| Sunday, 28th August 2022, 12:38 pm

ഞാന്‍ ഇമോഷണലായി കരയാന്‍ നോക്കി, എന്നാല്‍ മമ്മൂക്ക അങ്ങനെയല്ല ചെയ്തത്, അദ്ദേഹം വളരെ കണ്‍ട്രോള്‍ഡ് ആയിരുന്നു: വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തില്‍ നിരവധി ആരാധകരുള്ള തമിഴ് നടനാണ് വിക്രം. ചെറുതാണെങ്കിലും നല്ല കഥാപാത്രങ്ങള്‍ മമ്മൂട്ടിക്കും സുരേഷ്‌ഗോപിക്കുമൊപ്പം തന്റെ കരിയറിന്റെ തുടക്കത്തില്‍ മലയാളത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ധ്രുവത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന് അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് വിക്രം.

‘ധ്രുവം സിനിമയുടെ ലൊക്കേഷനില്‍ വച്ച് മമ്മൂക്കയുടെ അഭിനയം ഞാന്‍ നോക്കി നിന്നിട്ടുണ്ട്. ക്ലോസ് അപ്പ് ഷോട്ടില്‍ എങ്ങനെയാണ് അഭിനയിക്കേണ്ടത്, ലോങ്ങ് ഷോട്ടില്‍ എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നൊക്കെ അദ്ദേഹത്തെ കണ്ടാണ് ഞാന്‍ മനസിലാക്കിയത്.

ഒരു സീന്‍ വരുമ്പോള്‍ അഭിനയം നന്നാക്കാന്‍ വേണ്ടി ഞാന്‍ വെറുതെ കരയാനൊക്കെ നോക്കിയിരുന്നു. എന്നാല്‍ അദ്ദേഹം വളരെ കണ്‍ട്രോള്‍ ചെയ്താണ് അഭിനയിക്കുന്നത്. അഭിനയിക്കുമ്പോള്‍ മമ്മുക്കയുടെ കണ്ണുകള്‍ കാണാന്‍ നല്ല രസമാണ്. ഞാന്‍ അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിച്ചു. അദ്ദേഹം മികച്ച നടനാണ്. നല്ല സ്‌ക്രിപ്റ്റ് വന്നാല്‍ ഞാന്‍ മമ്മൂക്കയുടെ കൂടെ ഇനിയും അഭിനയിക്കും,’ വിക്രം പറഞ്ഞു.

മമ്മൂട്ടിയോടൊപ്പം മോഹന്‍ലാലിന്റെയും വലിയ ഫാനാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മമ്മൂട്ടി ഒരു റോക്ക് സ്റ്റാറാണ്. മോഹന്‍ലാലും റോക്ക് സ്റ്റാറാണ്, എന്നാല്‍ ഞാന്‍ ഇതുവരെ അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ല. വീട്ടില്‍ ഒരു വലിയ മോഹന്‍ലാല്‍ ഫാനുണ്ട്. എപ്പോഴും പ്രശ്‌നമാണ്. കോബ്ര കണ്ടാലും ഇതൊക്കെ എന്താ, മോഹന്‍ലാലിത് സിമ്പിളായി ചെയ്യുമെന്ന് പറയും. എന്റെ വില്ലന്‍ വീട്ടില്‍ തന്നെയുണ്ട്.

ഇപ്പോള്‍ എനിക്ക് മലയാളം കുറച്ചൊക്കെ അറിയാം. മുമ്പാണെങ്കില്‍ മലയാളം ഒട്ടും അറിയില്ല. അപ്പോള്‍ സദയം ഉള്‍പ്പെടെയുള്ള മോഹന്‍ലാലിന്റെ സിനിമകള്‍ കാണാന്‍ തുടങ്ങി. കിലുക്കം പോലുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ എന്ത് മനോഹരമാണ്. അതൊക്കെ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയം ഒരുപാട് ഇഷ്ടമാണ്. മോഹന്‍ലാല്‍ സാറിനൊപ്പം അഭിയിക്കാന്‍ എനിക്ക് ചാന്‍സ് കിട്ടുമായിരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതസമയം കോബ്രയാണ് ഇനി പുറത്തിറങ്ങാനുള്ള വിക്രത്തിന്‍റെ ചിത്രം. വന്‍ താരനിര തന്നെയാണ് കോബ്രയിലുള്ളത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ അഭിനയിക്കുന്ന ആദ്യചിത്രമാണ് കോബ്ര. കെ.ജി.എഫിലൂടെ ശ്രദ്ധേയയായ ശ്രീനിധി ഷെട്ടിയാണ് നായിക. മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യു, മാമുക്കോയ, മിയ ജോര്‍ജ് എന്നിവരും താരനിരയിലുണ്ട്. റോബോ ശങ്കര്‍, കെ.എസ്. രവികുമാര്‍, ആനന്ദ് രാജ്, മൃണാളിനി ദേവി, മീനാക്ഷി ഗോവിന്ദരാജന്‍ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കള്‍.

Content Highlight: Vikram shares his experiences of acting opposite Mammootty in Dhruvam

We use cookies to give you the best possible experience. Learn more