Entertainment news
മാളികപ്പുറത്തെ പരിഗണിക്കേണ്ടെന്ന് സര്‍ക്കാരില്‍ നിന്ന് ജൂറിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടാകാം: വിജിതമ്പി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 22, 12:36 pm
Saturday, 22nd July 2023, 6:06 pm

മാളികപ്പുറം സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് പരിഗണിക്കേണ്ടതില്ലെന്ന് സര്‍ക്കാരില്‍ നിന്ന് ജൂറിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടാകാമെന്ന് സംവിധായകന്‍ വിജി തമ്പി. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കഴിവ് അടിസ്ഥാനമാക്കിയല്ല നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടുകൂടി ഈ അവാര്‍ഡിന്റെ വില നഷ്ടപ്പെട്ടു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പുല്ല് വില പോലും കല്‍പിക്കുന്നില്ല എന്നും വിജി തമ്പി പറഞ്ഞു.

‘കേരള സംസ്ഥാന അവാര്‍ഡുകള്‍ വീതം വെച്ച് നല്‍കുന്ന അവസ്ഥയാണിപ്പോള്‍. അവാര്‍ഡുകളുടെയൊക്കെ വില നഷ്ടപ്പെട്ടുപോയി. അവാര്‍ഡുകള്‍ എന്ന് പറയുമ്പോള്‍ കഴിവുകള്‍ക്കാണ് അംഗീകാരം. പക്ഷെ കഴിവുകള്‍ക്കുള്ള അംഗീകാരമായി കേരള സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ കുറെ കാലങ്ങളായി പ്രവര്‍ത്തിക്കുന്നില്ല.

നാഷണല്‍ അവാര്‍ഡ് കമ്മിറ്റിയില്‍ കഴിഞ്ഞ വര്‍ഷം ഞാന്‍ ജൂറിയായിരുന്നു. അവിടെ വളരെ വ്യക്തമായ ഒരു തീരുമാനമുണ്ടായിരുന്നു. ഒരു തരത്തിലുമുള്ള റെക്കമന്റുകളും സ്വീകരിക്കരുതെന്ന്. കഴിവുകള്‍ക്ക് മാത്രമായിരുന്നു പരിഗണന. കൃത്യമായ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. വളരെ നല്ലൊരു ജൂറിയായിരുന്നു അവിടെ. എന്നാല്‍ ഇവിടെ അങ്ങനെയല്ല. ആര്‍ക്കൊക്കെ അവാര്‍ഡ് കൊടുക്കണമെന്ന് ലിസ്റ്റ് കൊടുക്കുകയാണ്. ആ രീതിയിലാണ് കഴിഞ്ഞ കുറെ കാലങ്ങളായി നടക്കുന്നത്.

മാളികപ്പുറം സിനിമ ഒഴിവാക്കപ്പെട്ടത് എന്ത് കൊണ്ടാണെന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അത് ജൂറിക്ക് കൊടുത്ത നിര്‍ദേശമായിരിക്കും പരിഗണിക്കേണ്ടതില്ല എന്ന്. ആ ജൂറിയെ സര്‍ക്കാരാണല്ലോ നിയമിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ജൂറിക്ക് അങ്ങനെയൊരു നിര്‍ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ ആ നിര്‍ദേശം അവര്‍ സ്വീകരിച്ചിട്ടുണ്ടാകാം.

ജൂറിയെ ഞാന്‍ കുറ്റം പറയുന്നില്ല. അങ്ങനെ നിര്‍ദേശം നല്‍കിയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നായിരിക്കും അങ്ങനെയൊരു തെറ്റുണ്ടായിട്ടുണ്ടാകുക. ഏതായാലും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ വില നഷ്ടപ്പെട്ടു. അതിനൊന്നും ഒരു വിലയില്ല ഇപ്പോള്‍. പുല്ലുവിലയായിട്ടാണ് കേരള അവാര്‍ഡിനെ ഇപ്പോള്‍ കാണുന്നത്,’ വിജി തമ്പി പറഞ്ഞു.

content highlights: Viji Thambi talks about not getting an award for Malikappuram