| Saturday, 7th September 2024, 1:33 pm

അങ്ങനെ ആകാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു അതുകൊണ്ടാണ് 2000ത്തില്‍ സിനിമയില്‍ നിന്നും വിട്ടുനിന്നത്: വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് വിജയരാഘവന്‍. സ്വഭാവ നടന്‍ എന്ന രീതിയിലാണ് അദ്ദേഹം കൂടുതല്‍ ജനപ്രീതി നേടുന്നത്. പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള 2023ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

2000ത്തിന്റെ തുടക്കത്തില്‍ തനിക്ക് നായകനാകേണ്ടെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും വിട്ട് നിന്നെന്ന് വിജയരാഘവന്‍ പറയുന്നു. ഒരേപോലെയുള്ള കഥകളും കഥാപാത്രങ്ങളും മാത്രം വന്നതുകൊണ്ടാണ് അങ്ങനെ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് സിനിമയില്‍ സ്റ്റാര്‍ ആകാനല്ല താത്പര്യമെന്നും നല്ല നടനാകുന്നതിനാണ് താത്പര്യമെന്നും വിജയരാഘവന്‍ പറയുന്നു. ഫിലിമി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

‘നായകാനാകാന്‍ വയ്യാത്തത് കൊണ്ട് 2000ത്തില്‍ സിനിമയില്‍ അഭിനയിക്കുന്നത് ഞാന്‍ നിര്‍ത്തിയിരുന്നു. കുറെ സിനിമകള്‍ ഒരുപോലത്തെ തന്നെ ആയപ്പോള്‍ എനിക്ക് മടുക്കാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നു.

എന്നെ ഒക്കെ വിളിക്കുന്ന സിനിമകള്‍ക്ക് ഒരു ഫ്രെയിം ഉണ്ടായിരുന്നു. എട്ട് ഫൈറ്റ് അല്ലെങ്കില്‍ ഒന്‍പത് ഫൈറ്റ് അതിനകത്തൊരു കാമുകി കാണും അച്ഛന്‍ കാണും പാട്ടുണ്ടാകും അങ്ങനെയൊക്കെ ഉള്ള കഥയായിരുന്നു അന്ന് വന്നുകൊണ്ടിരുന്നത്. പിന്നെ മലബാറിലൊക്കെ എന്നെ വിളിക്കും അതും ഫൈറ്റ് ഉള്ളതുകൊണ്ട്, പിന്നെ അത് കൂലി പണിക്ക് ഇറങ്ങുന്നത് പോലെ ആയി.

ഒരു ആക്ടര്‍ എന്നുള്ളത് നഷ്ടപ്പെടും. നമുക്ക് തന്നെ വൈകുന്നേരമാകുമ്പോള്‍ തോന്നും എന്തിനാ ഈ പണിക്ക് ഇറങ്ങുന്നതെന്ന്. അങ്ങനെ ഒരു അവസ്ഥയുണ്ടായിരുന്നു എനിക്ക്. എല്ലാവര്‍ക്കും അങ്ങനെ ആവണമെന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു നടനാവുക എന്നതാണ് പ്രധാനകാര്യം അല്ലാതെ ഒരു താരം ആകുക എന്നല്ല,’ വിജയരാഘവന്‍ പറയുന്നു.

നൂറിലേറെ മലയാള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് സിനിമയുടെ സ്‌ക്രിപ്റ്റുകള്‍ വായിക്കാന്‍ തരുന്നതെന്ന് വിജയരാഘവന്‍ പറയുന്നു. പണ്ടെല്ലാം സ്‌ക്രിപ്റ്റ് ചോദിക്കുന്നത് എന്തോ അപരാധം ചെയ്യുന്നത് പോലെ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ന് മലയാള സിനിമയില്‍ പുതിയ ആളുകള്‍ സ്‌ക്രിപ്റ്റ് തരാറുണ്ടെന്നും അത് നല്ല കാര്യമാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Content Highlight:  Vijayaraghavan Talks About His Gap From  Films In the 2000s

We use cookies to give you the best possible experience. Learn more