Entertainment news
ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനുള്ളതാണ്: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 09, 03:53 am
Sunday, 9th February 2025, 9:23 am

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറസാന്നിധ്യമാണ് നടന്‍ വിജയരാഘവന്‍. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു കഴിഞ്ഞു. മലയാളത്തിന്റെ നാടകാചാര്യന്മാരില്‍ ഒരാളായ എന്‍. എന്‍. പിള്ളയുടെ മകനാണ് വിജയ രാഘവന്‍.

ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാരിലൊരാള്‍ ഞാനാണെന്നാണ് വിശ്വസിക്കുന്നത്. എന്‍.എന്‍. പിള്ളയുടെ മകനായി ജനിച്ചു എന്നതാണ് ആ ഭാഗ്യം – വിജയരാഘവന്‍

താന്‍ എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് അച്ഛന്‍ എന്‍. എന്‍. പിള്ളക്കുള്ളതാണെന്ന് വിജയരാഘവന്‍ പറയുന്നു. എന്‍. എന്‍. പിള്ളയുടെ മകനായി ജനിച്ചു എന്നതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാരിലൊരാള്‍ താനെന്ന് വിശ്വസിക്കുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് അച്ഛനുള്ളതാണ്. ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാരിലൊരാള്‍ ഞാനാണെന്നാണ് വിശ്വസിക്കുന്നത്. എന്‍.എന്‍. പിള്ളയുടെ മകനായി ജനിച്ചു എന്നതാണ് ആ ഭാഗ്യം. കുട്ടിക്കാലം മുതല്‍ വീട്ടില്‍ നാടക റിഹേഴ്‌സലൊക്കെ കണ്ടാണ് വളര്‍ന്നത്. അച്ഛന്‍ അഭിനേതാക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നതും എഴുതുന്നതും നാടകങ്ങളുമായി യാത്ര ചെയ്യുന്നതുമെല്ലാം കണ്ടുവളര്‍ന്നു.

എങ്ങനെയാണ് ഒരു കഥാപാത്രത്തെ രൂപപ്പെടുത്തുന്നതെന്ന് പഠിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് അതാണ്.  ചെറുപ്പം മുതലേ നാടകത്തില്‍ ചെറിയ വേഷങ്ങളൊക്കെ ചെയ്തു. 19-ാം വയസില്‍ ഒരുദിവസം അപ്രതീക്ഷിതമായി വലിയൊരു കഥാപാത്രം ചെയ്യാന്‍ അച്ഛന്‍ എന്നോട് നിര്‍ദേശിച്ചു. ആ കഥാപാത്രം ചെയ്യേണ്ട നടന്‍ പെട്ടെന്ന് അസുഖബാധിതനായപ്പോഴാണ് അത്തമൊരു ഉത്തരവാദിത്വം എന്നെ ഏല്‍പ്പിച്ചത്.

65 വയസുകാരന്റെ റോളായിരുന്നു. കഥാപാത്രത്തെ കുറിച്ച് ഒരു ധാരണയുമില്ല. എങ്ങനെയോ ചെയ്ത് ഒപ്പിച്ചു. എന്നാല്‍, ഒരുപാടുപേര്‍ അഭിനന്ദിച്ചു. അത് നന്നായിരുന്നില്ല എന്നെനിക്ക് ഇപ്പോള്‍ അറിയാം. കാരണം അത്രപെട്ടെന്ന് അഭിനയിച്ച് ഫലിപ്പിക്കാന്‍ ആര്‍ക്കും ആവില്ല.

വേദിയില്‍ കയറി നമ്മളൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ കണ്ടുനില്‍ക്കുന്ന ആള്‍ക്കാരില്‍ ചിലര്‍ ചിരിക്കും, മറ്റ് ചിലര്‍ കരയും. ആ തത്സമയ പ്രതികരണമാണ് അഭിനേതാവിന്റെ ആവേശവും നിലനില്‍പ്പും. കുറെ നല്ല കഥാപാത്രങ്ങള്‍ അന്ന് നാടകത്തില്‍ ചെയ്യാന്‍ പറ്റി,’ വിജയരാഘവന്‍ പറയുന്നു.

Content highlight: Vijayaraghavan talks about his father