| Tuesday, 17th September 2024, 5:07 pm

അദ്ദേഹം അഭിനേതാവ് മാത്രമല്ല; സുഭാഷ് ചന്ദ്രബോസിന്റെ കൂടെ സ്വാതന്ത്ര്യ സമരത്തില്‍ വരെ പങ്കെടുത്തിട്ടുണ്ട്: വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കാലങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് വിജയരാഘവന്‍. നാടകരംഗത്ത് നിന്നും മലയാള സിനിമയിലേക്ക് കടന്നുവന്ന വിജയരാഘവന്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും തന്റേതായ ഒരു ശൈലി കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്.

അദ്ദേഹത്തിന്റെ പിതാവ് എന്‍. എന്‍. പിള്ള മലയാള നാടക വേദിയുടെ ആചാര്യന്‍മാരില്‍ ഒരാളായിരുന്നു. നാടകങ്ങളിലൂടെ അഭിനയം ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ഗോഡ് ഫാദര്‍, നാടോടി, കാപാലിക തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അച്ഛന്‍ എന്‍.എന്‍ പിള്ളയെ കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവന്‍. അദ്ദേഹത്തിന്റെ മകനായി ജനിക്കാന്‍ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യമാണെന്നും തന്റെ അച്ഛന്‍ സുഭാഷ് ചന്ദ്രബോസിനോടൊപ്പം ഐ.എന്‍.എയില്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും വിജയരാഘവന്‍ പറയുന്നു.

കുട്ടിക്കാലം തൊട്ടേ നാടകവും അഭിനേതാക്കളെയും കണ്ടാണ് താന്‍ വളര്‍ന്നതെന്നും ജീവിതത്തിലെ സുഖവും ദുഃഖവും എല്ലാം അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ ലൂക്കേര്‍സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത്രയും വലിയൊരു ഭാഗ്യം ലോകത്ത് ഒരാള്‍ക്കും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്ക് എന്‍.എന്‍ പിള്ളയുടെ മകനായിട്ട് ജനിക്കാന്‍ പറ്റി. അത് വലിയൊരു ഭാഗ്യമല്ലേ. അച്ഛന്‍ നാടകകൃത്ത് മാത്രമല്ല ഒരു സാഹിത്യകാരനുമാണ്. അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

സുഭാഷ് ചന്ദ്രബോസിന്റെ കൂടെ ഐ.എന്‍.എയില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട് അദ്ദേഹം. യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. അങ്ങനെ വളരെ ധീരനായ ഒരാളുടെ മകനാണ് ഞാന്‍. അദ്ദേഹം ജീവിതത്തില്‍ വളരെ സത്യസന്ധനാണ്. അങ്ങനെ ജീവിതത്തില്‍ ആരുടെ അടുത്തും ഒരു ഔദാര്യത്തിനും കൈനീട്ടുന്നത് എന്റെ ജീവിതത്തില്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അങ്ങനെ ഒരു അച്ഛന്റെ മകനായിട്ട് ജനിക്കാന്‍ പറ്റിയത് ഭാഗ്യമല്ലേ.

ഞാന്‍ കുട്ടിക്കാലം മുതല്‍ നാടകവും അഭിനയവുമൊക്കെ കാണുന്നുണ്ട്. എന്റെ വീട്ടില്‍ ചെറുപ്പം തൊട്ടേ റിഹേഴ്‌സല്‍ നടക്കുന്നു കലാകാരന്മാര്‍ വരുന്നു, അവരെയെല്ലാം ഞാന്‍ കാണുന്നു, അവരുടെ അഭിനയം ആസ്വദിക്കുന്നു, അവരോടൊപ്പം ജീവിക്കാന്‍ പറ്റുന്നു ജീവിതത്തിലെ സുഖവും ദുഃഖവും എല്ലാം ഞാന്‍ അറിഞ്ഞിട്ടുണ്ട്,’ വിജയരാഘവന്‍ പറയുന്നു.

Content  Highlight: Vijayaraghavan Talks About His Father N.N Pilla

We use cookies to give you the best possible experience. Learn more