|

മലയാള സിനിമയില്‍ വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചത് ആ സംവിധായകനാണ്: വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സംവിധായകനാണ് പാലിശ്ശേരി നാരായണന്‍കുട്ടി മേനോന്‍ എന്ന പി.എന്‍. മേനോന്‍. പ്രശസ്ത സംവിധായകന്‍ ഭരതന്റെ ചെറിയച്ഛനാണ് ഇദ്ദേഹം. തൃശൂര്‍ സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ പഠിച്ചിറങ്ങിയ മേനോന്‍ 1965ല്‍ റോസി എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്.

1969ല്‍ പുറത്തിറങ്ങിയ ഓളവും തീരവും മേനോനെ എണ്ണം പറഞ്ഞ സംവിധായകരുടെ നിലയിലേക്കുയര്‍ത്തി. ആ വര്‍ഷത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന അവാര്‍ഡും ഓളവും തീരത്തിനും ലഭിച്ചിരുന്നു. കുട്ട്യേടത്തി (1971), മാപ്പുസാക്ഷി (1971), മലമുകളിലെ ദൈവം (1983) എന്നിവ ഇദ്ദേഹത്തിന്റെ പ്രതിഭാസ്പര്‍ശം ആവോളം ഏറ്റുവാങ്ങിയ ചിത്രങ്ങളാണ്. 2004ല്‍ പുറത്തിറങ്ങിയ നേര്‍ക്കുനേര്‍ ആണ് അവസാനമായി പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം.

പി. എന്‍. മേനോനെ കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവന്‍. മലയാള സിനിമയില്‍ വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചത് പി.എന്‍. മേനോനാണെന്ന് വിജയരാഘവന്‍ പറയുന്നു. അദ്ദേഹം സംവിധാനം ചെയ്ത ഓളവും തീരവുമാണ് സ്റ്റുഡിയോയ്ക്ക് പുറത്ത് ഷൂട്ട് ചെയ്ത ആദ്യ മലയാള ചിത്രമെന്നും വ്യത്യസ്ത ക്യാമറ ഷോട്ടുകളും ആംഗിളുകളും പരീക്ഷിക്കുന്ന ചിത്രമെന്നും വിജരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

ജോണ്‍ എബ്രഹാം, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍, പത്മരാജന്‍, കെ.ജി ജോര്‍ജ് തുടങ്ങിയവരും മലയാള സിനിമയുടെ മാറ്റത്തിന് കാരണമായിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം സിനിമക്ക് ലാംഗ്വേജ് ഉണ്ടാകുന്നത് എഴുപതുകളിലാണെന്നും കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

‘മലയാള സിനിമയില്‍ വലിയൊരു മാറ്റം വരുത്തിയത് എന്റെ അറിവില്‍ പി.എന്‍ മേനോന്‍ സാറാണ്. അദ്ദേഹത്തിന്റെ ഓളവും തീരവും എന്ന സിനിമയാണ് സ്റ്റുഡിയോയില്‍ നിന്ന് പുറത്ത് വന്ന് എടുത്ത സിനിമ. അദ്ദേഹമാണ് ലോങ്ങ് ഷോട്ടില്‍ നിന്ന് ക്ലോസിലേക്കും ക്ലോസ് ഷോട്ടില്‍ നിന്ന് ലോങ്ങിലേക്കുമെല്ലാം കട്ട് ചെയ്യാമെന്ന് ആദ്യം കാണിച്ചു തന്നത്. പണ്ട് അങ്ങനെ അല്ലായിരുന്നു.

ഒരു സീന്‍ വൈഡില്‍ തുടങ്ങുന്നു പിന്നെ സജഷന്‍ ക്ലോസ്, ക്ലോസ് സജഷന്‍ അങ്ങനെ അവസാനം വൈഡില്‍ തന്നെ അത് അവസാനിക്കുകയും ചെയ്യും. അങ്ങനെ ആയിരുന്നു സങ്കല്‍പ്പം. പിന്നെ ക്യാമറ അപ്പുറത്തേക്ക് പോകില്ലായിരുന്നു 180 ഡിഗ്രിയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇമേജിനറി ലൈനിന്റെ അപ്പുറത്തേക്ക് പോയാല്‍ കുഴപ്പമാണെന്നാണ് വിചാരിച്ചിരുന്നത്. ആ ചിന്തയെല്ലാം മാറ്റിയത് പി.എന്‍ മേനോനാണ്.

അതോടൊപ്പം തന്നെ ജോണ്‍ എബ്രഹാം, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍, പത്മരാജന്‍, കെ.ജി ജോര്‍ജ് തുടങ്ങിയവരാണ്. ആ പ്രതിഭകളുടെ ഒഴുക്ക് തുടങ്ങുന്നത് എഴുപതുകളിലാണ്. സിനിമക്ക് സിനിമയുടെ ലാംഗ്വേജ് ഉണ്ടാകുന്നത് അപ്പോഴാണ്. മറ്റേത് സ്റ്റേജ് ചെയ്യുന്നതുപോലെയായിരുന്നു. ആ സംഭവങ്ങളിലൂടെ സഞ്ചരിച്ച് സിനിമയെ ഇന്നുകാണുന്ന നിലയിലെത്തിച്ചത് ഇവരൊക്കെയായിരുന്നു. പ്രത്യേകിച്ച് ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് വന്നവര്‍,’ വിജയരാഘവന്‍ പറയുന്നു.

Content Highlight: Vijayaraghavan Talks About P.N. Menon