| Wednesday, 23rd September 2020, 11:46 am

മോദിയുടെ കോര്‍പറേറ്റ് കൃഷി | വിജൂകൃഷ്ണന്‍

വിജൂ കൃഷ്ണന്‍

കര്‍ഷകാനുകൂലമെന്ന് അവകാശപ്പെടുന്ന മൂന്ന് കര്‍ഷകവിരുദ്ധ ഓര്‍ഡിനന്‍സ് / ബില്ലുകള്‍ക്കെതിരെ വമ്പിച്ച പ്രതിരോധമാണ് ഉയരുന്നത്. രാജ്യത്താകെ ഉയരുന്ന പ്രക്ഷോഭങ്ങളുടെ സമ്മര്‍ദം കാരണം, ”കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സുകളിലും നിയമനിര്‍മാണങ്ങളിലും പ്രതിഷേധിച്ച്’ കേന്ദ്ര ഭക്ഷ്യ- സംസ്‌കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതയായി. ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ്, നോട്ട് റദ്ദാക്കല്‍, ജി.എസ്.ടി, സി.എ.എ/ എന്‍.പി.ആര്‍/ എന്‍.ആര്‍.സി, 370-ാം വകുപ്പ് റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം മോഡി സര്‍ക്കാരിനൊപ്പം അടിയുറച്ചുനിന്ന ശിരോമണി അകാലി ദളിന്റെ മന്ത്രിയാണ് രാജിവച്ചിരിക്കുന്നത്. സഖ്യകക്ഷിയെ അവഗണിക്കാന്‍ മോഡി സര്‍ക്കാര്‍ നിര്‍ബന്ധിതമായത്, വന്‍കിട കോര്‍പറേറ്റ് കമ്പനികളെയും വന്‍കിട വ്യാപാരികളെയും പ്രീതിപ്പെടുത്തേണ്ടതുകൊണ്ടാണ്.

2019ലെ പ്രകടനപത്രികയില്‍ ”അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി നിയമം റദ്ദാക്കുകയും കാര്‍ഷികോല്‍പ്പന്ന വ്യാപാരത്തിലെ – എല്ലാ നിയന്ത്രണവും എടുത്തുകളഞ്ഞ് സ്വതന്ത്രമാക്കും’ എന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് പാര്‍ടിയും നിലപാട് മാറ്റി പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഇതാകട്ടെ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുള്ള സി.പി.ഐ.എമ്മും ഇടതുപക്ഷ കക്ഷികളും അഖിലേന്ത്യാ കിസാന്‍ സഭയും നിരന്തരമായി ഉന്നയിച്ചുപോരുന്ന കാര്യങ്ങളുമാണ്.

മോഡി അവകാശപ്പെടുന്നതുപോലെ ഈ നിയമനിര്‍മാണങ്ങള്‍ ”കര്‍ഷകാനുകൂല’മാണെങ്കില്‍, അതിനെതിരെ എന്തുകൊണ്ടാണ് കര്‍ഷകര്‍ പ്രക്ഷോഭങ്ങളില്‍ അണിചേരുന്നത്? നമുക്കതൊന്ന് പരിശോധിക്കാം. കര്‍ഷകര്‍ക്ക് 1947 ആഗസ്ത് 15ന് കിട്ടാത്ത സ്വാതന്ത്ര്യമാണ് ജൂണ്‍ മൂന്നിന്റെ മൂന്ന് ഓര്‍ഡിനന്‍സുവഴി ലഭിച്ചിരിക്കുന്നതെന്ന് വീമ്പിളക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ എവിടെയും കൊണ്ടുപോയി വില്‍ക്കാനുള്ള സ്വാതന്ത്ര്യമുണ്ടത്രേ.

കാര്‍ഷികോല്‍പ്പന്ന വ്യാപാര -വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബില്‍ 2020, വില ഉറപ്പിനും കാര്‍ഷിക സേവനങ്ങള്‍ക്കും വേണ്ടിയുള്ള കര്‍ഷക ശാക്തീകരണ, സംരക്ഷണ ബില്‍ 2020, അവശ്യവസ്തുഭേദഗതി ബില്‍ 2020 എന്നിവ ഫെഡറല്‍ തത്വങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമാണ്, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റമാണ്. ഭരണഘടന പ്രകാരം കൃഷി സംസ്ഥാന ലിസ്റ്റില്‍ പെട്ടതാണ്. കോര്‍പറേറ്റ് കമ്പനികള്‍ക്ക് സ്വതന്ത്രവിഹാരത്തിനുള്ള സൗകര്യമൊരുക്കാനായി സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണ്.

