വിക്രമും മകന്‍ ധ്രുവ് വിക്രവും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് മഹാന്‍. ഫെബ്രുവരി 11 ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രഖ്യാപന സമയം മുതലേ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കാര്‍ത്തിക് സുബ്ബരാജാണ് മഹാന്‍ സംവിധാനം ചെയ്യുന്നത്.
വിക്രമും ധ്രുവും ഒന്നിച്ച് സ്‌ക്രീനിലെത്തുമ്പോഴുള്ള കൗതുകം പ്രേക്ഷകര്‍ക്കുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
ധ്രുവുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ എങ്ങനെയുണ്ടാകുമെന്നതായിരുന്നു തന്റേയും ആശങ്കയെന്നും എന്നാല്‍ കാര്‍ത്തിക് അത് നന്നായി ചെയ്തുവെന്നും പറയുകയാണ് വിക്രം. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് വിക്രത്തിന്റെ പ്രതികരണം.
‘കാര്‍ത്തിക്കിന്റെ സിനിമകള്‍ സാധാരണ ഒരു ഹീറോ-വില്ലന്‍ സിനിമ സ്‌റ്റൈലിലല്ല പോകുന്നത്. ഒരുപാട് കഥാപാത്രങ്ങളുണ്ടാകും. ഏതാണ് കൂടുതല്‍ നല്ലതെന്ന് പറയാന്‍ പറ്റില്ല. ധ്രുവിനൊപ്പം ആദ്യമായി അഭിനയിക്കുകയാണ്. ധ്രുവും ഞാനും ഒന്നിച്ച് വരുന്ന രംഗങ്ങള്‍ എങ്ങനെയിരിക്കും എന്നതായിരുന്നു എന്റെ ആശങ്ക.
കാര്‍ത്തിക് അത് എങ്ങനെ ബാലന്‍സ് ചെയ്യുമെന്ന് അറിയില്ലായിരുന്നു എന്നാല്‍ സിനിമ കണ്ടപ്പോള്‍ സന്തോഷമായി. കാര്‍ത്തിക് അത് വളരെ നന്നായി ചെയ്തു. ഒരു അഭിനേതാവില്‍ നിന്നും പരമാവധി പ്രകടനം പുറത്തെത്തിക്കുന്നതില്‍ കാര്‍ത്തിക്കിന് പ്രത്യേക കഴിവുണ്ട്,’ വിക്രം പറഞ്ഞു.
വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് മഹാന്‍. ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമാണ് മഹാന്‍. സിമ്രാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ബോബി സിംഹ, വാണി ഭോജന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സേതുപതി, മാരി 2, ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരം രാഘവനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Content Highlight: vikram about his scenes with dhruv