|

മമ്മൂട്ടിയും മോഹന്‍ലാലും പാരവെച്ച് കഥാപാത്രത്തില്‍ നിന്ന് മാറ്റി എന്നൊക്കെ പറയുന്നതിനോട് നൂറുശതമാനം എതിര്‍പ്പാണ്: വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിജയരാഘവന്‍. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തുടരുന്ന അദ്ദേഹം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തു ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് വിജയരാഘവനെ തേടിയെത്തിയിരുന്നു.

സിനിമയിലെ മാറ്റിനിര്‍ത്തലുകളെ കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവന്‍. സാഹചര്യങ്ങളാണ് സിനിമയില്‍ ഓരോ കഥാപാത്രത്തെയും പലപ്പോഴും തീരുമാനിക്കുന്നതെന്നും സ്വാഭാവികമായ മാറ്റിനിര്‍ത്തലുകളെ സിനിമയില്‍ ഉള്ളുവെന്നും വിജയരാഘവന്‍ പറയുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും പാരവെച്ച് കഥാപാത്രത്തില്‍ നിന്ന് മാറ്റി എന്നൊക്കെ പറയുന്നതിനോട് തനിക്ക് നൂറ് ശതമാനം എതിര്‍പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

‘സിനിമയില്‍ ഒരു കഥാപാത്രം ആരു ചെയ്യണം എന്ന് തീരുമാനിക്കുക പലപ്പോഴും സാഹചര്യമാണ്. നായകനെ കേന്ദ്രീകരിച്ചാണല്ലോ കുറച്ച് കാലം മുമ്പ് വരെ സിനിമകള്‍ ആലോചിച്ചിരുന്നത്. നായകന്‍ – നായിക – വില്ലന്‍ – നായകന്റെ നിഴലില്‍ നില്‍ക്കുന്നവര്‍- അച്ഛന്‍, കുട്ടുകാരന്‍.

ഒരു സിനിമയില്‍ മമ്മൂട്ടിയുടെ അച്ഛനായോ സഹോദരനായോ അഭിനയിച്ചെന്ന് കരുതുക. അടുത്ത സിനിമയിലും അച്ഛന്‍ കഥാപാത്രത്തിലേക്ക് എന്നെ ആലോചിക്കുമ്പോള്‍ സ്വാഭാവികമായും ആവര്‍ത്തനമാവുമെന്ന് തോന്നില്ലേ? അപ്പോള്‍ ആ റോള്‍ സായ്കുമാറിലേക്കോ സിദ്ദിഖിലേക്കോ ഒക്കെ പോകും. അത് സ്വാഭാവികമാണ്.

അല്ലാതെ മനഃപൂര്‍വമുള്ള മാറ്റല്‍ അല്ലത്. മമ്മൂട്ടിയും മോഹന്‍ലാലും പാരവെച്ച് കഥാപാത്രത്തില്‍ നിന്ന് മാറ്റി എന്നൊക്കെ പറയുന്നതിനോട് നൂറുശതമാനം എതിര്‍പ്പാണ് എനിക്ക്.

നായകനെ കേന്ദ്രീകരിച്ചുള്ള സിനിമ ഇറങ്ങുമ്പോള്‍ അവര്‍ക്കു പുതുമ സൃഷ്ടിക്കണം. അതിന് പുതിയ ആള്‍ക്കാര്‍ വേണം. ഓരോ സിനിമയും ഓരോന്നല്ലേ, എല്ലാം ഒരു പോലെ ആവുന്നതും ഔചിത്യക്കുറവല്ലേ. ആവശ്യമുണ്ടങ്കില്‍ വിളിക്കുമെന്ന ആത്മവിശ്വാസം എന്നുമുണ്ട്,’ വിജയരാഘവന്‍ പറയുന്നു.

Content highlight: Vijayaraghavan talks about the exclusions in cinema

Latest Stories