Advertisement
Entertainment
അഭിനയത്തിന് എങ്ങനെ അവാര്‍ഡ് കൊടുക്കും? ഓട്ട മത്സരമാണെങ്കില്‍ ആദ്യമെത്തുന്നവര്‍ക്ക് നല്‍കാം: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 18, 02:50 am
Wednesday, 18th September 2024, 8:20 am

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കാലങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് വിജയരാഘവന്‍. നാടകരംഗത്ത് നിന്നും മലയാള സിനിമയിലേക്ക് കടന്നുവന്ന വിജയരാഘവന്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും തന്റേതായ ഒരു ശൈലി കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്.

അഭിനയത്തിന് എങ്ങനെയാണ് അവാര്‍ഡ് കൊടുക്കാന്‍ കഴിയുന്നതെന്ന് ചോദിക്കുകയാണ് വിജയരാഘവന്‍. ഒരു കഥാപാത്രത്തെ നാല് പേര് അഭിനയിച്ചിട്ട് അതില്‍ ഏതാണ് ഏറ്റവും മികച്ചതെന്ന് കണ്ടു പിടിക്കാന്‍ കഴിയുമെന്നും എന്നാല്‍ പല ആളുകള്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചാല്‍ അതിനെങ്ങനെയാണ് അവാര്‍ഡ് കൊടുക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

ഓട്ടവും ചാട്ടവും മറ്റുമാണെങ്കില്‍ ആദ്യമെത്തുന്നവര്‍ക്കും ഏറ്റവും കൂടുതല്‍ ചാടുന്നവര്‍ക്കും അവാര്‍ഡ് കൊടുക്കാന്‍ കഴിയുമെന്നും എന്നാല്‍ അഭിനയത്തിനകത്ത് എങ്ങനെയാണ് മത്സരം വരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിനയം ഒരിക്കലും മത്സരിക്കേണ്ട ഒന്നായി തനിക്ക് തോന്നിയിട്ടില്ലെന്നും വിജയരാഘവന്‍ പറയുന്നു. ഓണ്‍ ലൂക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഭിനയത്തിന് അവാര്‍ഡ് കൊടുക്കുക എന്ന് പറയുന്നത് ഞാന്‍ ഒരു മോശം കാര്യം ആയിട്ട് പറയുന്നതല്ല. എന്നാലും ഒരു കഥാപാത്രം നാല് പേര് അഭിനയിച്ചിട്ട് അതില്‍ ആരാണ് നല്ലതെന്ന് പറഞ്ഞാല്‍ നമുക്ക് മനസിലാക്കാം. ഇപ്പോള്‍ ഞാന്‍ ഒരു മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആസിഫ് അലി വേറൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു, അശോകന്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കും, ഇങ്ങനെ ഓരോരുത്തരും ഓരോ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

ഞാന്‍ ചെയ്യുന്ന കഥാപാത്രം പോലെ അല്ലല്ലോ വേറൊരു അഭിനേതാവ് ചെയ്യുന്ന കഥാപാത്രം. അദ്ദേഹം ചെയ്യുന്ന ക്യാരക്ടര്‍ പെര്‍ഫെക്റ്റ് ആയിരിക്കും. അത് എനിക്ക് ചെയ്യാന്‍ കഴിയില്ല. ഞാന്‍ ചെയ്യുന്ന കഥാപാത്രത്തെ ഒരു പ്രത്യേക രീതിയില്‍ ഒരുക്കി വെച്ച് എനിക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന രീതിയിലായിരിക്കും ഞാന്‍ അവതരിപ്പിക്കുക. അടുത്ത ആള്‍ അതില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടായിരിക്കും ഒരു കഥാപാത്രത്തെ ചെയ്യുന്നത്. അതും അതി ഗംഭീരം ആയിരിക്കും.

ഇവര്‍ മൂന്ന് പേരും കൂടെ എങ്ങനെയാണ് മത്സരിക്കുന്നത്? ഇതൊരു ഓട്ട മത്സരമാണെങ്കില്‍ നമുക്ക് ഒന്നാമത് ഓടിയെത്തുന്ന ആള്‍ക്ക് അവാര്‍ഡ് കൊടുക്കാം. അല്ലെങ്കില്‍ ചാട്ടമാണെങ്കില്‍ ഏറ്റവും കൂടുതല്‍ ഉയരത്തില്‍ ചാടുന്നവനും കൊടുക്കാം. അഭിനയത്തിനകത്ത് എങ്ങനെയാണ് മത്സരം വരുന്നത്. അഭിനയം ഒരിക്കലും മത്സരിക്കേണ്ട ഒരു സാധനമാണെന്ന് എനിക്ക് തോന്നിയിട്ടില്ല,’ വിജയരാഘവന്‍ പറയുന്നു.

Content Highlight: Vijayaraghavan Talks About Award System For Acting