കാണ്‍പൂര്‍: കഴിഞ്ഞ കുറച്ചു നാളുകളായി ഇരുട്ടുവീണു കഴിഞ്ഞാല്‍ പിന്നെ യു.പിയിലെ ബിക്രു ഗ്രാമത്തിലെ ആളുകള്‍ പുറത്തിറങ്ങില്ല. വീടിനുള്ളില്‍ കയറി വീട് പൂട്ടി അകത്തിരിക്കുന്നതാണ് ഇപ്പോള്‍ ഇവരുടെ രീതി. രാത്രി കാലങ്ങളിലുള്ള കൂടിച്ചേരലുകളോ സംസാരങ്ങളോ കവലകളില്‍ നടക്കാറില്ല.
ഇതിന് പിന്നിലുള്ള കാരണം കേട്ടാല്‍ അതിശയം തോന്നിയേക്കാം. പ്രേതശല്യമാണ് നാട്ടുകാരെ അലട്ടുന്ന വിഷയം. ഗ്രാമത്തിലുള്ള പലരും കുറച്ചുനാളുകളായി അസ്വാഭാവികമായ ചില കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു എന്നാണ് ഇവരുടെ പരാതി. യു.പി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ വികാസ് ദുബെയേയും കൂട്ടരുമാണ് തങ്ങളുടെ ഉറക്കം കെടുത്തുന്നത് എന്നാണ് നാട്ടുകാരുടെ പരാതി.
ബിക്രുവില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവം നടന്നിട്ട് ഏകദേശം രണ്ടര മാസം പിന്നിടുകയാണ്. എങ്കിലും അന്ന് കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ഇപ്പോഴും രാത്രികാലങ്ങളില്‍ വെടിയൊച്ച കേള്‍ക്കാറുണ്ടെന്നാണ് ഗ്രാമവാസികളായ പലരും പറയുന്നത്. യു.പി പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ വികാസ് ദുബെയുടെ പ്രേതത്തെ പോലും കണ്ടെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്.
ബിക്രുവില്‍ ഏഴ് പൊലീസുകാരെ വികാസ് ദുബെയുടെ സംഘം കൊലപ്പെടുത്തിയതിന് പിന്നാലെ ജൂലൈ 2, 3 തീയതികളിലായിട്ടായിരുന്നു ബിക്രുവിലുള്ള ദുബെയുടെ വസതിയും വാഹനങ്ങളും പൊലീസ് ഇടിച്ചുതകര്‍ക്കുന്നത്. എന്നാല്‍ ഈ തകര്‍ന്നുകിടക്കുന്ന കെട്ടിടത്തിനുള്ളില്‍ വികാസ് ദുബെ ഇരിക്കുന്നതായി പലപ്പോഴും തങ്ങള്‍ കണ്ടിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
‘അദ്ദേഹം അവിടെ ഇരിക്കുന്നതും പുഞ്ചിരിക്കുന്നതും ഞങ്ങള്‍ കണ്ടിട്ടുണ്ട്. അദ്ദേഹം ഞങ്ങളോട് എന്തോ പറയാന്‍ ശ്രമിക്കുന്നത് പോലെയാണ് തോന്നിയത്. സ്വന്തം മരണത്തിന് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം കരുതിയത് പോലെയാണ് തോന്നുന്നത്’ ഗ്രാമത്തിലെ ഒരു വൃദ്ധന്റെ വാക്കുകളാണ് ഇത്. വികാസ് ദുബെയുടെ തകര്‍ന്ന വീടിനടുത്ത് താമസിക്കുന്ന ഒരു കുടുംബം ദുബെയുടെ വീട്ടില്‍ നിന്നും നിരവധി ശബ്ദങ്ങള്‍ കേള്‍ക്കുന്നു എന്നാണ് അവകാശപ്പെടുന്നത്.
‘ഒന്നിലധികം തവണ അവിടെ നിന്നും ആളുകളുടെ സംസാരം കേട്ടിട്ടുണ്ട്. ചില ചിരികളും മറ്റും വ്യക്തമല്ലാത്ത രീതിയില്‍ കേട്ടിട്ടുണ്ട്. വികാസ് ജീവിച്ചിരുന്ന സമയത്തും ആ വീട്ടില്‍ നിന്നുള്ള സംഭാഷണങ്ങളും ശബ്ദങ്ങളുമെല്ലാം ഞങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു.’ എന്നാണ് ഒരു സ്ത്രീ പറഞ്ഞത്.
എന്നാല്‍ പൊലീസുകാരുടെ കൂട്ടക്കൊല നടന്ന ശേഷം നാല് പൊലീസുകാരെ ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രാമവാസികള്‍ പറയുന്നതുപോലുള്ള കാര്യങ്ങളൊന്നും തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. ഞങ്ങളുടെ ജോലി ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് ഒരു തടസവും ഇതുവരെ നേരിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ല എന്നായിരുന്നു ഒരു പൊലീസുകാരന്റെ പ്രതികരണം.
എന്നാല്‍ പ്രദേശവാസികളുടെ ആശങ്ക തള്ളിക്കളയാനാവില്ലെന്നാണ് ഒരു പ്രാദേശിക പുരോഹിതന്‍ പറഞ്ഞത്.
‘അസ്വാഭാവിക മരണങ്ങള്‍ നടന്ന കേസുകളില്‍, ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. വികാസ് ദുബെയുടെ കാര്യത്തില്‍, അദ്ദേഹത്തിന്റെ ശവസംസ്‌കാരം പോലും ശരിയായി നടന്നിട്ടില്ല, മരണാനന്തര ചടങ്ങുകളൊന്നും നടന്നിട്ടില്ല. ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ അഞ്ച് കൂട്ടാളികളുടെ കാര്യവും ഇത് തന്നെയായിരുന്നു.
‘അസ്വസ്ഥരായ ആത്മാക്കളെ’ പ്രീതിപ്പെടുത്താന്‍ ഒരു പൂജ നടത്തണമെന്ന് ഗ്രാമവാസികള്‍ പുരോഹിതനോട് ആവശ്യപ്പെട്ടെങ്കിലും പൊലീസ് സുരക്ഷ നല്‍കുന്ന ഒരു സ്ഥലത്ത് കയറി അത് ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നായിരുന്നു പുരോഹിതന്‍ പറഞ്ഞത്.
എന്നാല്‍ ഇതുകൊണ്ടൊന്നും പിന്മാറാന്‍ നാട്ടുകാര്‍ തയ്യാറല്ല. നവരാത്രി സമയത്ത് ഒരു പ്രത്യേക പൂജ നടത്തുമെന്നും അതുവഴി കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്നുമാണ് ഗ്രാമീണര്‍ പറയുന്നത്.
പൊലീസുകാരെ വെടിവെച്ച കൊന്ന കേസില്‍ പ്രതിയായ ദുബെയെ ചോദ്യം ചെയ്യലിനായി കാണ്‍പൂരിലേക്ക് കൊണ്ടുപോകുമ്പോള്‍ വാഹനം അപകടത്തില്‍പ്പെട്ടെന്നും ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ത്തെന്നുമായിരുന്നു യു.പി പൊലീസിന്റെ വാദം. എന്നാല്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദവും ആ സമയത്ത് ഉയര്‍ന്നിരുന്നു.
CONTENT HIGHLIGHT; Vikas Dubey’s ghost ‘haunts’ village after gangster’s encounter by Yogi police