2018ലാണ് വിക്രത്തെ നായകനാക്കി ‘മഹാവീര്‍ കര്‍ണന്‍’ എന്ന സിനിമ സംവിധാനം ചെയ്യുന്ന വിവരം ആര്‍.എസ്. വിമല്‍ പ്രഖ്യാപിച്ചത്. മഹാഭാരതത്തിലെ ഐതിഹാസിക കഥാപാത്രം കര്‍ണനെ ആസ്പദമാക്കിയുള്ള ചിത്രത്തിന് മേല്‍ വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഇടക്ക് ഈ ചിത്രത്തില്‍ നിന്നും വിക്രം പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കര്‍ണനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാതിരുന്നതോടെ ചിത്രത്തെ പറ്റിയുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളും അവസാനിച്ചിരുന്നു.
എന്നാല്‍ ഈ ചിത്രം ഇനിയും സംഭവിക്കാനുള്ള സാധ്യതയെ സജീവമാക്കുകയാണ് പൊന്നിയില്‍ സെല്‍വന്‍ പ്രെസ് മീറ്റിലെ വിക്രത്തിന്റെ പരാമര്‍ശങ്ങള്‍. കര്‍ണന്‍ സിനിമയെ പറ്റി ചോദിച്ചപ്പോള്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് വിക്രം പറഞ്ഞത്. ഇതോടെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ ഇറങ്ങാന്‍ കാത്തിരുന്ന ചിത്രം ഇനിയും സംഭവിക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്.
പൃഥ്വിരാജ് ബ്ലസി കൂട്ടുകെട്ടിന്റെ ആടുജീവിതത്തെ പറ്റിയുള്ള വിക്രത്തിന്റെ രസകരമായ പരാമര്‍ശങ്ങളും സദസില്‍ ചിരി പടര്‍ത്തി. ‘വളരെ കഴിവുള്ള സംവിധായകനാണ് ബ്ലെസി. ബ്ലെസിയുടെ ആദ്യ ചിത്രം കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ കുറെ പ്ലാനിങ് നടന്നതാണ്. പക്ഷേ എനിക്ക് വേറെ കുറെ പടങ്ങള്‍ വന്നതുകൊണ്ട് നടന്നില്ല. പാര്‍ട്ട് ടുവില്‍ ഞാനുണ്ടാവും. ഞാന്‍ ആടായിട്ട് വരും,’ വിക്രം പറഞ്ഞു.
ഏപ്രില്‍ 28നാണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്യുന്നത്. ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ കൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുമ്പോള്‍ ശരത് കുമാര്‍, പ്രഭു, ജയറാം, ലാല്‍, കിഷോര്‍, ശോഭിത ധൂലിപാല തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്.
ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
രവി വര്‍മന്‍ ഛായാഗ്രഹണവും തോട്ടാ ധരണി കലാ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.