|

റഹ്‌മാന്‍ തന്നെ അടിക്കരുതെന്ന് സുരേഷ് ഗോപി വാശി പിടിച്ചു, ജീവിതത്തിലെ വലിയ അപമാനമാണെന്ന് പറഞ്ഞ് റഹ്‌മാന്‍ പൊട്ടിക്കരഞ്ഞു: വിജി തമ്പി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപി, റഹ്‌മാന്‍, രതീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജി തമ്പി സംവിധാനം ചെയ്ത് 1989ല്‍ റിലീസായ ചിത്രമാണ് കാലാള്‍പ്പട. തിയേറ്ററില്‍ ഹിറ്റായ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുയാണ് സംവിധായകന്‍ വിജി തമ്പി. ചിത്രത്തിലെ ഫൈറ്റ് സീനിനിടയില്‍ റഹ്‌മാന്‍ തന്നെ തല്ലരുതെന്ന് സുരേഷ് ഗോപി വാശി പിടിച്ചിരുന്നുവെന്ന് സംവിധായകന്‍ വെളിപ്പെടുത്തി. സഫാരി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജി ഇക്കാര്യം പറഞ്ഞത്.

‘ചിത്രത്തിന്റെ ഷൂട്ട് കോഴിക്കോട് നടക്കുകയാണ്. രാത്രി നടക്കുന്ന ഫൈറ്റ് സീനാണ് ഷൂട്ട് ചെയ്യേണ്ടത്. സുരേഷ് ഗോപിയാണ് ചിത്രത്തിലെ വില്ലന്‍. എന്നാല്‍ മെയിന്‍ വില്ലന്‍ സുരേഷല്ല. ആ സമയത്ത് സുരേഷ് ഗോപി കൂടുതലും വില്ലന്‍ വേഷങ്ങളായിരുന്നു ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ കാലാള്‍പ്പടക്ക് മുമ്പ് ഞാന്‍ സംവിധാനം ചെയ്ത ന്യൂ ഇയറില്‍ നായകതുല്യവേഷമായിരുന്നു സുരേഷ് ചെയ്തത്. വടക്കന്‍ വീരഗാഥയിലെ ആരോമല്‍ ചേകവരുടെ വേഷം കൂടി ചെയ്തതോടെ വില്ലനില്‍ നിന്ന് നായകനിലേക്ക് സുരേഷ് മാറിക്കഴിഞ്ഞു.

കോഴിക്കോട് ഗസ്റ്റ് ഹൗസിന് സമീപത്തെ റോഡില്‍ വെച്ചാണ് ഫൈറ്റ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഷൂട്ടിന് മുമ്പ് ഞാനറിയാതെ രഞ്ജിത്തിനെ വിളിച്ചിട്ട്, ഈ സീനില്‍ റഹ്‌മാനെക്കൊണ്ട് എന്നെ തല്ലിക്കരുതെന്ന് വാശി പിടിച്ച് പറഞ്ഞു. ‘റഹ്‌മാന്റെ കൈയില്‍ നിന്ന് അടി വാങ്ങാന്‍ വയ്യ, ആ ഷോട്ട് വെക്കരുത്’ എന്ന് സുരേഷ് പറഞ്ഞു. രഞ്ജിത് ഇത് കേട്ട് ഷോക്കായി. വളരെ പെട്ടെന്ന് ചെറിയ കാര്യങ്ങള്‍ക്കുപോലും പിണങ്ങുന്നയാളാണ് സുരേഷ്.

ത്യാഗരാജന്‍ മാസ്റ്ററോട് ഈ വിഷയം പറഞ്ഞു. റഹ്‌മാന്‍ ഈ കാര്യമറിഞ്ഞാല്‍ പ്രശ്‌നമാകു ,ചിലപ്പോള്‍ ഈ സിനിമ തന്നെ ഉപേക്ഷിച്ച് പോവും. ജയറാമും സുരേഷ് ഗോപിയും തമ്മില്‍ ഫൈറ്റ് വെക്കുക, റഹ്‌മാനും സിദ്ദിഖും ബാക്കി ഗുണ്ടകളുമായി ഫൈറ്റ് ചെയ്യട്ടെയെന്ന് ഞാന്‍ നിര്‍ദേശിച്ചു. മാസ്റ്റര്‍ അതുപോലെ ചെയ്തു.

പക്ഷേ റഹ്‌മാന് കാര്യം പിടികിട്ടി. അയാള്‍ എക്‌സ്ട്രാ ജെന്റില്‍മാനായാതുകൊണ്ട് ഷൂട്ട് മുഴുവന്‍ തീര്‍ത്തു. ലാസ്റ്റ് ദിവസം റഹ്‌മാന്‍ എന്റെ മുറിയിലേക്ക് വന്നു. കുറച്ചു നേരം സംസാരിച്ച ശേഷം റഹ്‌മാന്‍ പൊട്ടിക്കരഞ്ഞു. ഇത് കണ്ട് എനിക്കും വിഷമമായി. തന്റെ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമാണിതെന്നും, തമ്പിയുടെ പടമായതുകൊണ്ട് മാത്രമാണ് താനിത് പൂര്‍ത്തിയാക്കിയതെന്നും റഹ്‌മാന്‍ പറഞ്ഞു. ഇതൊക്കെ കേട്ട ശേഷം ഞാന്‍ റഹ്‌മാനോട് നന്ദി പറഞ്ഞു,’ വിജി തമ്പി പറഞ്ഞു.

Content Highlight: Viji Thambi shared an incident between Suresh Gopi and Rahman in Kaalalpada movie