കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍.
ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ത്രില്ലിംഗ് മോഡിലാണ് ഷൂട്ടിംഗ് രംഗങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഫഹദ് ഫാസിലും, കമല്‍ഹാസനും, വിജയ് സേതുപതിയും, ലോകേഷ് കനകരാജും ഈ വീഡിയോയിലുണ്ട്. വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ജൂണ്‍ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മാര്‍ച്ച് രണ്ടിന് ഷൂട്ടിംഗ് അവസാനിച്ച വിവരം അറിയിച്ച് പുറത്ത് വിട്ട വീഡിയോയും ശ്രദ്ധ നേടിയിരുന്നു. 110 ദിവസം നീണ്ടു നിന്ന ഷൂട്ടിംഗ് അവസാനിച്ച വിവരം ലോകേഷ് തന്നെയാണ് അറിയിച്ചത്.
ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ വെടിവെക്കുന്നതും, തരംഗമായ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ ‘പാര്‍ട്ടി ഇല്ലേ പുഷ്പാ’ എന്ന് ചോദിക്കുന്നതും പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു എന്ന് പറഞ്ഞ് അണിയറപ്രവര്‍ത്തകര്‍ ആഘോഷിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് നേരത്തെ സ്വന്തമാക്കിയിരുന്നു. വന്‍ തുകയ്ക്കാണ് കമല്‍ഹാസന്‍ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയത്.
അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പി.ആര്‍.ഒ ഡയമണ്ട് ബാബു. ശബ്ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.
വിക്രത്തിന് ശേഷം വിജയ്‌യുമായി വീണ്ടും ലോകേഷ് കനകരാജ് ഒന്നിക്കുന്ന ചിത്രവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മാസ്റ്ററാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച ചിത്രം. ദളപതി 67 എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2022 അവസാനത്തോടെ ആയിരിക്കും ആരംഭിക്കുക.
എന്നാല്‍ പതിവ് വിജയ് ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി നായികയോ ഗാനരംഗങ്ങളോ ഇല്ലാതെ ആയിരിക്കും സിനിമ ഒരുക്കുന്നത് എന്നാണ് ചിത്രവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlight: Vikram’s Making Video