കാവേരി പ്രശ്‌നം: പ്രതിഷേധത്തിന്റെ ഭാഗമായി വൈകോയുടെ സഹോദരി പുത്രന്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍
Cauvery water issue
കാവേരി പ്രശ്‌നം: പ്രതിഷേധത്തിന്റെ ഭാഗമായി വൈകോയുടെ സഹോദരി പുത്രന്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th April 2018, 12:39 pm

ചെന്നൈ: കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ് രാഷ്ട്രീയ പാര്‍ട്ടിയായ എം.ഡി.എം.കെ സ്ഥാപകനായ വൈകോയുടെ സഹോദരി പുത്രന്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ശരീരത്തില്‍ 90 ശതമാനത്തിലധികം പൊള്ളലേറ്റ 25കാരനായ ശരവണ സുരേഷ് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

അതേസമയം കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കര്‍ണാടകം, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവരുമായി കാവേരി ജലം പങ്കുവെക്കുന്നത് സംബന്ധിച്ച പദ്ധതി രേഖ മെയ് മൂന്നിനുള്ളില്‍ കേന്ദ്രം തയ്യാറാക്കണമെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ALSO READ:

എപ്പോഴും ചൈനയുമായി താരതമ്യം ചെയ്യുന്നത് ഇന്ത്യയോട് കാണിക്കുന്ന അന്യായം: രഘുറാം രാജന്‍


തമിഴ്നാടിന്റെ നിലവിലെ അവസ്ഥ മനസ്സിലാക്കുന്നുവെന്നാണ് കോടതി പറഞ്ഞത്. മാത്രമല്ല നദീജല വിഷയവുമായി ബന്ധപ്പെട്ട പദ്ധതി വേഗത്തില്‍ നടപ്പിലാക്കാത്ത കേന്ദ്രസര്‍ക്കാരിന് കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

അതേസമയം കര്‍ണാടകയുമായുള്ള നദീജല തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ശരവണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വൈകോ ആരോപിച്ചു. നിലവിലെ സാഹചര്യത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ ആത്മഹത്യ പോലുള്ള രീതികളിലേക്ക് പ്രതിഷേധക്കാര്‍ പോകരുതെന്നും വൈകോ ആവശ്യപ്പെട്ടു.