| Friday, 8th June 2012, 12:00 pm

എം.ജി സര്‍വകലാശാലക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം.ജി സര്‍വകലാശാലയില്‍ നടന്ന ക്രമക്കേടുകളില്‍ ഗവര്‍ണര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. വിജിലന്‍സ് ഡി.വൈ.എസ്.പി പി.കൃഷ്ണകുമാറിനാണ് അന്വേഷണ ചുമതല. സാമ്പത്തിക ക്രമക്കേടുകളിലും നിയമനം സംബന്ധിച്ചുമാണ് അന്വേഷണം.

ക്രമക്കേടുകള്‍ ആരോപിച്ച് വൈസ് ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ക്കെതിരെ ഒരു സിന്‍ഡിക്കേറ്റ് അംഗം തന്നെ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ധനകാര്യ വിഭാഗം അന്വേഷണം നടത്തുന്നതിനിടെയാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ശരിയായ രീതിയില്‍ അന്വേഷണം നടക്കട്ടെയെന്നും വൈസ് ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ ആവശ്യമായ ഫയലുകള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സിന്‍ഡിക്കേറ്റ് അംഗം ജോര്‍ജ് വര്‍ഗീസ് ആണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ വൈസ് ചാന്‍സലറെ വിളിച്ചുവരുത്തി ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നുവെങ്കിലും അതില്‍ തൃപ്തിയാകാത്തതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വൈസ് ചാന്‍സലര്‍ രാജന്‍ ഗുരുക്കളുടെയും മുന്‍ സിന്‍ഡിക്കേറ്റിന്റെയും കാലത്തുനടന്ന ഇടപാടുകളെകുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്. ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റത്തിലൂടെ വന്‍ ക്രമക്കേട് നടന്നെന്നും 85 ലക്ഷം രൂപ ചെലവഴിച്ചുവെങ്കിലും വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്ര ഗുണം ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

വേണ്ടത്ര യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുകയും 2008 മുതല്‍ 2010രെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് ഒരു കോടി രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ക്ലാസ് ഫോര്‍ നിയമനത്തില്‍ പത്താം ക്ലാസ് യോഗ്യതയാണ് നിശ്ചയിച്ചിരുന്നത്. ഇത് മറികടന്നും നിയമനം നടന്നു. സര്‍വകലാശാലയിലെ നിയമനങ്ങളില്‍ സംവരണതത്വങ്ങള്‍ അട്ടിമറിച്ചു തുടങ്ങിയവയാണ് പരാതികള്‍.

We use cookies to give you the best possible experience. Learn more