|

'തെറ്റ് ചെയ്തു, ഈ വിധിക്ക് അദ്ദേഹം അര്‍ഹനാണ്'; വികാസ് ദുബെയുടെ മരണത്തില്‍ ഭാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പൊലീസ് വെടിവെപ്പില്‍ വികാസ് ദുബെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഭാര്യ. തന്റെ ഭര്‍ത്താവ് തെറ്റ് ചെയ്‌തെന്നും അദ്ദേഹം ഇത്തരമൊരു വിധിക്ക് അര്‍ഹനയായിരുന്നുവെന്നുമാണ് ഭാര്യ റിച്ച പ്രതികരിച്ചത്. ദുബെയുടെ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങവേയായിരുന്നു അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കനത്ത സുരക്ഷയിലാണ് ദുബെയുടെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തിയത്. ദുബെയുടെ മകനും ഭാര്യയും സഹോദര പുത്രനുമായിരുന്നു സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി എത്തിയത്.

ദുബെയുടെ മരണത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് അദ്ദേഹം ഇത് അര്‍ഹിക്കുന്നു എന്നായിരുന്നു റിച്ചയുടെ മറുപടി. ദുബെ തെറ്റ് ചെയ്‌തെന്നാണ് നിങ്ങളും പറയുന്നത്, അല്ലേ, എന്ന ചോദ്യത്തിന് അതെ അതെ അദ്ദേഹം നിരവധി തെറ്റുകള്‍ ചെയ്തു എന്നായിരുന്നു റിച്ച മറുപടി നല്‍കിയത്. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ തനിക്ക് കൂടുതല്‍ ഒന്നും പറയാനില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ നിന്നും പോകണമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ദുബെയെ വെടിവെച്ച് കൊന്നതില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്നും ഇതിനിടെ പറയുന്നുണ്ടായിരുന്നു.

ഉത്തര്‍പ്രദേശ് ഭരണകൂടം ചെയതത് ശരിയായ കാര്യമാണെന്നായിരുന്നു വികാസ് ദുബെയുടെ കൊലപാതകത്തില്‍ അച്ഛന്‍ രാം കുമാര്‍ ദുബെ പ്രതികരിച്ചത്. എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ തന്റെ മകന്‍ ചെയ്തത് പൊറുക്കാന്‍ കഴിയാത്ത പാപമാണെന്നും രാംകുമാര്‍ പറഞ്ഞിരുന്നു.

” അവന്‍ ഞങ്ങളുടെ വാക്കു കേട്ടിരുന്നുവെങ്കില്‍ അവന്റെ ജീവിതം ഈ രീതിയില്‍ അവസാനിക്കുമായിരുന്നില്ല. വികാസ് ഞങ്ങളെ ഒരു തരത്തിലും സഹായിച്ചിട്ടില്ല. അവന്‍ കാരണം ഞങ്ങളുടെ പൂര്‍വ്വിക സ്വത്ത് പോലും നിലംപരിശായി. എട്ട് പൊലീസുകാരെയും അവന്‍ കൊന്നു, ഇത് മാപ്പര്‍ഹിക്കാത്ത പാപമാണ്. ഭരണകൂടം ശരിയായ കാര്യം ചെയ്തു. അവര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ നാളെ മറ്റുള്ളവരും സമാനമായി പ്രവര്‍ത്തിക്കുമായിരുന്നു, ”രാം കുമാര്‍ എ.എന്‍.ഐ
യോട് പറഞ്ഞു.

വ്യാഴാഴ്ചയാണ് ദുബെ മധ്യപ്രദേശില്‍വെച്ച് അറസ്റ്റിലായത്. കാണ്‍പൂരിലേക്ക് ദുബെയെ തിരിച്ചുകൊണ്ടുവരുന്ന വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നുമാണ് പൊലീസ് പറയുന്നത്. തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്. എന്നാല്‍ പൊലീസ് ആസൂത്രിതമായി കൊല നടപ്പാക്കുകയായിരുന്നെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