'മോദി അയച്ച സൗജന്യ വാക്‌സിന്‍ മമതയും പാര്‍ട്ടികാരും കൊള്ളയടിച്ചു, എം.എല്‍.എമാരും ഗുണ്ടകളും നിര്‍ബന്ധംപിടിച്ച് കുത്തിവെപ്പെടുത്തു'; ആരോപണവുമായി ബി.ജെ.പി
national news
'മോദി അയച്ച സൗജന്യ വാക്‌സിന്‍ മമതയും പാര്‍ട്ടികാരും കൊള്ളയടിച്ചു, എം.എല്‍.എമാരും ഗുണ്ടകളും നിര്‍ബന്ധംപിടിച്ച് കുത്തിവെപ്പെടുത്തു'; ആരോപണവുമായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th January 2021, 8:07 am

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് കൈലാഷ് വിജയവര്‍ഗിയ. ബംഗാളിലേക്ക് കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തിന് കൊവിഡ് 19 വാക്‌സിന്‍ അയച്ചിട്ടില്ലെന്ന് മമത പറഞ്ഞതിന് പിന്നാലെയാണ് വിജയവര്‍ഗയ മമതയ്‌ക്കെതിരെ രംഗത്തെത്തിയത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിരപോരാളികള്‍ക്കും നരേന്ദ്രമോദി സൗജന്യമായി അയച്ച കൊവിഡ് വാക്‌സിന്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൊള്ളയടിച്ചെന്നും തൃണമൂല്‍ എം.എല്‍.എമാരും ഗുണ്ടകളും വാക്‌സിന്‍ എടുത്തെന്നും വര്‍ഗിയ പറയുന്നു

‘ കൊറോണ വൈറസ് വാക്‌സിനുകള്‍ കൊള്ളയടിച്ചു! കൊറോണ പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സൗജന്യ കൊവിഡ് -19 വാക്‌സിന്‍ അയച്ചു. പശ്ചിമ ബംഗാളില്‍ ടി.എം.സി എം.എല്‍.എമാര്‍ക്കും ഗുണ്ടകള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കി. മോദിജി കുറച്ച് വാക്‌സിനുകള്‍ മാത്രമാണ് അയച്ചതെന്ന് മമതാജി അവകാശപ്പെടുന്നു. മമതാജി ലജ്ജ തോന്നുന്നു! ”വിജയവര്‍ഗിയ ട്വീറ്റില്‍ പറഞ്ഞു.

ശനിയാഴ്ചയാണ് കൊവിഡ് വാക്സിന്‍ കുത്തിവെപ്പിന് രാജ്യത്ത് തുടക്കമായത്. എയിംസില്‍ വെച്ച് കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ആദ്യത്തെ കുത്തിവെപ്പ് നടന്നത്.

എയിംസിലെ ശുചീകരണതൊഴിലാളിയായ മനീഷ് കുമാറിനാണ് കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് രാജ്യത്ത് ആദ്യമായി നല്‍കിയത്. ഇതിന് പിന്നാലെ എയിംസിലെ ഡോക്ടറായ രണ്‍ദീപ് ഗുലേറിയയും ഡോസ് സ്വീകരിച്ചു.

രാജ്യത്ത് 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്സിന്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ഓരോ കേന്ദ്രത്തിലും നൂറ് പേര്‍ക്കാണ് കുത്തിവെപ്പ് നടത്തുക. രാവിലെ 9 മണി മുതല്‍ വൈകീട്ട് വരെയാണ് വാക്സിനേഷന്‍ സമയം. കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നീ വാക്സിനുകളാണ് വിതരണത്തിന് എത്തിച്ചിട്ടുണ്ടെങ്കിലും കൊവിഷീല്‍ഡിനാണ് മുന്‍ഗണന. വാക്സിന്റെ രണ്ട് ഡോസാണ് ഒരാളില്‍ കുത്തിവെക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Vijayvargiya attacks Trinamool Congress, alleges ‘loot’ of COVID-19 vaccines sent by Centre