മലയാള സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് വിജയരാഘവന്‍. സ്വഭാവ നടന്‍ എന്ന രീതിയിലാണ് അദ്ദേഹം കൂടുതല്‍ ജനപ്രീതി നേടുന്നത്. പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള 2023ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
നൂറിലേറെ മലയാള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് സിനിമയുടെ സ്‌ക്രിപ്റ്റുകള്‍ വായിക്കാന്‍ തരുന്നതെന്ന് വിജയരാഘവന്‍ പറയുന്നു. പണ്ടെല്ലാം സ്‌ക്രിപ്റ്റ് ചോദിക്കുന്നത് എന്തോ അപരാധം ചെയ്യുന്നത് പോലെ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുറച്ച് നാളായിട്ടേ ഉള്ളു നമുക്കൊക്കെ സ്‌ക്രിപ്റ്റ് വായിക്കാന്‍ തരാന്‍ തുടങ്ങിയിട്ട്. പണ്ടൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട് ഇയാളെന്തിനാ സ്‌ക്രിപ്റ്റ് ഒക്കെ വായിച്ചിട്ട് എന്ന്. നിങ്ങളെന്തിനാ സ്‌ക്രിപ്റ്റ് വായിക്കുന്നെ, നിങ്ങളോട് അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞിട്ടില്ലല്ലോ സിനിമയിലേക്ക് വിളിച്ചത് പിന്നെ എന്തിനാ സ്‌ക്രിപ്റ്റ് എന്നിങ്ങനെ ഉള്ള രീതിയിലെല്ലാം സംസാരിക്കും.
സ്‌ക്രിപ്റ്റ് ചോദിക്കുന്നത് എന്തോ വലിയ കുറ്റമാണെന്നുള്ള രീതിയിലാണ് സംസാരം മുഴുവന്‍. ഈ അടുത്ത കാലത്ത് പഴയൊരു സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്നെ പേരെടുത്ത് പറഞ്ഞിട്ട് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട് അയാള്‍ സ്‌ക്രിപ്റ്റ് ചോദിക്കുമായിരുന്നെന്ന്. എന്നിട്ട് അയാള്‍ വിജയരാഘവന്‍ മമ്മൂട്ടി ഒന്നും അല്ലാലോ എന്നൊക്കെ തിരിച്ച് ചോദിച്ചെന്ന് പറയുന്നു. അയാള്‍ അങ്ങനെ ഒന്നും ചോദിച്ചിട്ടില്ല. അതൊക്കെ ചുമ്മാ ഇന്റര്‍വ്യൂവില്‍ തള്ളിയതാണ്.
സ്‌ക്രിപ്റ്റ് ചോദിക്കുന്നത് തന്നെ അപരാതമായിട്ടാണ് കണ്ടിരുന്നത്. ഇപ്പോഴാണെങ്കില്‍ മിക്കവാറും ആളുകളും സ്‌ക്രിപ്റ്റ് തരും എന്നിട്ട് വായിച്ച് നോക്കിട്ട് ചേട്ടാ അഭിപ്രായം എന്തെങ്കിലും ഉണ്ടെങ്കില്‍ പറയണം എന്നൊക്കെ പറയും. ഞാന്‍ അഭിപ്രായം ഒന്നും പറയാറില്ല നമ്മുടെ ക്യാരക്ടറിനെ കുറിച്ച് മാത്രം പറയും. പിന്നെ അത്രയും അടുപ്പമുള്ളവരാണെങ്കില്‍ മാത്രം എന്തെങ്കിലും അഭിപ്രായം പറയുമെന്നല്ലാതെ വേറൊന്നും പറയാറില്ല. നമുക്ക് പറ്റുമെങ്കില്‍ അഭിനയിക്കും.
ഇന്നാണെങ്കില്‍ ഭൂരിഭാഗം ഫിലിം മേക്കേഴ്സും സ്‌ക്രിപ്റ്റ് നമുക്ക് തരും. അത് വളരെ നല്ലൊരു കാര്യമാണ്. പണ്ടേ സിനിമയില്‍ വേണ്ടതായിരുന്നു,’ വിജയരാഘവന്‍ പറയുന്നു.
Content Highlight: Vijayaraghavan Talks About Script Related Issue In Malayalam Cinema