| Saturday, 21st September 2024, 9:25 am

ആ മലയാള ചിത്രത്തിന്റെ റീമേക്കിന് ശേഷം എനിക്ക് വായിക്കാനോ ടി.വി കാണാനോ പറ്റില്ലായിരുന്നു, അതെന്റെ ഐ സൈറ്റിനെ ബാധിച്ചു: വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കലാഭവൻ മണിയുടെ അഭിനയ ജീവിതത്തിൽ വലിയ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ രാമുവെന്ന കഥാപാത്രം. വിനയൻ സംവിധാനം ചെയ്ത ചിത്രം വലിയ വിജയമാവുകയും ദേശീയ അവാർഡിൽ പ്രത്യേക ജൂറി പരാമർശമടക്കം നേടുകയും ചെയ്തിരുന്നു.

സിനിമയുടെ വിജയത്തിന് പിന്നാലെ ചിയാൻ വിക്രമിനെ നായകനാക്കി വിനയൻ തമിഴിലും സിനിമയുടെ റീമേക്ക് ഒരുക്കിയിരുന്നു. കാശി എന്നായിരുന്നു ചിത്രത്തിന്റെ പേര്. കാശിയും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

കാശിയിൽ അഭിനയിക്കുമ്പോൾ കൃഷ്ണമണി കാണിക്കാതെ അഭിനയിക്കാനാണ് സംവിധായകൻ പറഞ്ഞതെന്നും അത് വളരെ പ്രയാസമായിരുന്നുവെന്നും വിക്രം പറയുന്നു. ഒന്നും കാണാത്തതുകൊണ്ട് ഓരോ ഷോട്ടിലും എങ്ങോട്ട് നോക്കണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ചിത്രത്തിന് ശേഷം മൂന്ന് മാസത്തോളം തനിക്ക് വായിക്കാനോ ടി.വി കാണാനോ കഴിയില്ലായിരുന്നുവെന്നും വിക്രം പറഞ്ഞു.

‘ഞാൻ കാശി എന്നൊരു സിനിമ ചെയ്തിട്ടുണ്ട്. അതിൽ കണ്ണ് കാണാത്ത ഒരാളായാണ് ഞാൻ അഭിനയിക്കുന്നത്. ഒരു മലയാള സിനിമയുടെ റീമേക്ക് ആയിരുന്നു കാശി. ആ മലയാള സിനിമയിൽ കഥാപാത്രത്തിന്റെ കൃഷ്ണമണി കാണുന്നുണ്ട്. എന്നാൽ സംവിധായകൻ എന്നോട് പറഞ്ഞു, നമ്മുടെ കഥാപത്രത്തിന്റെ കൃഷ്ണമണി കാണിക്കണ്ടായെന്ന്.

എന്നോട് അത് മുകളിലേക്ക് ആക്കി വെക്കാൻ പറഞ്ഞു. അത് ശരിക്കും തെറ്റാണ്. ആ സിനിമ ചെയ്യാൻ വേണ്ടി മാത്രം ഞാൻ അത് ചെയ്യാൻ ശ്രമിച്ചുനോക്കി. കണ്ണ് അങ്ങനെ ഹോൾഡ് ചെയ്യാൻ എനിക്ക് ഒരു സെക്കന്റ് എടുത്തു, പിന്നെയത് രണ്ടായി അഞ്ചായി ഒരു മിനിറ്റായി. പിന്നെ ഞാൻ കണ്ണിൽ ഗ്ലിസറിനൊക്കെ ആക്കി നോക്കി. എല്ലാം കഴിഞ്ഞ് ഒടുവിൽ ഞാൻ എന്റെ സംവിധായകനെ കണ്ടു.

ഈ സിനിമ ചെയ്യാൻ ഞാൻ തയ്യാറാണെന്ന് പറഞ്ഞു. അദ്ദേഹം എന്നോട് വീണ്ടും ചോദിച്ചു, ഈ സിനിമ ചെയ്യാൻ കഴിയുമോയെന്ന്, ഞാൻ അതെയെന്ന് പറഞ്ഞു. അദ്ദേഹത്തിന് സന്തോഷമായി. പക്ഷെ അദ്ദേഹം എന്നോട് ചോദിച്ചത്, ഒരു ഷോട്ട് എടുക്കുമ്പോൾ നീ എങ്ങോട്ടാണ് നോക്കുകയെന്നാണ്.

കാരണം എനിക്ക് ക്യാമറ കാണാൻ പറ്റില്ലായിരുന്നു. ഞാൻ പറഞ്ഞു, ഏത് സൈഡിലേക്കാണോ ഞാൻ ഇരിക്കുന്നത് ആ ഭാഗത്ത് ക്യാമറ വെച്ചോള്ളൂവെന്ന്. ഷോട്ട് കഴിഞ്ഞ ശേഷം മാത്രമേ ഞാൻ എന്റെ കൃഷ്ണമണി താഴോട്ട് ആകുകയുള്ളൂ. ആ ഷോട്ടിൽ ആരെങ്കിലും എന്തെങ്കിലും തെറ്റിച്ചാൽ സീൻ മൊത്തം വീണ്ടും എടുക്കേണ്ടി വരും.

ആ സിനിമയ്ക്ക് ശേഷം ഒരു മൂന്ന് മാസത്തോളം എനിക്ക് വായിക്കാനോ ടി.വി കാണാനോയൊന്നും പറ്റില്ലായിരുന്നു. അത് ശരിക്കും എന്റെ ഐ സൈറ്റിനെ ബാധിച്ചിരുന്നു,’വിക്രം പറയുന്നു.

Content Highlight: Vikram About Tamil Remake Of Vasanthiyum Lkshmiyum Pinne Njanum Movie

Latest Stories

We use cookies to give you the best possible experience. Learn more