ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കും: വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് വിക്രം എന്ന പേരില്‍ അറിയപ്പെടുന്ന കെന്നഡി ജോണ്‍ വിക്ടര്‍. മലയാള സിനിമയില്‍ തുടങ്ങി പിന്നീട് തമിഴ് സിനിമയിലേക്ക് ചേക്കേറിയ വിക്രം അവിടെ സൂപ്പര്‍ താരമായി മാറുകയായിയുന്നു. വിക്രം കേന്ദ്രകഥാപാത്രമായി എത്തി പാ. രഞ്ജിത് സംവിധാനം ചെയ്ത തങ്കലാന്‍ ഓഗസ്റ്റ് 15 ന് തിയേറ്ററുകളില്‍ എത്തിയിരുന്നു.

ഒരു അഭിനേതാവാകുക എന്ന് പറയുന്നതേ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എന്നാല്‍ രജനികാന്തോ ഐശ്വര്യ റായിയോ അഭിതാഭ് ബച്ചനോ ആകുക എന്ന് പറയുന്നത് അതിനേക്കാള്‍ പ്രയാസമാണെന്നും വിക്രം പറയുന്നു.

എന്തുകൊണ്ടെന്നാല്‍ അവര്‍ നിരന്തരമായി നിരീക്ഷങ്ങള്‍ക്ക് വിധേയരാണെന്നും സ്വകാര്യത നഷ്ടപ്പെടും എന്നുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിയര്‍ ആന്‍ഡ് ബെസെപ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു അഭിനേതാവുക എന്ന് പറയുന്നതേ വളരെ ബുദ്ധിമുട്ടാണ്. പക്ഷെ രജനികാന്ത് സാറോ ഐശ്വര്യ റായിയോ അമിതാഭ് ബച്ചനോ ആകുന്നത് അതിനേക്കാള്‍ പാടാണ്. കാരണം അവര്‍ നിരന്തരം ആളുകളുടെ നിരീക്ഷണത്തിലാണ്. എപ്പോഴും അവര്‍ അവരുടെ ബെസ്റ്റ് കൊടുക്കേണ്ടി വരും.

പ്രത്യേകിച്ച് ഇന്ന് എല്ലാവരുടെയും കൈയ്യില്‍ ക്യാമറ ഉള്ള ഫോണ്‍ ഉണ്ട്. അവര്‍ നിങ്ങളെ ദിവസം മുഴുവനും പകര്‍ത്തികൊണ്ടിരിക്കും. എപ്പോഴും ആളുകള്‍ ഒരു മാലാഖയെ പ്രതീക്ഷിക്കും. എന്ത് ചെയ്താലും വളരെ പ്രസന്നതയോടെ ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിക്കും. ഏതെങ്കിലും ഒരു സ്ഥലത്തു നിങ്ങള്‍ ഹേ ദയവു ചെയ്‌തൊന്നു മാറി നില്ക്കു എന്ന് പറഞ്ഞു കഴിഞ്ഞാല്‍, അയാള്‍ ചെയ്തത് കണ്ടോ, ഇങ്ങനെയാണോ പെരുമാറുക എന്നെല്ലാം പറഞ്ഞ് വലിയ ന്യൂസ് ആകും.

പ്രശസ്തിയുടെ വില എന്ന് പറയുന്നത് വളരെ വലുതാണ്. നിങ്ങളൊരു സ്റ്റാറാണ്, അഭിനേതാവാണ്, ആക്ടര്‍ ആണ് എന്നൊന്നുമല്ല പ്രധാനപ്പെട്ട കാര്യം നിങ്ങള്‍ നിങ്ങളുടെ സ്വകാര്യത നഷ്ടപ്പെടും എന്നുള്ളതാണ്. നിരന്തരമായി ഒരു നിരീക്ഷത്തിന്റെ ഉള്ളിലേക്ക് എത്തിപ്പെടും എന്നുള്ളതാണ്,’ വിക്രം പറയുന്നു.

Content Highlight: Vikram Talks About Difficulties of Being Famous

We use cookies to give you the best possible experience. Learn more