| Wednesday, 5th April 2023, 5:38 pm

മമ്മൂട്ടി ശുദ്ധനായ മനുഷ്യനാണ്, ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും: വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ശുദ്ധനായ മനുഷ്യനാണ് മമ്മൂട്ടിയെന്ന് നടന്‍ വിജയരാഘവന്‍. പലരും അദ്ദേഹത്തെ പറ്റി പല കാര്യങ്ങളും പറയുന്നത് കേട്ടിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം സാധാരണ മനുഷ്യനാണെന്നും വിജയ രാഘവന്‍ പറഞ്ഞു. പുതിയ സിനിമ ചെയ്യണമെന്നുള്ള ആഗ്രഹമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റിയെന്നും ഇന്നലെ അഭിനയിക്കാന്‍ വന്ന നടനെ പോലെയാണ് മമ്മൂട്ടിയെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവന്‍ പറഞ്ഞു.

‘മമ്മൂട്ടി എന്റെ നല്ല സുഹൃത്താണ്. അയാളെ പറ്റി പലരും പലതും പറയാറുണ്ട്. ശുദ്ധനായ മനുഷ്യനാണ്. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് ചിലര്‍ പറയില്ലേ. പുള്ളിക്ക് തോന്നുന്നത് ചിലപ്പോള്‍ പറയും. ചിലപ്പോള്‍ അങ്ങനെ പറയേണ്ട കാര്യമില്ലായിരിക്കാം. പക്ഷേ പറയുന്നത് അത്ര വലിയ അപകടവുമല്ല. മമ്മൂട്ടി അങ്ങനെ പറയാമോ എന്നൊക്കെ ചിലര്‍ പറയും. അയാള്‍ വളരെ നല്ലൊരു സാധാരണ മനുഷ്യനാണ്.

പുതിയ പുതിയ റോളുകളില്‍ അഭിനയിക്കണം, പുതിയ സിനിമ ചെയ്യണമെന്നുള്ള ആഗ്രഹമാണ് പുള്ളിയുടെ ഏറ്റവും വലിയ ക്വാളിറ്റി. ഇന്നലെ അഭിനയിക്കാന്‍ വന്ന നടനെ പോലെയാണ് മമ്മൂട്ടി. അവരെക്കാളുമൊക്കെ ആഗ്രഹമുള്ളയാളാണ്. അടുത്ത ഒരു പടം ചെയ്യണം, നല്ലൊരു പടം ചെയ്യാന്‍ എന്താണ് വഴി, ഇങ്ങനെ ഒരു കൊച്ചുകുട്ടിയെ പോലെ മനസില്‍ സിനിമയെ താലോലിക്കുന്ന, സിനിമയെ ഇഷ്ടപ്പെടുന്ന ഒരാളാണ്.

ഒരാഴ്ച പോലും പുള്ളിക്ക് വീട്ടില്‍ വെറുതെ ഇരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് അഭിനയിക്കണം. അത്രമാത്രം സിനിമയെ ഇഷ്ടപ്പെടുന്ന ആളാണ്. അതുകൊണ്ട് തന്നെ എനിക്ക് ആളെ ഭയങ്കര ഇഷ്ടമാണ്. ചെയ്യുന്ന പ്രൊഫഷനോട് അത്രമാത്രം ആത്മാര്‍ത്ഥതയുള്ള ആളാണ്,’ വിജയരാഘവന്‍ പറഞ്ഞു.

നായകകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനെ പറ്റിയും വിജയരാഘവന്‍ പറഞ്ഞു. ‘എനിക്ക് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മടുത്ത് പോയി. ഒന്നും ചെയ്യാനില്ല എന്ന് തോന്നും. ഒരേ കഥാപാത്രം പോലെ ചെയ്യുന്നത് പോലെ തോന്നി. നായകനാവുമ്പോള്‍ പ്രായം കൂട്ടാന്‍ പറ്റില്ല. പക്ഷേ പൂക്കാലത്തിന്റെ അപ്പൂപ്പന്റെ പ്രണയം എനിക്ക് ഭയങ്കര ഇഷ്ടമാണ്. അയാള്‍ നായകനാണ്. വളരെ വ്യത്യസ്തമായ പ്രണയമാണ്. കഥാപാത്രമാവുമ്പോഴാണ് എനിക്ക് ഇഷ്ടമാവുന്നത്,’ വിജയരാഘവന്‍ പറഞ്ഞു.

ആനന്ദത്തിന് ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂക്കാലം. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, റോഷന്‍ മാത്യു, അബു സലിം എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്. ഏപ്രില്‍ എട്ടിനാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: vijayaraghavan talks about mammootty

Latest Stories

We use cookies to give you the best possible experience. Learn more