| Monday, 30th October 2017, 5:56 pm

'എല്ലാം ശ്രദ്ധ നേടാനുള്ള തന്ത്രം'; മെര്‍സലിന്റെ കളക്ഷന്‍ റെക്കോര്‍ഡ് വ്യാജമാണെന്ന വെളിപ്പെടുത്തലുമായി വിതരണക്കാരന്‍, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നെ: ഈയ്യടുത്ത് സിനിമാ ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു വിജയ് ചിത്രം മെര്‍സലിനെ ചുറ്റിപ്പറ്റിയുണ്ടായത്. ചിത്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരെയുള്ള ഡയലോഗുകള്‍ വന്‍ വിവാദത്തിനായിരുന്നു തിരികൊളുത്തിയത്. വിവാദം പക്ഷെ ചിത്രത്തിന്റെ കളക്ഷന് അനുകൂലമായി മാറുകയും ചെയ്തു. ദിവാലി റിലീസായെത്തിയ ചിത്രം ലോകത്തെമ്പാടുമായി 200 കോടി നേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. രജനികാന്ത് ചിത്രം എന്തിരന് ശേഷം ഈ നേട്ടം ഇത്രയും വേഗത്തില്‍ കൈവരിക്കുന്ന ചിത്രമാണ് മെര്‍സല്‍.

എന്നാല്‍ പ്രശസ്ത വിതരണക്കാരനായ അഭിരാമി രാമനാഥന്‍ അവകാശപ്പെടുന്നത് മെര്‍സലിന്റെ കളക്ഷന്‍ റെക്കോര്‍ഡ് വ്യാജമാണെന്നാണ്. മെര്‍സല്‍ നേടിയെന്ന് പറയുന്ന കളക്ഷന്‍ വ്യാജമാണെന്നും അതിന് യാതൊരു തെളിവുമില്ലെന്നുമാണ് രാമനാഥന്റെ അവകാശവാദം. പ്രമുഖ തമിഴ് സിനിമാ മാധ്യമമായ വീ ടാക്കീസിന് നല്‍കിയ അഭിമുഖത്തിലാണ് രാമനാഥന്റെ വെളിപ്പെടുത്തല്‍.

മെര്‍സലിന്റെ കളക്ഷന്‍ വിവരങ്ങള്‍ ചിത്രത്തെ കുറിച്ച് ഹൈപ്പുണ്ടാക്കാനും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു നേടാനും വേണ്ടി സൃഷ്ടിച്ചതാണെന്നാണ് രാമനാഥന്‍ പറയുന്നത്. കാലങ്ങളായി സിനിമാ ലോകത്ത് നടന്നു വരുന്ന തന്ത്രമാണിതെന്നും രാമനാഥന്‍ പറയുന്നു.


Also Read: വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന് നടന്‍ സിദ്ധിഖ്


“ഞാന്‍ 1976 മുതല്‍ സിനിമാ രംഗത്തുണ്ട്. അന്നൊക്കെ ചിത്രത്തിന്റെ ടിക്കറ്റ് ബ്ലാക്കില്‍ വില്‍ക്കാന്‍ ഞങ്ങള്‍ ആള്‍ക്കാരെ ഏര്‍പ്പെടുത്തുമായിരുന്നു. ടിക്കറ്റ് ബ്ലാക്കില്‍ വില്‍ക്കുന്നത് കാണുമ്പോള്‍ സിനിമ ഭയങ്കര സംഭവമാണെന്നും അതിനകത്ത് എന്താണെന്ന് അറിയാനുമൊക്കെ പ്രേക്ഷകന് തോന്നും. ഇതേ തന്ത്രമാണ് ഇന്നും പയറ്റുന്നത്. ഒരു ചിത്രം 200 കോടിയ്ക്ക് മുകളില്‍ നേടിയെന്ന് പറയുമ്പോള്‍ അത്ര വലിയൊരു സിനിമാനുഭവം നഷ്ടമാക്കാന്‍ പ്രേക്ഷകന് തോന്നില്ല.” രാമനാഥന്‍ പറയുന്നു.

“സിനിമയുടെ കളക്ഷന്‍ വിവരം ഇത്ര പരസ്യമാക്കുന്നത് അതൊരിക്കലും ചോദ്യം ചെയ്യപ്പെടില്ലെന്നത് കൊണ്ടാണ്. കാരണം അതിന് തെളിവില്ലെന്നത് തന്നെ. ഒരു വിതരണക്കാരനെന്ന നിലയില്‍ എനിക്ക് പറയാന്‍ സാധിക്കും, ചിത്രം തിയ്യറ്ററില്‍ നിന്നും മാറുന്നത് വരെ അതിന്റെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മ്മാതാവിന് അറിയാന്‍ സാധിക്കില്ല”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമനാഥന്റെ വാക്കുകള്‍ സിനിമാ മേഖലയിലും വിജയ് ആരാധകര്‍ക്കിടയിലും വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രാമനാഥിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ആറ്റ്‌ലി സംവിധാനം ചെയ്ത മെര്‍സലില്‍ ട്രിപ്പിള്‍ റോളിലാണ് വിജയ് എത്തുന്നത്. ജി.എസ്.ടിയെ കുറിച്ചുള്ള ചിത്രത്തിലെ ഡയലോഗ് ബി.ജെ.പി നേതാക്കളെ അടക്കം ചൊടിപ്പിച്ചിരുന്നു. ചിത്രം വിലക്കണമെന്നടക്കം ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സിനിമാ പ്രേമികള്‍ ചിത്രത്തിന് പിന്തുണയുമായെത്തിയതോടെ മെര്‍സല്‍ വന്‍ വിജയമാവുകയായിരുന്നു.

We use cookies to give you the best possible experience. Learn more