മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകനാണ് വിജി തമ്പി. 36 വര്‍ഷത്തെ കരിയറില്‍ പല ഴോണറിലുള്ള സിനിമകള്‍ വിജി തമ്പി ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ വളരെ വ്യത്യസ്തമായ ലുക്കില്‍ അവതരിപ്പിച്ച സൂര്യമാനസം സംവിധാനം ചെയ്തതും വിജി തമ്പി തന്നെയാണ്. ആ ലുക്കില്‍ മമ്മൂട്ടിയെ അവതരിപ്പിക്കാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് വിജി തമ്പി.
മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്യാന്‍ വേണ്ടി ഒന്നുരണ്ട് കഥകള്‍ പറഞ്ഞെന്നും എന്നാല്‍ അതൊക്കെ മുന്‍പ് ചെയ്തതുപോലുള്ള വേഷമായതിനാല്‍ അതെല്ലാം മമ്മൂട്ടി റിജക്ട് ചെയ്‌തെന്നും വിജി തമ്പി പറഞ്ഞു. വെറൈറ്റിയായിട്ടുള്ള എന്തെങ്കിലും കഥ കൊണ്ടുവാ എന്ന് പറഞ്ഞതുകൊണ്ടാണ് ഒരു അമ്മയുടെയും മകന്റെയും കഥ സിനിമയാക്കാമെന്ന ചിന്തയില്‍ സൂര്യമാനസത്തിന്റെ കഥ പറഞ്ഞതെന്നും അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്നും വിജി തമ്പി പറഞ്ഞു.
ആ മേക്കപ്പ് എല്ലാം ചെയ്തുകഴിഞ്ഞ ശേഷം ആര്‍ക്കും അദ്ദേഹത്തെ മനസിലായില്ലെന്നും വിജി തമ്പി പറഞ്ഞു. കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജി തമ്പി ഇക്കാര്യം പറഞ്ഞത്. പ്രേം നസീറിനെപ്പോലെ ഏത് തരം വേഷവും ചെയ്യാന്‍ കഴിയുന്ന നടനാണ് മമ്മൂട്ടിയെന്നും വിജി തമ്പി കൂട്ടിച്ചേര്‍ത്തു.
‘സൂര്യമാനസത്തിന് മുന്‍പ് മമ്മൂക്കയുടെയടുത്ത് രണ്ട് കഥകള്‍ പറഞ്ഞിരുന്നു. പക്ഷേ അത് രണ്ടും പുള്ളി മുന്നേ ചെയ്തുവെച്ച ക്യാരക്ടറുകളെപ്പോലെയുള്ളതായിരുന്നു. വെറൈറ്റിയായിട്ട് എന്തെങ്കിലും കൊണ്ടുവാ എന്ന് പുള്ളി പറഞ്ഞപ്പോഴാണ് ഒരു അമ്മയുടെയും മകന്റെയും സര്‍വൈവ് ചെയ്യുന്ന കഥ മനസ്സില്‍ വന്നത്. അതുവരെ കാണാത്ത ഒരു ഗെറ്റപ്പില്‍ അവതരിപ്പിക്കേണ്ടി വരുമെന്ന് പറഞ്ഞിരുന്നു.
മമ്മൂക്കയുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഏത് തരം കഥാപാത്രവും ചെയ്യാന്‍ പറ്റുന്ന നടനാണ് അദ്ദേഹം. പ്രേം നസീറിന് ശേഷം ഏത് തരം വേഷവും ചെയ്യാന്‍ പറ്റുന്ന നടനാണ് മമ്മൂക്ക. വേഷപ്പകര്‍ച്ചകളിലൂടെ അദ്ദേഹം നമ്മളെ ഞെട്ടിച്ച് കളയും. സൂര്യമാനസത്തിലും ആ പുട്ടുറുമീസായി വന്നത് എല്ലാവരെയും ഞെട്ടിച്ചു. ആ കഥാപാത്രത്തിന് വേണ്ടി പ്രത്യേക രീതിയില്‍ സൗണ്ട് മോഡുലേഷനും കൊടുത്ത് ഡബ്ബിങ്ങിലും പുള്ളി ഞെട്ടിച്ചു. മമ്മൂക്കക്ക് മാത്രം കഴിയുന്ന കാര്യമാണത്,’ വിജി തമ്പി പറഞ്ഞു.
Content Highlight: Viji Thambi about Soorya Manasam movie