സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറ. കപ്പേളക്ക് ശേഷം മുസ്തഫ ചെയ്യുന്ന ചിത്രമാണിത്. മുറയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇപ്പോള്‍ മുറയുടെ ട്രെയ്‌ലറിനെ അഭിനന്ദിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിയാന്‍ വിക്രം. ട്രെയ്‌ലര്‍ കണ്ടതിനു ശേഷം അദ്ദേഹം മുറയിലെ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചു.
വിക്രത്തിന്റെ പുതിയ ചിത്രമായ വീര ധീര ശൂരന്റെ മധുര ലൊക്കേഷനില്‍ മുറയിലെ താരങ്ങളായ ഹ്രിദ്ധു ഹാറൂണ്‍,സുരാജ് വെഞ്ഞാറമ്മൂട്, മാല പാര്‍വതി, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, തുടങ്ങിയ താരങ്ങളും സംവിധായകന്‍ മുസ്തഫ, തിരക്കഥാകൃത്ത് സുരേഷ് ബാബു, ക്യാമറാമാന്‍ ഫാസില്‍ നാസര്‍, സംഗീത സംവിധായകന്‍ ക്രിസ്റ്റി ജോബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റോണി സക്കറിയ, തുടങ്ങിയവരും അദ്ദേഹത്തെ നേരിട്ട് ചെന്ന് കാണുകയായിരുന്നു.
ആക്ഷന്‍ ഡ്രാമ ഴോണറിലുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ തന്നെ മനോഹരമെന്നും നവംബര്‍ എട്ടിന് റിലീസാകുന്ന ചിത്രം തിയേറ്ററിലും വന്‍ വിജയം ആകട്ടേയെന്നും അദ്ദേഹം ആശംസിച്ചെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. മുറയിലെ താരങ്ങളോടും അണിയറപ്രവര്‍ത്തകരോടും ഏറെ നേരം ചിത്രത്തെക്കുറിച്ച് സംസാരിച്ച ചിയാന്‍ മുറയിലൂടെ മലയാള സിനിമാ ലോകത്തെത്തുന്ന യുവ താരങ്ങളുടെ പ്രകടനത്തെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
ക്യാന്‍ ഫിലിം ഫെസ്റ്റിവലിലെ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് ചിത്രത്തിലും തമിഴ് ഹിന്ദി ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ചവച്ച യുവ താരം ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം തലസ്ഥാനനഗരിയില്‍ നടന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
കനി കുസൃതി, കണ്ണന്‍ നായര്‍, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കന്നത്. മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.