ഈ നിയമങ്ങള്‍ കര്‍ഷകരെ അഗ്രിബിസിനസ് കമ്പനികളുടെയും വന്‍കിട റീട്ടെയിലര്‍മാരുടെയും കയറ്റുമതിക്കാരുടെയും ദയാദാക്ഷിണ്യത്തിന് എറിഞ്ഞുകൊടുക്കുന്നവയാണ്. സ്വകാര്യകമ്പനികള്‍ക്കും അഗ്രിബിസിനസുകാര്‍ക്കും ഉള്ള എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയിരിക്കുകയാണ്. കൃഷിയും സംസ്ഥാനത്തിനകത്തെ വ്യാപാരവും വാണിജ്യവും സംസ്ഥാന വിഷയമാണെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭാവിയില്‍ ഒരു നിയന്ത്രണാധികാരവും ഉണ്ടായിരിക്കില്ല. കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പരിമിതമായ സംരക്ഷണംപോലും ഇല്ലാതാകും. അഗ്രിബിസിനസുകാരും വന്‍കിട വ്യാപാരികളും അവര്‍ക്ക് സമന്മാരായാണ് കണക്കാക്കപ്പെടുക. കോര്‍പറേറ്റുകളുടെ ലാഭതാല്‍പ്പര്യത്തിന് ഇണങ്ങിയരീതിയില്‍ കമ്പനിരാജിന് വഴിയൊരുക്കാന്‍ കര്‍ഷകരെ ദുര്‍ബലമാക്കുന്ന തരത്തിലാണ് പുതിയ മാറ്റങ്ങള്‍.

ബിജെപി അവകാശപ്പെടുന്നത് കാര്‍ഷികോല്‍പ്പന്ന വ്യാപാര വാണിജ്യ നിയമം, തടസ്സരഹിതമായ അന്തര്‍ സംസ്ഥാന വ്യാപാരത്തെയും സംസ്ഥാനത്തിനകത്തെ കച്ചവടത്തിനും വഴിയൊരുക്കുമെന്നും സംസ്ഥാന അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് നിയമങ്ങള്‍ പ്രഖ്യാപിച്ച മാര്‍ക്കറ്റുകള്‍ക്കപ്പുറം ഇ-കൊമേഴ്‌സ് സാധ്യതകള്‍ തുറന്നുകൊടുത്തുകൊണ്ട് കര്‍ഷകര്‍ക്ക് എവിടെവച്ചും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സ്വാതന്ത്ര്യമാണ് നല്‍കുന്നത് എന്നുമാണ്. ഇത് വസ്തുതകള്‍ക്ക് ഒട്ടും നിരക്കാത്ത പ്രചാരണം മാത്രമാണ്.

കാലങ്ങളായി കര്‍ഷകര്‍ മിച്ചംവരുന്ന ഉല്‍പ്പന്നങ്ങള്‍ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിയുടെ യാര്‍ഡുകള്‍ക്ക് പുറത്ത് കച്ചവടം നടത്തുന്നുണ്ട്. 2012 ജൂലൈക്കും 2013 ജൂണിനുമിടയില്‍ വില്‍പ്പന നടന്ന 31 വിളയില്‍ 29 എണ്ണത്തിലും ഏറ്റവും കൂടുതല്‍ കച്ചവടം നടത്തിയത് പ്രാദേശിക സ്വകാര്യവ്യാപാരികളായിരുന്നു. സോയാബീന്‍ ഒഴികെ മറ്റൊരു വിളയുടെയും 25 ശതമാനത്തില്‍ കൂടുതല്‍ വില്‍പ്പന എ.പി.എം.സി യാര്‍ഡുകള്‍ വഴി നടത്തിയിട്ടില്ല.

കേരളത്തിലാണെങ്കില്‍ എ.പി.എം.സി മാര്‍ക്കറ്റുകള്‍തന്നെയില്ല. പക്ഷേ, സര്‍ക്കാര്‍ കൃഷിക്കാര്‍ക്ക് അനുകൂലമായി ഇടപെടുന്നുണ്ട്. അറുപതുകളിലും എഴുപതുകളിലുമായി എ.പി.എം.സി നിയമങ്ങള്‍ കൊണ്ടുവന്നത് വന്‍കിട വ്യാപാരികളുടെ കുത്തകാധികാരത്തിന് കടിഞ്ഞാണിടാനാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കാനായി ആ ചന്തകളില്‍ ലേലം വഴിയാണ് വില്‍പ്പന നടന്നിരുന്നത്. എന്നിട്ടും കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. മാര്‍ക്കറ്റ് നിയന്ത്രണങ്ങളല്ല കര്‍ഷകരെ ദുരിതത്തിലേക്ക് നയിക്കുന്നത്, പകരം ആദായവില ഉറപ്പാക്കാത്തതും തക്ക സമയത്തുള്ള സര്‍ക്കാര്‍ സംഭരണം ഇല്ലാത്തതുമാണ്.

