ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് 'കായികപോരാട്ടത്തിലേക്ക്'; ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; പ്രഖ്യാപനം ഗംഭീറിനെ സ്ഥാനാര്‍ഥിയാക്കിക്കൊണ്ടുള്ള ബി.ജെ.പി നീക്കത്തിനു തൊട്ടുപിറകേ
ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ പോരാട്ടം കനക്കുമെന്ന് ഉറപ്പായി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ ഇറക്കിയാണ് ബി.ജെ.പി ശ്രദ്ധ നേടിയതെങ്കില്‍ ഇന്ത്യക്കുവേണ്ടി ബെയ്ജിങ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ബോക്‌സര്‍ വിജേന്ദര്‍ സിങ്ങിനെ രംഗത്തിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.
സൗത്ത് ദല്‍ഹി മണ്ഡലത്തില്‍ നിന്നാണു വിജേന്ദര്‍ മത്സരിക്കുക. മണ്ഡലത്തിലെ ജാട്ട്, ഗുര്‍ജര്‍ വോട്ടുകള്‍ സമാഹരിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണിതെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബി.ജെ.പിയുടെ സിറ്റിങ് എം.പിയായ രമേഷ് ബിധൂരിയാണു വിജേന്ദറിന്റെ പ്രധാന എതിരാളി. കഴിഞ്ഞതവണ സൗത്ത് ദല്‍ഹി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടിയ രമേഷ് കുമാറിനെ ഇത്തവണയും മത്സരിപ്പിക്കുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു.
ഹരിയാണ സ്വദേശിയാണ് 33-കാരനായ വിജേന്ദര്‍. ഒളിമ്പിക്‌സിനു പുറമേ 2009-ല്‍ മിലാനില്‍ നടന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലും വിജേന്ദര്‍ വെങ്കലം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 2006, 2014 വര്‍ഷങ്ങളില്‍ വെള്ളിയും 2010-ല്‍ വെങ്കലവും നേടി. ഏഷ്യന്‍ ഗെയിംസില്‍ 2010-ല്‍ സ്വര്‍ണവും 2006-ല്‍ വെങ്കലവും നേടി.
വിജേന്ദര്‍ അടക്കമുള്ള പ്രമുഖരെയാണ് ദല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് നോര്‍ത്ത്-ഈസ്റ്റ് ദല്‍ഹിയില്‍ നിന്നും അജയ് മാക്കന്‍ ന്യൂദല്‍ഹിയില്‍ നിന്നും ജെ.പി അഗര്‍വാള്‍ ചാന്ദ്‌നി ചൗക്കില്‍ നിന്നും മത്സരിക്കുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ പേര് ഇത്തവണ സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ടാവാത്തത് ശ്രദ്ധേയമായി.