|

അവളുടെ ഇഷ്ടം നേടാൻ പണ്ടൊക്കെ ഞാൻ ലാലേട്ടനെ പോലെ നടന്നിട്ടുണ്ട്: വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് വിക്രം. സഹനടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും കരിയര്‍ ആരംഭിച്ച നടനാണ് വിക്രം. ബാല സംവിധാനം ചെയ്ത സേതുവാണ് വിക്രമിന്റെ കരിയര്‍ മാറ്റിമറിച്ചത്.

കൊമേഷ്‌സ്യല്‍ സിനിമകളിലൂടെയും കണ്ടന്റ് വാല്യൂവുള്ള സിനിമകളിലൂടെയും തമിഴിലെ മുന്‍നിരയിലേക്ക് അതിവേഗം നടന്നുകയറുന്ന വിക്രമിനെയാണ് പിന്നീട് കാണാന്‍ സാധിച്ചത്. ബാലയുമായി രണ്ടാമത് ഒന്നിച്ച പിതാമകനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ചിയാന്‍ സ്വന്തമാക്കി.

മലയാളിയായ തന്റെ പാർട്ണർ ഒരു മോഹൻലാൽ ഫാനായിരുന്നുവെന്നും അവളുടെ ഇഷ്ടം നേടാൻ പണ്ടെല്ലാം താൻ മോഹൻലാലിനെ പോലെ നടക്കുമായിരുന്നുവെന്നും വിക്രം പറയുന്നു. തന്റെ കരിയറിലെ മികച്ച ചിത്രം ഐ ആണെന്നും അതുവരെ അന്യനായിരുന്നുവെന്നും വിക്രം പറയുന്നു. ഐയിലെ തന്റെ പെർഫോമൻസ് കണ്ട് രജിനികാന്ത് തന്റെ ഡെഡിക്കേഷനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും വിക്രം കൂട്ടിച്ചേർത്തു.

‘ആരാധന പിടിച്ചുവാങ്ങാൻ കഴിയില്ലല്ലോ. മകൻ വിജയ് ഫാനാണ്. അതിനുശേഷമേ എനിക്ക് സ്ഥാനമുള്ളൂ. അപ്പയെപ്പോലെ സിനിമയെ അവർക്ക് ബഹുമാനിക്കാനറിയാം. ആരെങ്കിലും സിനിമയെ വിമർശിച്ചാൽ അവൻ സീരിയസ്സായി ചൂടാകുന്നത് കാണാം. ലാലേട്ടൻ്റെ ഫാനായിരുന്നു തലശ്ശേരിക്കാരിയായ എന്റെ ഭാര്യ. ആ ഇഷ്ടം പകുത്തെടുക്കാൻ ഞാനും പണ്ടൊക്കെ ലാലേട്ടനെപ്പോലെ നടന്നിട്ടുണ്ട്. ‘ഐ’ കണ്ടപ്പോൾ അവൾ സ്നേഹത്തോടെ എന്നെ ചേർത്തുപിടിച്ചിരുന്നു.

തീർച്ചയായും എൻ്റെ കരിയറിലെ മികച്ച ചിത്രമാണ് ‘ഐ’. അതുവരെ ശങ്കർ സാറിന്റെ അന്യനായിരുന്നു എൻ്റെ പ്രിയ ചിത്രം. ‘ഐ’ വന്നപ്പോൾ അതുക്കും മേലെയായി. ഒരു ചിത്രത്തിൽ തന്നെ ബോഡി ബിൽഡർ, മോഡൽ, കൂനൻ എന്നീ മൂന്ന് മുഖങ്ങൾ കിട്ടി. അത്രയും സ്കോപ്പ് ഐ എനിക്ക് തന്നില്ലേ.

രജനികാന്ത് സാറിൻ്റെ വലിയ ആരാധകനാണ് ഞാൻ. ഐ ചിത്രം കണ്ട് രജിനി സാർ പറഞ്ഞു. ‘ഒരു സിനിമയ്ക്കു വേണ്ടി, ആ ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി ഇത്രയും കഷ്ടപ്പെടുന്ന ഒരു നടൻ ഇന്ത്യൻ സിനിമയിലും ലോക സിനിമയിലും ഞാൻ കണ്ടിട്ടില്ല’. ഒരു നായകനടൻ മറ്റൊരു നായക നടന് നൽകുന്ന അംഗീകാരമാണത്. അതിൽപ്പരം മറ്റെന്ത് വേണം,’വിക്രം പറയുന്നു.

Content Highlight: Vikram About Mohanlal And Rajinikanth