മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം വലിയ വിജയമാണ് നേടിയത്.
ചിത്രം റിലീസിനോടടുക്കുമ്പോള്‍ പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങള്‍. കൊച്ചിയിലും പൊന്നിയില്‍ സെല്‍വന്‍ ടീം പ്രൊമോഷനായി എത്തിയിരുന്നു. പ്രസ് മീറ്റിനിടയില്‍ ബ്ലെസിയുടെ ആടുജീവിതം സിനിമയുമായി ബന്ധപ്പെട്ട് വിക്രം നല്‍കി മറുപടി ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ആടുജീവിതം ട്രെയ്‌ലര്‍ കണ്ടപ്പോള്‍ എന്തുതോന്നി എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘വളരെ നന്നായി. എനിക്ക് ഇഷ്ടപ്പെട്ടു. വളരെ കഴിവുള്ള സംവിധായകനാണ് ബ്ലെസി. ബ്ലെസിയുടെ ആദ്യ ചിത്രം കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ കുറെ പ്ലാനിങ് നടന്നതാണ്. പക്ഷേ എനിക്ക് വേറെ കുറെ പടങ്ങള്‍ വന്നതുകൊണ്ട് നടന്നില്ല. പാര്‍ട്ട് ടുവില്‍ ഞാനുണ്ടാവും. ഞാന്‍ ആടായിട്ട് വരും,’ വിക്രത്തിന്റെ മറുപടി കേട്ട് സദസിലാകെ ചിരി പടര്‍ന്നു. ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യാനിരുന്ന കര്‍ണന്‍ ഇപ്പോഴും ചര്‍ച്ചകളിലുണ്ടെന്നും വിക്രം പറഞ്ഞു.