| Friday, 10th July 2020, 11:03 am

'ഉന്നതരെ രക്ഷിക്കാനും തെളിവുകള്‍ നശിപ്പിക്കാനും? ' വികാസ് ദുബെ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ കൊല്ലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വികാസ് ദുബെ പൊലീസ് കസ്റ്റഡിയില്‍വെച്ച് വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടതായാണ് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചത്. മധ്യപ്രദേശില്‍വെച്ച് വ്യാഴാഴ്ചയാണ് ദുബെ പിടിയിലാകുന്നത്.

കാണ്‍പൂരിലേക്ക് കൊണ്ടുംവരുംവഴി ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം ദുബെയെ വെടിവെക്കുകയായിരുന്നു എന്നുമാണ് പൊലീസിന്റെ ഭാഷ്യം. റിപ്പോര്‍ട്ടുകള്‍പ്രകാരം ദുബെ തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

എന്നാല്‍, തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം ഉന്നതരിലേക്ക് എത്തിച്ചേരാതിരിക്കാനും ആസൂത്രിതമായി വികാസ് ദുബെയെ കൊലപ്പെടുത്തിയതാണെന്ന വാദം ഇതിനോടകം ഉയര്‍ന്നുവന്നിട്ടുണ്ട്. വികാസ് ദുബെയുടെ വീട് ഇടച്ച് നികത്തിയ സംഭവം ഇതേ ഉദ്ദേശ്യത്തോട് തന്നെയാണെന്നാണ് ആരോപിക്കപ്പെടുന്നത്.

രാഷ്ട്രീയനേതാക്കളുമായി ഏറെ അടുപ്പംപുലര്‍ത്തിയിരുന്ന ആളായിരുന്നു വികാസ് ദുബെയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇടക്കാലത്ത് ദുബെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.

ഉത്തര്‍പ്രദേശത്തിലേക്ക് റോഡ് മാര്‍ഗമായിരുന്നു ദുബെയെ കൊണ്ടുവന്നിരുന്നത്. ഹൈവേയില്‍വെച്ച് കാര്‍ മറിയുകയും ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. ദുബെ തോക്ക് തട്ടിയെടുത്ത് ഓടാന്‍ ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. ഇതിന് മുന്‍പ് ദുബെയുടെ അനുയായികളും പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിരുന്നു.
60 ല്‍ അധികം ക്രിമിനില്‍ കേസുകള്‍ വികാസ് ദുബെയുടെ പേരിലുണ്ട്.

ആരാണ് വികാസ് ദുബെ

പൊലീസ് കസ്റ്റഡയിലിരിക്കെ കൊല്ലപ്പെട്ട വികാസ് ദുബെ എന്ന കുറ്റവാളിയുടെ ക്രിമിനല്‍ പശ്ചാത്തലം ഞെട്ടിപ്പിക്കുന്നതാണ്.

ചെറുപ്പം തൊട്ടുതന്നെ കുറ്റകൃത്യങ്ങളിലൂടെ ലോക ശ്രദ്ധ ലഭിക്കാന്‍ അതീവ താല്പര്യം കാട്ടിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇയാള്‍ ഒരു ഗ്യാങ് ഉണ്ടാക്കുകയും കവര്‍ച്ചയും കൊലപാതകവും നടത്തുകയും ചെയ്തു.

ഏതാണ്ട് 19 വര്‍ഷം മുന്‍പ് ദുബെ ഒരു മന്ത്രിയെ പൊലീസ് സ്റ്റേഷനകത്തുവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷം രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള ശ്രമവും ഇയാള്‍ നടത്തി. ഇതിനിടെ ദുബെയെ പലതവണ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യു.പിഎ.സ്.ടി.എഫ് ഒരിക്കല്‍ ലഖ്‌നൗവില്‍ വെച്ച് ദുബെയെ പിടികൂടുകയും ചെയ്തിരുന്നു.

കാണ്‍പൂരിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പലായ സിദ്ധേശ്വര്‍ പാണ്ഡെയെ കൊലപ്പെടുത്തിയ കേസില്‍ ദുബെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.

ഇതിനുപുറമെ, പഞ്ചായത്ത്, സിവിക് തെരഞ്ഞെടുപ്പുകളില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2001 ലാണ് വികാസ് ദുബെ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കൊലപാതത്തിന് ശേഷം ‘ഷിവ്ലി ഡോണ്‍’ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ദുബെ കോടതിയില്‍ കീഴടങ്ങിയിരുന്നെങ്കിലും ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ഇയാള്‍ നഗര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. വികാസ് ദുബെയ്‌ക്കെതിരെ 52 ലധികം കേസുകള്‍ നിലവില്‍ യു.പിയിലെ നിരവധി ജില്ലകളില്‍ നടക്കുന്നുണ്ടെന്നാണ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more