|

ഐശ്വര്യക്കാണ് ഞങ്ങളേക്കാള്‍ സെന്തമിഴ് പറയാന്‍ എളുപ്പം, അതിനൊരു കാരണമുണ്ട്: വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണി രത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. പീരിയഡ് ഡ്രാമയായ ചിത്രത്തില്‍, തമിഴ്‌നാട്ടില്‍ പണ്ട് സംസാരിച്ചുവന്നിരുന്ന സെന്തമിഴിലാണ് സംഭാഷണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ചിത്രത്തില്‍ നന്ദിനി എന്ന പ്രധാന സ്ത്രീ കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ചിരിക്കുന്നത് ഐശ്വര്യ റായ് ആണ്. പരിചിതമല്ലാത്ത ഭാഷയായിട്ട് പോലും ഐശ്വര്യ ഇത് അസാധ്യമായി കൈകാര്യം ചെയ്യുന്നതിനേക്കുറിച്ച് സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റില്‍ ചോദ്യമുയര്‍ന്നിരുന്നു. വിക്രമായിരുന്നു ഇതിന് മറുപടി നല്‍കിയിരുന്നത്.

‘ഐശ്വര്യ സെന്തമിഴിലാണ് പൊന്നിയിന്‍ സെല്‍വത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സെന്തമിഴ് പണ്ട് ഉണ്ടായിരുന്ന ക്ലാസിക് തമിഴാണ്. ഞങ്ങള്‍ക്ക് അത് പറയാന്‍ ബുദ്ധിമുട്ടാണ്. ഐശ്വര്യക്ക് അത് എളുപ്പമായിരുന്നു, കാരണം അവര്‍ക്ക് തമിഴ്, തെലുങ്ക്, സെന്തമിഴ് എല്ലാം ഒന്നാണ്.

അവര്‍ക്ക് അറിയാത്ത ഭാഷയായത് കൊണ്ട് അത് ഓര്‍ത്ത് വെച്ചാല്‍ മതി. ഞങ്ങള്‍ക്കാണ് അത് പ്രശ്നമാകുന്നത്. കാരണം, നോര്‍മല്‍ തമിഴില്‍ ഇങ്ക വാ, അങ്കെ പോ എന്നൊക്കെയാണ്. സെന്തമിഴില്‍ ഇങ്ക വാറിങ്ക്ള്‍, എന്നാണ് പറയുക അപ്പോള്‍ നമുക്ക് പെട്ടെന്ന് ഒരു ബ്ലോക്ക് വരും . ഐശ്വര്യക്കത് വരില്ല. കൂടാതെ അവര്‍ക്ക് അസാധ്യ മെമ്മറി പവറാണ്, ” വിക്രം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പൊന്നിയിന്‍ സെല്‍വനിലെ പുതിയ ഗാനം റിലീസായത്. അതിമനോഹരമായ വിഷ്വല്‍സുമായാണ് അലൈകടല്‍ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ എത്തിയിരുന്നത്.

എ.ആര്‍. റഹ്മാന്റെ സംഗീതത്തില്‍ അനന്താരാ നന്ദിയാണ് അലൈകടല്‍ പാടിയിരിക്കുന്നത്. ശിവ ആനന്ദാണ് വരികള്‍ എഴുതിയിരിക്കുന്നത്. വെങ്കിയാണ് ലിറിക് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

കടലും കടലിന്റെ നടുവിലൂടെ നീങ്ങുന്ന പായ് വഞ്ചിയുമാണ് വീഡിയോയിലുള്ളത്. ഈ ലിറിക്കല്‍ വീഡിയോ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കും. കാരണം ഐശ്വര്യ ലക്ഷ്മിയാണ് ഈ പാട്ടിലെ താരം.

പ്രശസ്ത സാഹിത്യകാരന്‍ കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബര്‍ 30നാണ് റിലീസ് ചെയ്യുന്നത്.

125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം ആമസോണിന് വിറ്റുപോയത്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ് ആരംഭിക്കുക.

Content Highlight: Vikram about Aishwarya Rai in Ponniyin Selvan