| Monday, 20th July 2020, 1:48 pm

വിവാദങ്ങള്‍ക്കിടെ വികാസ് ദുബെയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; വെടിയേറ്റത് ആറ് തവണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ:പൊലീസ് കസ്റ്റഡിയിലിരിക്കെ ജൂലൈ 20 ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്രസിദ്ധ മാഫിയ സംഘത്തലവന്‍ വികാസ് ദുബെയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.

ഏറ്റുമുട്ടലിനിടെ ആറ് തവണ ദുബെയ്ക്ക് വെടിയേറ്റതായും വെടിയുണ്ടകളില്‍ മൂന്ന് എണ്ണം ശരീരത്തില്‍ തുളച്ചുകയറിയതായും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

വെടിയുണ്ടകള്‍ മൂലം ഉണ്ടായ ആറ് പരിക്കുകള്‍ ഉള്‍പ്പെടെ ആകെ 10 പരിക്കുകള്‍ ദുബെയുടെ ശരീരത്തില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് വെടിയുണ്ടകള്‍ ദുബെയുടെ നെഞ്ചിന്റെ ഇടതുവശത്തുകൂടി തുളച്ചുകയറി, ഒന്ന് തോളിന്റെ വലതുവശത്തുകൂടി കടന്നുപോയി. എന്നാല്‍ എത്ര ദൂരത്തുനിന്നാണ് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചുകയറിയതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല, എന്നാല്‍ എല്ലാ ബുള്ളറ്റുകളും മുന്നില്‍ നിന്നാണെന്നും അതുകൊണ്ടുതന്നെ ദുബെയും എസ്.ടി.എഫുമായി സംഘട്ടനം നടന്നതായുള്ള സൂചന ഉണ്ടെന്നും പറയുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയുള്ള പരിക്കുകള്‍ ഉണ്ടെന്നും സൂചിപ്പിക്കുന്നു.

വെടിയുണ്ടകള്‍ മൂലമുണ്ടായ പരിക്കുകള്‍ മരണത്തിന് കാരണമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വികാസ് ദുബെ കൊല്ലപ്പെട്ടത് വ്യാജഏറ്റുമുട്ടലിലാണെന്ന് വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

മധ്യപ്രദേശില്‍വെച്ച് അറസ്റ്റിലായ ദുബെയെ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുവരുംവഴിയാണ് പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെടുന്നത്. ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നു എന്നുമാണ് യു.പി പൊലീസ് നേരത്തെ പറഞ്ഞിരുന്നത്. സുപ്രീംകോടതിയിലും ഇതേവാദമാണ് പൊലീസ് പറഞ്ഞത്.

ഉത്തര്‍പ്രദേശിലെ എട്ട് പൊലീസുകാരെ കൊലപ്പെട്ടുത്തിയ കേസിലെ പ്രതിയായ ദുബെ ജൂലൈ 9 വ്യാഴാഴ്ചയാണ് മധ്യപ്രദേശില്‍വെച്ച് പിടിയിലായത്. വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയില്‍വെച്ച് ദുബെ കൊല്ലപ്പെട്ടത്.

എന്നാല്‍ പൊലീസ് നടപടിക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണ് പൊലീസ് ദുബെയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതെന്നാണ് പ്രധാനമായും ഉയര്‍ന്നുവന്ന വിമര്‍ശനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more