| Monday, 28th February 2022, 8:29 am

'വിജയരാഘവന്‍ എന്നോട് സിനിമ സംവിധാനം ചെയ്യരുതെന്ന് പറഞ്ഞു,': ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനായും സംവിധായകനായുമെല്ലാം നമുക്ക് സുപരിചിതനായ വ്യക്തിയാണ് ജോണി ആന്റണി. ഈയടുത്ത കാലത്തായി ഇറങ്ങിയ ഒട്ടുമിക്ക സിനിമകളിലും ജോണി ആന്റണി അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയത്തിലും ബി. ഉണ്ണികൃഷ്ണന്റെ ആറാട്ടിലുമെല്ലാം താരം വേഷമിട്ടിട്ടുണ്ട്.

സംവിധായകന്‍ എന്നതിലുപരി നടന്‍ എന്ന നിലയിലാണ് ജോണ് ആന്റണിയെ ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നതെന്നും പറയാം. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുെവക്കുകയാണ് താരം. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

തമാശ പറയുന്ന വേഷങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഏറ്റവും ബുദ്ധിമുട്ടെന്നും തമാശക്കാരനായെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ ഇഷ്ടമാകുമെന്നും ജോണി ആന്റണി പറയുന്നു.

വിജയരാഘവന്‍ തന്നോട് സിനിമ സംവിധാനം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.

‘ആറാട്ടിന്റെ ഷൂട്ട് തുടങ്ങി രണ്ടാം ദിവസം കുട്ടേട്ടനോട് ഓടി ചെന്ന് ഒരു ഡയലോഗ് പറയണം. കുട്ടേട്ടന്‍ എന്ന് പറയുന്നത് വിജയരാഘവനെയാണ്. ഷൂട്ട് കഴിഞ്ഞപ്പോള്‍ കുട്ടേട്ടന്‍ എന്നെ വിളിച്ചു ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞു. ആ സമയത്ത് എന്നോട് പറഞ്ഞു. ജോണി ഇനി സംവിധാനം ചെയ്യേണ്ടാ, അഭിനയിച്ചാല്‍ മതി ഇത് നല്ലതാണ്, നന്നാവുന്നുണ്ട്,’ ജോണി കൂട്ടിച്ചേര്‍ത്തു.

നല്ലൊരു സ്‌ക്രിപ്റ്റുണ്ടാവുകയാണെങ്കില്‍ മാത്രമേ സി.ഐ.ഡി മൂസക്ക് ഒരു സെക്കന്റ് പാര്‍ട്ട് ഉണ്ടാവുകയുള്ളെന്നും അദ്ദേഹം പറയുന്നു.

വിനീത് ശ്രീനിവാസന്‍ ഹൃദയത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് പ്രതികാരം ചെയ്യാന്‍ വല്ലതുമാണോ എന്നാണ് അപ്പൊ വീിനീത് പറഞ്ഞത് അതിന് ജോണി ചേട്ടന്‍ തനിക്ക് ദ്രോഹം ഒന്നും ചെയ്തിട്ടില്ലല്ലോയെന്നാണെന്നും ജോണി ആന്റണി പറഞ്ഞു.

ഹൃദയം, ആറാട്ട്, മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ് തുടങ്ങിയ ചിത്രങ്ങളാണ് ജോണി ആന്റണിയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. മൂന്ന് ചിത്രങ്ങളിലും വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ജോണി ആന്റണി അവതരിപ്പിച്ചിരിക്കുന്നത്.


Content Highlights: Vijayaraghavan told me not to direct films: Johnny Antony

We use cookies to give you the best possible experience. Learn more