ഈ മൂന്നു ബില്ലിലും അതേപ്പറ്റി മിണ്ടാട്ടമേയില്ല. ലോക വ്യാപാര സംഘടനയുടെ കല്‍പ്പനകള്‍ അതേപടി നടപ്പാക്കി പൊതുസംഭരണത്തെ തകര്‍ത്തെറിയുകയാണ് മൂന്ന് ഓര്‍ഡിനസും/ ബില്ലും ചെയ്യുന്നത്. മുമ്പ് ശാന്തകുമാര്‍ കമ്മിറ്റി അത്തരമൊരു നിര്‍ദേശം വച്ചതാണ്. സംഭരണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അത് സ്വകാര്യവല്‍ക്കരിക്കണമെന്നുമായിരുന്നു ശുപാര്‍ശ. മിനിമം താങ്ങുവിലയ്ക്ക് മുകളില്‍ മറ്റ് സഹായം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് കേന്ദ്ര പൂളിലേക്ക് സംസ്ഥാനാവശ്യത്തിനപ്പുറം ഭക്ഷ്യധാന്യങ്ങള്‍ സ്വീകരിക്കരുതെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ ദിശയിലേക്കാണ് ബി.ജെ.പി സര്‍ക്കാര്‍ നീങ്ങുന്നത്. നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയിലും 900 രൂപ കൂടുതലാണ് കേരളം നല്‍കുന്ന വില. ക്വിന്റലിന് 2750 രൂപ.

പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കും അതിരുകളില്ലാതാകും

അവശ്യവസ്തുക്കളുടെ പട്ടികയില്‍നിന്ന് ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യ എണ്ണകള്‍, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള അവശ്യവസ്തുനിയമ ഭേദഗതികള്‍ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാകും എന്നുമാത്രമല്ല, വന്‍കിട വ്യാപാരികള്‍ക്കും ആഗ്രിബിസിനസുകാര്‍ക്കും വന്‍തോതിലുള്ള പൂഴ്ത്തിവയ്പിനുള്ള അവസരമൊരുക്കുകകൂടി ചെയ്യും. അതിനെതിരെയുള്ള ആയുധമായിരുന്നു അവശ്യവസ്തു നിയമം.

ബില്‍ പറയുന്നത്, വാല്യൂ ചെയിന്‍ പങ്കാളികളുടെ സ്ഥാപിതശേഷിയും കയറ്റുമതിക്കാരുടെ കയറ്റുമതി ഡിമാന്റും സ്റ്റോക്ക് കണക്കാക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാണ്. അതോടെ പഴയ അവശ്യവസ്തു നിയമം പൂര്‍ണമായും റദ്ദാക്കപ്പെടുകയാണ്. രംഗം പൂര്‍ണമായും അഗ്രിബിസിനസുകാര്‍ക്ക് അനിയന്ത്രിതമായി ഏല്‍പ്പിച്ചുകൊടുത്താല്‍ കൃത്രിമക്ഷാമവും പൂഴ്ത്തിവയ്പും കരിഞ്ചന്തയും വമ്പിച്ച വില വര്‍ധനയും ഉറപ്പാകും. ശീത സംഭരണികളുടെയും സ്റ്റോറേജ് സംവിധാനത്തിന്റെയും കാര്‍ഷികമേഖലയിലെ പശ്ചാത്തല സൗകര്യങ്ങളുടെയും കാര്യത്തില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് അവശ്യവസ്തുനിയമ ഭേദഗതി എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ മേഖലകളില്‍ 100 ശതമാനം വിദേശ പ്രത്യക്ഷ നിക്ഷേപം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ ഇതോട് കൂട്ടിവായിക്കുക.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ മെച്ചപ്പെട്ട വിലയ്ക്ക് എവിടെയും കൊണ്ടുപോയി വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു എന്ന അവകാശവാദത്തിന്റെ പൊള്ളത്തരം വ്യക്തമാകാന്‍ നന്നായി പൊതിഞ്ഞുകെട്ടി അവതരിപ്പിച്ച ”വില ഉറപ്പിനും കാര്‍ഷിക സേവനങ്ങള്‍ക്കും വേണ്ടിയുള്ള കര്‍ഷക ശാക്തീകരണ, സംരക്ഷണ ബില്‍ 2020′ ഒന്ന് മറിച്ചുനോക്കിയാല്‍ മതി. അതില്‍ ഒരിടത്തുപോലും പറയുന്നില്ല, കര്‍ഷകര്‍ക്ക് വ്യാപാരികള്‍ നല്‍കുന്ന വില മിനിമം താങ്ങുവിലയേക്കാള്‍ കുറയരുതെന്ന്!

