| Sunday, 28th August 2022, 10:07 am

എങ്ങനെ അഭിനയിച്ചാലും പറയും, ഇതൊക്കെ എന്ത്, മോഹന്‍ലാല്‍ സിമ്പിളായി ചെയ്യുമെന്ന്: വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് തെന്നിന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയിലെ താരമായി മാറിയ നടനാണ് വിക്രം. തമിഴ്‌നാട്ടിലെന്ന പോലെ മലയാളത്തിലും അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടില്ലെന്ന് വിക്രം പറയുന്നു. തന്റെ ഭാര്യ വലിയ മോഹന്‍ലാല്‍ ഫാനായതുകൊണ്ട് വീട്ടില്‍ എപ്പോഴും വഴക്കാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ കോബ്രയുടെ പ്രൊമോഷനായി കൊച്ചിയിലെത്തിയപ്പോഴായിരുന്നു വിക്രത്തിന്റെ പ്രതികരണം.

‘മമ്മൂട്ടി ഒരു റോക്ക് സ്റ്റാറാണ്. മോഹന്‍ലാലും റോക്ക് സ്റ്റാറാണ്, പക്ഷേ ഞാന്‍ ഇതുവരെ അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ല. വീട്ടില്‍ ഒരു വലിയ മോഹന്‍ലാല്‍ ഫാനുണ്ട്. എപ്പോഴും പ്രശ്‌നമാണ്. കോബ്ര കണ്ടാലും ഇതൊക്കെ എന്ത്, മോഹന്‍ലാലിത് സിമ്പിളായി ചെയ്യുമെന്ന് പറയും. എന്റെ വില്ലന്‍ വീട്ടില്‍ തന്നെയുണ്ട്.

ഇപ്പോള്‍ എനിക്ക് മലയാളം കുറച്ചൊക്കെ അറിയാം. മുമ്പാണെങ്കില്‍ മലയാളം ഒട്ടും അറിയില്ലായിരുന്നു. അപ്പോള്‍ സദയം ഉള്‍പ്പെടെയുള്ള മോഹന്‍ലാലിന്റെ സിനിമകള്‍ കാണാന്‍ തുടങ്ങി. കിലുക്കം പോലുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ എന്ത് മനോഹരമാണ്. അതൊക്കെ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയം ഒരുപാട് ഇഷ്ടമാണ്. മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ എനിക്ക് ചാന്‍സ് കിട്ടുമായിരിക്കും. അദ്ദേഹത്തിന്റെ അഭിനയം ഇഷ്ടമാണ്,’ വിക്രം പറഞ്ഞു.

‘കോബ്രയെ പറ്റി പറയാന്‍ ഒന്നുമില്ല. കാരണം ട്രെയ്‌ലര്‍ നിങ്ങള്‍ കണ്ടു. ഇനിയും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ സിനിമയും കാണും. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. പക്ഷേ എന്‍ജോയ് ചെയ്തിട്ടുമുണ്ട്. അഭിനയത്തില്‍ പാഷനേറ്റ് ആയിട്ടുള്ള ആളുകളാണ് ഈ സിനിമയിലുള്ളത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 31നാണ് കോബ്ര റിലീസ് ചെയ്യുന്നത്. ആര്‍. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ റോഷന്‍ മാത്യു, മിയ ജോര്‍ജ് എന്നിവരും പ്രാധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: vikram said that because his wife is a big Mohanlal fan, there is always a fight at home

We use cookies to give you the best possible experience. Learn more