| Sunday, 11th February 2024, 8:43 pm

ഗാന്ധിമഹാന്‍ വീണ്ടും വരുമോ? സൂചനയുമായി വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് എന്നും പ്രേക്ഷകരെ അമ്പരപ്പിച്ച താരമാണ് തമിഴ് നടന്‍ വിക്രം. 1990ല്‍ എന്‍ കാതല്‍ കണ്മണി എന്ന സിനിമയിലൂടെ അഭിനയജീവിതം തുടങ്ങിയ വിക്രം നിരവധി സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തും, ഡബ്ബിങ് ആര്‍ട്ടിസ്റ്റായും കരിയര്‍ മുന്നോട്ടു കൊണ്ടുപോയി. 1999ല്‍ ബാലാ സംവിധാനം ചെയ്ത സേതു എന്ന സിനിമയാണ് താരത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. പിന്നീട് നിരവധി ഹിറ്റ് സിനിമകളിലൂടെ തമിഴിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായി മാറി. 2003ല്‍ പിതാമകന്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും താരം നേടി.

ഒരു സിനിമയില്‍ തന്നെ പലതരം വേഷപ്പകര്‍ച്ചകളിലൂടെ എന്നും അമ്പരപ്പിച്ച നടനായ വിക്രം 2016ന് ശേഷം സ്‌ക്രിപ്റ്റ് സെലക്ഷന്റെ കാര്യത്തില്‍ പിന്നോട്ട് പോവുകയും തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുകയും ചെയ്തു. 2021ല്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാന്‍ എന്ന സിനിമ താരത്തിന്റെ തിരിച്ചുവരവായി. ഒ.ടി.ടി റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമും മഹാനില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

ചിത്രത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിക്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയം. മഹാന്‍ സിനിമയിലെ ഗാന്ധിമഹാന്‍ എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ ‘മഹാന്‍2?’ എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്നാണ് രണ്ടാം ഭാഗത്തിന്റെ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജോ ചിത്രത്തിന്റെ നിര്‍മാതാക്കളോ അറിയിച്ചിട്ടില്ല.

ചിത്ത എന്ന സിനിമക്ക് ശേഷം എസ്്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിക്കുന്നത്. വിഖ്യാത സംവിധായകന്‍ മണിരത്‌നത്തിന്റെ സ്വപ്‌നസിനിമയായ പൊന്നിയിന്‍ സെല്‍വനാണ് വിക്രത്തിന്റെ അവസാന റിലീസ്. ചിത്രത്തിലെ ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Content Highlight: Vikram posted about Mahaan second part

Latest Stories

We use cookies to give you the best possible experience. Learn more