നാല് ഭാഗങ്ങളായി ചെയ്യാനുള്ള കഥ തങ്കലാനുണ്ട്, മിക്കവാറും അത് ചെയ്യും: ചിയാന്‍ വിക്രം
Entertainment
നാല് ഭാഗങ്ങളായി ചെയ്യാനുള്ള കഥ തങ്കലാനുണ്ട്, മിക്കവാറും അത് ചെയ്യും: ചിയാന്‍ വിക്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th August 2024, 5:42 pm

ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച നടനാണ് ചിയാന്‍ വിക്രം. കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് കഷ്ടപ്പെട്ട താരത്തിന് ബ്രേക്ക് ത്രൂ നല്‍കിയത് ബാല സംവിധാനം ചെയ്ത സേതു എന്ന സിനിമയാണ്. ബോക്‌സ് ഓഫീസ് വിജയത്തിന് പുറമേ, വിക്രമിന്റെ പെര്‍ഫോമന്‍സിനെയും പലരും പ്രശംസിച്ചു. പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളായി ചിയാന്‍ മാറി.

കഥാപാത്രത്തിന്റെ പൂര്‍ണതക്ക് വേണ്ടി എത്ര വേണമെങ്കിലും കഷ്ടപ്പെടാന്‍ തയാറായിട്ടുള്ള നടനാണ് വിക്രം. ‘ഐ’ എന്ന സിനിമക്ക് വേണ്ടി ശരീരഭാരം കൂട്ടിയും കുറച്ചും താരം എല്ലാവരെയും ഞെട്ടിച്ചു. 58ാം വയസില്‍ ഏറ്റവും പുതിയ ചിത്രമായ തങ്കലാന് വേണ്ടി ചിയാന്‍ നടത്തിയ മേക്ക് ഓവര്‍ സിനിമാലോകത്തെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. തമിഴിലെ മികച്ച സംവിധായകരിലൊരാളായ പാ. രഞ്ജിത്താണ് തങ്കലാന്‍ അണിയിച്ചൊരുക്കുന്നത്.

ചിത്രത്തിന് തുടര്‍ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ചിയാന്‍. വളരെ ബൃഹത്തായ കഥയാണ് തങ്കലാന്റേതെന്ന് വിക്രം പറഞ്ഞു. ചോളരുടെ കാലഘട്ടത്തില്‍ ആരംഭിച്ച് ഒരുപാട് വര്‍ഷം നീണ്ടുനില്‍ക്കുന്ന സംഭവങ്ങളാണ് സിനിമയുടെ കഥയെന്ന് വിക്രം പറഞ്ഞു. ചരിത്രത്തിലെ ഒരുപാട് സംഭവങ്ങള്‍ പറഞ്ഞുപോകുന്ന കഥയാണ് ഇതെന്നും നാല് ഭാഗങ്ങളില്‍ എടുക്കാനുള്ള കഥ ഇതിനുണ്ടെന്നും ചിയാന്‍ കൂട്ടിച്ചേര്‍ത്തു. തങ്കലാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് ഇക്കാര്യം പറഞ്ഞത്.

‘തങ്കലാന്റെ കഥ രഞ്ജിത് എന്നോട് പറഞ്ഞപ്പോള്‍ വിലയ കഥയായാണ് എനിക്ക് തോന്നിയത്. നമ്മളുടെ ചരിത്രമാണ് ഈ സിനിമ പറയുന്നത്. അതായത് ചോളരുടെ കാലഘട്ടത്തില്‍ തന്നെ തങ്കലാന്റെ കഥ ആരംഭിക്കുന്നുണ്ട്. അവിടെ നിന്ന് തുടങ്ങി 18ാം നൂറ്റാണ്ട് വരെ പറഞ്ഞുപോകുന്ന കഥയാണ് രഞ്ജിത് എന്നോട് പറഞ്ഞത്. മിനിമം നാല് പാര്‍ട്ടായിട്ട് ഇറക്കാനുള്ള കഥ ഈ സിനിമക്കുണ്ട്.

സീക്വലായും പ്രീക്വലായും ഇറക്കാന്‍ പറ്റുന്ന ഒരുപാട് കഥകള്‍ തങ്കലാന് ഉണ്ട്. ഞങ്ങള്‍ അത് എന്തായാലും ചെയ്തിരിക്കും. പക്ഷേ അത് എപ്പോള്‍ ചെയ്യാന്‍ പറ്റുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. നമ്മുടെയെല്ലാം പൂര്‍വികരുടെ ചരിത്രമാണ് ഈ സിനിമകളിലൂടെ പറയാന്‍ ശ്രമിക്കുന്നത്. അതിനെപ്പറ്റി രഞ്ജിത്തിനുള്ള അറിവ് എന്നെ അമ്പരപ്പിച്ചു,’ വിക്രം പറഞ്ഞു.

Content Highlight: Vikram saying that there will be sequel and prequel for Thangalaan