| Saturday, 18th November 2023, 8:32 pm

കെ. ചന്ദ്രശേഖര്‍ റാവു അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന നേതാവ്: ബി.ജെ.പി വിട്ടതിന്റെ കാരണം വ്യക്തമാക്കി വിജയശാന്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുമായി ബി.ജെ.പി കൈകോര്‍ത്തതിനാലാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് വ്യക്തമാക്കി വിജയശാന്തി. മുന്‍ ബി.ജെ.പി നേതാവും അഭിനേത്രിയുമായ വിജയശാന്തി കഴിഞ്ഞ ദിവസമാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബി.ജെ.പി സഖ്യത്തിലെ ഏറ്റവും അഴിമതിക്കാരനായ നേതാവാണ് കെ. ചന്ദ്രശേഖര റാവുവെന്നും സഖ്യം ചേര്‍ന്നതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ നടപടികളൊന്നും എടുക്കുന്നില്ലെന്നും വിജയശാന്തി പറഞ്ഞു.

ഏതാനും ബി.ജെ.പി നേതാക്കള്‍ തനിക്കെതിരെ അധിക്ഷേപ പദപ്രയോഗം നടത്തിയെന്നും അതിനാല്‍ പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വിജയശാന്തി ആരോപിച്ചിരുന്നു. ചില നേതാക്കളുടെ അവഹേളനത്തെ തുടര്‍ന്ന് താന്‍ ബി.ജെ.പിയില്‍ അരക്ഷിതാവസ്ഥയില്‍ ആയിരുന്നെന്നും ഒരു വനിതാ നേതാവിനോട് എങ്ങനെ പെരുമാറണമെന്ന് നേതാക്കള്‍ക്ക് അറിയില്ലെന്നും വിജയശാന്തി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസും ഭാരത് രാഷ്ട്ര സമിതിയും (ബി.ആര്‍.എസ്) പിന്നാക്ക വിഭാഗ വിരുദ്ധ പാര്‍ട്ടികളാണെന്നും ബി.ജെ.പിക്ക് മാത്രമേ പിന്നാക്ക വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുള്ളുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. തെലങ്കാനയിലെ ഗദ്വാളില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചാല്‍ മതാടിസ്ഥാനത്തിലുള്ള സംവരണം നിര്‍ത്തലാക്കുമെന്നും സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും (ഒ.ബി.സി) പട്ടിക വര്‍ഗക്കാരുടെയും (എസ്.ടി) സംവരണം വര്‍ധിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഒരു പിന്നാക്ക വിഭാഗത്തില്‍ പെട്ട ആദ്യത്തെ മുഖ്യമന്ത്രിയെ തെലങ്കാനക്ക് നല്‍കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നുവെന്നും അമിത് ഷാ പറഞ്ഞു.

Content Highlight: Vijayashanti clarified the reason for leaving B.J.P

We use cookies to give you the best possible experience. Learn more