| Sunday, 21st June 2020, 9:34 am

'ദേവീന്ദര്‍ സിംഗിന് പോലും ജാമ്യം, എന്തുകൊണ്ട് സഫൂറയ്ക്കില്ല?' വിമര്‍ശനവുമായി വിജേന്ദര്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയേയും കേന്ദ്രസര്‍ക്കാറിനേയും വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ ബോക്‌സിങ് താരവും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ്.

തീവ്രവാദ കേസില്‍ അറസ്റ്റിലായ ജമ്മു കശ്മീര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദര്‍ സിംഗിന് ജാമ്യം നല്‍കുകയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരാമയി പ്രതിഷേധിച്ച ഗര്‍ഭണിയായ സഫൂറ സര്‍ഗാറിന് ജാമ്യം നിഷേധിക്കുകയും ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് വിജേന്ദര്‍ രംഗത്തെത്തിയത്.
ദല്‍ഹി പൊലീസ് കൃത്യ സമയത്തിന് കുറ്റപത്രം നല്‍കാത്തതിനെത്തുടര്‍ന്നാണ് ദേവീന്ദര്‍ സിംഗിന് ജാമ്യം ലഭിച്ചത്.

ദേവീന്ദര്‍ സിംഗിന് പോലും ജാമ്യം കിട്ടിയെങ്കില്‍ എന്തുകൊണ്ട് സഫൂറയ്ക്കില്ല? എന്നായിരുന്നു വിജേന്ദര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.

ദല്‍ഹി- മീററ്റ് അതിവേഗ റെയില്‍ ഇടനാഴിയുടെ കരാര്‍ ചൈനീസ് കമ്പനിക്ക് നല്‍കാനിരുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേയും വിജേന്ദര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

വിജേന്ദറിന്റെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം തുടങ്ങിയിട്ടുണ്ട്.

2019 ല്‍ വിജേന്ദര്‍ സിംഗ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സൗത്ത് ദല്‍ഹിയില്‍ നിന്നും ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more