മലയാളത്തിന് മികച്ച സിനിമകള്‍ നല്‍കിയിട്ടുള്ള സംവിധായകരില്‍ ഒരാളാണ് വിജി തമ്പി. 1988ല്‍ പുറത്തിറങ്ങിയ ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ് ആണ് അദ്ദേഹത്തിന്റെ ആദ്യചിത്രം. ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വ്യക്തി കൂടെയാണ് വിജി.
വിജി തമ്പിയുടെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നാടോടി മന്നന്‍, ദിലീപ്, സായാജി ഷിന്‍ഡെ, നെടുമുടി വേണു, അനന്യ, അര്‍ച്ചന കവി, മൈഥിലി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍ സിനിമകളുടെ കമ്പാരിസണുകളെ കുറിച്ചും തന്റെ സിനിമയായ നാടോടി മന്നനെ കുറിച്ചും സംസാരിക്കുകയാണ് വിജി തമ്പി. നാടോടി മന്നന്‍ ഒരു വര്‍ഷം പെട്ടിയിലിരുന്ന ചിത്രമാണെന്നും ബഡ്ജറ്റ് കൂടിയതാണ് അതിന് കാരണമെന്നും വിജി തമ്പി പറയുന്നു.
കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമയായിരുന്നു അതെന്നും ചിത്രത്തില്‍ മള്‍ട്ടി സ്റ്റോര്‍ ബില്‍ഡിങ് ഡിമോളിഷ് ചെയ്യുന്നത് കണ്ടപ്പോള്‍ ആളുകള്‍ ചിരിച്ചെന്നും എന്നാല്‍ മരടിലെ ന്യൂസ് വന്നപ്പോള്‍ എല്ലാവരും അഭിനന്ദിച്ചുവെന്നും വിജി തമ്പി പറഞ്ഞു. നാനാ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോകസിനിമകള്‍ കാണുന്നതും അറിയുന്നതും നല്ലതുതന്നെയാണ്. പക്ഷേ ഇവിടെ അനാവശ്യമായ ഒരു കമ്പാരിസണ്‍ വരുന്നത് ഗൗരവമായി കാണുന്നു. ഉദാഹരണത്തിന് ബാഹുബലി എന്ന ചിത്രം പരിശോധിക്കാം. അത് കാണുന്ന മലയാളി ബാഹുബലി പോലൊരു ചിത്രം നമുക്ക് വേണം എന്ന് ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ?
തെലുങ്ക് സിനിമയുടെ മാര്‍ക്കറ്റ് എവിടെ? നമ്മുടെ പാവം മലയാളം ഇന്‍ഡസ്ട്രിയുടെ മാര്‍ക്കറ്റ് എവിടെ? ബജറ്റ് എവിടെയൊക്കെ പരിധിവിട്ടിട്ടുണ്ടോ അവിടെല്ലാം തിരിച്ചടി നേരിട്ട ചരിത്രമാണ് നമ്മുടെ ഇന്‍ഡസ്ട്രിക്കുള്ളത്. ഇവിടെ നമ്മള്‍ പ്രായോഗികമായി ചിന്തിക്കുന്നതാണ് നല്ലത്. ഇന്ന് ഗ്രാഫികിന്റെ സാധ്യതകള്‍ അനന്തമാണ്. അതേസമയം അത് വളരെ ചെലവേറിയ സംഗതി കൂടിയാണ്.
എന്റെ നാടോടി മന്നന്‍ എന്ന ചിത്രം ഒരു വര്‍ഷം പെട്ടിയിലിരുന്നു പോയതിന്റെ കാരണം തന്നെ അതാണ്. ഒരു മലയാളം സിനിമയെ സംബന്ധിച്ചിടത്തോളം ഒരു കൊല്ലം പെട്ടിയില്‍ ഇരിക്കുക എന്നുപറയുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അത്രയധികം സാമ്പത്തികബാധ്യതയാണ് അതിലൂടെ നിര്‍മാതാവിന് വന്നുചേരുക.
നാടോടി മന്നന്‍ പക്ഷേ കാലത്തിനതീതമായി സഞ്ചരിച്ച ചിത്രമാണ്. മള്‍ട്ടി സ്റ്റോര്‍ ബില്‍ഡിങ് ഡിമോളിഷ് ചെയ്യുന്നു എന്ന് പറഞ്ഞാല്‍ അന്ന് മലയാളിക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. കാരണം ഇവിടെ അങ്ങനൊരു സംഗതി അന്നുവരെ നടന്നിട്ടില്ല.
മരടിലെ ഫ്‌ളാറ്റുകള്‍ നിമിഷനേരം കൊണ്ട് കണ്‍ട്രോള്‍ഡ് എക്‌സ്‌പ്ലോഷനിലൂടെ തകര്‍ത്തപ്പോഴാണ് ജനം അത് വിശ്വസിച്ചത്. അതിനും എത്രയോ നാള്‍ മുമ്പ് നാടോടി മന്നനിലൂടെ മലയാളികള്‍ അത് കണ്ടിരുന്നു. അന്നത് കണ്ട് ചിരിച്ചവര്‍, പിന്നീട് മരട് വാര്‍ത്ത കണ്ടതോടെ അഭിനന്ദിക്കുന്ന സാഹചര്യമുണ്ടായി,’ വിജി തമ്പി പറയുന്നു.
Content highlight: Viji Thambi talks about Nadodi Mannan movie