ബിജെപിയും നരേന്ദ്ര മോഡിയും 2014ല്‍ വാഗ്ദാനം ചെയ്ത സി2+ 50 എന്ന ഫോര്‍മുലയെപ്പറ്റി പരാമര്‍ശമേയില്ല.( ചെലവായതിന്റെ പകുതികൂടി കൂട്ടിവേണം വില നിശ്ചയിക്കാന്‍ എന്നതാണ് ആ ഫോര്‍മുല.) അദാനി വില്‍മര്‍, പെപ്‌സികോ, വാള്‍മാര്‍ട്ട്, റിലയന്‍സ് ഫ്രെഷ്, ഐ.ടി.സി തുടങ്ങിയ ആഗ്രിബിസിനസ് കമ്പനികള്‍ കര്‍ഷകരുടെ നടുവൊടിക്കും. അപ്രതീക്ഷിത ലോക്ഡൗണ്‍ കര്‍ഷകരുടെയും അധ്വാനിച്ച് ജീവിക്കുന്നവരുടെയും വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കിയിരിക്കുന്നു. അവര്‍ക്ക് വരുമാന സഹായം നല്‍കിയും വായ്പ എഴുതിത്തള്ളിയും ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചുകൊടുത്തും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും ആരോഗ്യസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയും സഹായിക്കണം.

അതിനു പകരം കോര്‍പറേറ്റുകളെ തടിപ്പിച്ച് കൊഴുപ്പിക്കാനാണ് ബിജെപി എണ്ണമറ്റ സൗജന്യങ്ങള്‍ വാരിവിതറുന്നത്. വാസ്തവത്തില്‍ ചെയ്യേണ്ടതെന്താണ്? എല്ലാ വിളകള്‍ക്കും ഉല്‍പ്പാദനച്ചെലവിന്റെ 50 ശതമാനംകൂടി കൂട്ടിയ താങ്ങുവിലയും യഥാസമയ സംഭരണവും ഉറപ്പാക്കുക, കര്‍ഷകത്തൊഴിലാളികള്‍ക്ക് മിനിമംകൂലി പ്രതിദിനം 600 രൂപയാക്കുക, ആദായനികുതി നല്‍കാത്ത കുടുംബങ്ങള്‍ക്ക് പ്രതിമാസം 7500 രൂപ വരുമാനം ഉറപ്പാക്കുക, ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള കൂലി ദിവസം 300 രൂപയാക്കുക, പി.എം കിസാന്‍ പ്രതിവര്‍ഷം 18,000 രൂപയാക്കി വര്‍ധിപ്പിക്കുക, ഭൂരഹിതര്‍ക്കും കുടിയാന്മാര്‍ക്കുമുള്ള വായ്പകള്‍ എഴുതിത്തള്ളുക, ഭക്ഷ്യ സുരക്ഷിതത്വവും സമഗ്രമായ സാമൂഹ്യ സുരക്ഷാ പദ്ധതികളും ഉറപ്പാക്കുക എന്നിവയാണ്.

വിജൂ കൃഷ്ണന്‍ കര്‍ഷക സമരത്തില്‍

പ്രക്ഷോഭത്തിന്റെ ഭാഗമായി 3000 കേന്ദ്രത്തിലായി കര്‍ഷകര്‍ നിര്‍ദിഷ്ട ഓര്‍ഡിനന്‍സുകളും വൈദ്യുതി ഭേദഗതി ബില്ലും തീയിട്ടു. ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി 250 സംഘടന ഉള്‍ക്കൊള്ളുന്ന പ്രക്ഷോഭവേദിയാണ്, അതില്‍ കിസാന്‍ സഭ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. കേന്ദ്ര ട്രേഡ് യൂണിയനുകളും ഭൂമി അധികാര്‍ ആന്ദോളനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സെപ്തംബര്‍ 25ന് രാജ്യവ്യാപകമായി പ്രതിരോധദിനമായി ആചരിക്കാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ബന്ദാചരിക്കാനാണ് തീരുമാനം.

കടപ്പാട്: ദേശാഭിമാനി

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Vijoo Krishnan Writes on Farm Bill and Narendra Modi Governments Agricultural Policies

വിജൂ കൃഷ്ണന്‍

കിസാന്‍സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more