| Saturday, 7th September 2024, 6:33 pm

എല്ലാ മികച്ച സംവിധായകരുടെയും കൂടെ അഭിനയിച്ച മലയാളത്തിലെ ഒരേയൊരു നടനാണ് അദ്ദേഹം: വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അശോകന്‍. 1979ല്‍ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. പി. പത്മരാജന്‍ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ രാമന്‍ എന്ന കഥാപാത്രമായാണ് അശോകന്‍ എത്തിയത്.

പെരുവഴിയമ്പലത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അന്ന് അശോകന് 17 വയസായിരുന്നു. ബാലതാരമായിട്ടാണോ നടനായിട്ടാണോ പരിഗണിക്കേണ്ടത് എന്ന ആശയക്കുഴപ്പം കാരണം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അന്ന് അദ്ദേഹത്തിന് നഷ്ടമാകുകയായിരുന്നു.

ഇപ്പോള്‍ അശോകനെ കുറിച്ച് പറയുകയാണ് നടന്‍ വിജയരാഘവന്‍. അശോകന് എന്തിനാണ് ഒരു അവാര്‍ഡ് കിട്ടുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഏറ്റവും പ്രഗല്‍ഭരായിട്ടുള്ള എല്ലാ സംവിധായകരുടെയും സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ച ആളാണ് അശോകനെന്നും അതിനേക്കാള്‍ വലിയ അവാര്‍ഡ് ലോകത്തില്‍ വേറെ കിട്ടാനില്ലെന്നും അദ്ദേഹം പറയുന്നു. ഓണ്‍ലൂക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

‘അശോകന് എന്തിനാണ് ഒരു അവാര്‍ഡ് കിട്ടുന്നത്. മലയാള സിനിമ ഉണ്ടായ കാലഘട്ടം മുതല്‍ നോക്കുകയാണെങ്കില്‍ ഏറ്റവും പ്രഗല്‍ഭരായിട്ടുള്ള എല്ലാ സംവിധായകരുടെയും സിനിമയില്‍ അഭിനയിക്കാനായ ആളാണ് അശോകന്‍. അതിനേക്കാള്‍ വലിയ അവാര്‍ഡ് ലോകത്തില്‍ വേറെ കിട്ടാനില്ല.

മലയാളത്തില്‍ വേറെയാര്‍ക്കും അങ്ങനെയൊരു ഭാഗ്യം കിട്ടിയിട്ടില്ല. എത്ര ലെജന്‍സിന്റെ കൂടെയാണ് അഭിനയിച്ചിട്ടുള്ളത്. അതൊരു വലിയ അനുഭവമല്ലേ. ഒരു അവാര്‍ഡ് കൊടുക്കുന്ന സമയത്ത് ആ അവാര്‍ഡിനായി അഞ്ചോ പത്തോ ആളുകളുണ്ടാകും. ഈ അവാര്‍ഡിന് ഇവനാണ് നല്ലതെന്ന് പറഞ്ഞാണ് ആ അവാര്‍ഡ് ഒരാള്‍ക്ക് കൊടുക്കുക.

ഇതിനെ മറ്റൊരു രീതിയിലും പറയാം. ഞാന്‍ ഒരു മോശം കാര്യമായിട്ടല്ല പറയുന്നത്. ഒരു കഥാപാത്രത്തെ നാലുപേര്‍ അവതരിപ്പിച്ചിട്ട് അതില്‍ ആരാണ് നല്ലതെന്ന് പറഞ്ഞാല്‍ നമുക്ക് മനസിലാക്കാം. പക്ഷെ ഇവിടെ ഞാനൊരു കഥാപാത്രം ചെയ്യുന്നു, അടുത്തയാള്‍ മറ്റൊരു കഥാപാത്രം ചെയ്യുന്നു. അത്തരത്തില്‍ ഓരോരുത്തരും ഓരോ കഥാപാത്രങ്ങളാണ് ചെയ്യുന്നത്.

പക്ഷെ ഞാന്‍ ചെയ്യുന്ന കഥാപാത്രമല്ലല്ലോ മറ്റുള്ളവര്‍ ചെയ്യുന്നത്. മറ്റൊരാള്‍ ചെയ്യുന്ന കഥാപാത്രം പെര്‍ഫക്ട് ആയിരിക്കും. അത് എനിക്ക് ചെയ്യാന്‍ പറ്റിയെന്ന് വരില്ല. ഞാന്‍ ചെയ്യുന്ന കഥാപാത്രവും അത്തരത്തില്‍ തന്നെയാകും. ഓട്ടമത്സരമാണെങ്കില്‍ നമുക്ക് ആദ്യം ഓടിയെത്തുന്നവര്‍ക്ക് അവാര്‍ഡ് കൊടുക്കാം. പക്ഷെ ഇവിടെ അങ്ങനെയല്ലല്ലോ. അഭിനയം ഒരിക്കലും മത്സരിക്കേണ്ട ഒന്നാണെന്ന് എനിക്ക് തോന്നിയിട്ടില്ല,’ വിജയരാഘവന്‍ പറഞ്ഞു.


Content Highlight: Vijayaraghavan Talks About Ashokan

We use cookies to give you the best possible experience. Learn more