[share]
[]കൊച്ചി: മുന്‍ വ്യവസായ വകുപ്പ് സെക്രട്ടറി ടി. ബാലകൃഷ്ണനെതിരെ വിജിലന്‍സ് സത്യവാങ്മൂലം. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് സത്യവാങ്മൂലം.
വിജിലന്‍സ് പത്തനം തിട്ട ഡി.വൈ.എസ്.പിയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മന്ത്രിസഭയ്ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ടി. ബാലകൃഷ്ണന്‍ അധികാരദുര്‍വിനിയോഗവും ധനസമാഹരണ ശ്രമവും നടത്തിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ കെ.ജി.എസ് ഗ്രൂപ്പുമായി ഗൂഢാലോചന നടത്തിയെന്ന് സംശിക്കുന്നതായും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ആറന്മുള വിമാനത്താവള നിര്‍മാണത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ബാലകൃഷ്ണനെതിരെയുള്ള വിജിലന്‍സ് അന്വേഷണം ഹൈക്കോടതി കഴിഞ്ഞ മാസം സ്‌റ്റേ ചെയ്തിരുന്നു.
അഴിമതി നിരോധന നിയമപ്രകാരം ഉദ്യോഗസ്ഥനെതിരെ നടപടിക്ക് അനുമതി തേടിയില്ലെന്ന് ചൂണ്ടിക്കാട്ടി ടി. ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഇടക്കാല ഉത്തരവ്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും വ്യവസായിക പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു മുന്‍ മന്ത്രി ബാലകൃഷ്ണപ്പിള്ളയുടെ ബന്ധുകൂടിയായ ടി ബാലകൃഷ്ണന്‍.
ബാലകൃഷ്ണന്‍ വ്യവസായ അഡീ. ചീഫ് സെക്രട്ടറിയായിരുന്ന കാലത്താണ് എയര്‍പോര്‍ട്ട് അനുമതിയുമായി ബന്ധപ്പെട്ട ഫയല്‍ കൈകാര്യം ചെയ്തത്. 2010 സെപ്റ്റംബര്‍ എട്ടിന് സംസ്ഥാന സര്‍ക്കാര്‍ എന്‍ഒസി നല്‍കി.
2011 ഫെബ്രുവരി 24നു ഭൂമി വ്യവസായ മേഖലയായി വിജ്ഞാപനം ചെയ്തു. 2011 ഓഗസ്റ്റ് 24നു കേന്ദ്ര പ്രതിരോധ മന്ത്രാലയം എന്‍ഒസി നല്‍കി.
2011 ഒക്‌ടോബര്‍ 28നു വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. 2013 നവംബര്‍ 18നു വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് അന്തിമ പാരിസ്ഥിതികാനുമതി കിട്ടി. സംസ്ഥാന സര്‍ക്കാര്‍ കന്പനിയുടെ 10% ഓഹരി വാങ്ങുകയും ചെയ്തു.
2013 നവംബര്‍ 18ന് വനംപരിസ്ഥിതി മന്ത്രാലയം വിമാനത്താവളത്തിനുള്ള പാരിസ്ഥിതിക അനുമതിയും നല്‍കിയിരുന്നു.
പദ്ധതിക്ക് എന്‍ഒസി നല്‍കുന്നതിനു ഹരജിക്കാരന്‍ പദവി ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് ആറന്മുള സ്വദേശി കെ. പി. രംഗനാഥന്‍ നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടതായിരുന്നു ഹരജിയില്‍ ചോദ്യം ചെയ്‌യുന്നത്.