|

ആ നടന്റെ അടുത്ത് നിന്ന് പാട്ടുപാടാന്‍ കഴിവില്ലാത്ത എത്രയോ ആളുകള്‍ സിനിമയില്‍ പാട്ടുപാടിയിട്ടുണ്ട്: വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പദ്മരാജന്‍ സംവിധാനം ചെയ്ത പെരുവഴിയമ്പലത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് അശോകന്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ പദ്മരാജന്‍, കെ.ജി. ജോര്‍ജ്, ഭരതന്‍ തുടങ്ങി മികച്ച സംവിധായകരുടെ സിനിമകളില്‍ ഭാഗമാകാന്‍ അശോകന് സാധിച്ചിരുന്നു.

അഭിനയത്തിന് പുറമെ മികച്ച ഗായകനും കൂടിയാണ് അശോകന്‍. അശോകന്‍ നല്ലൊരു പാട്ടുകാരനാണെന്ന് പറയുകയാണ് വിജയരാഘവന്‍. അശോകന്റെ കൂടെ നിന്ന് പാടാന്‍ കഴിവില്ലാത്ത പലരും സിനിമയില്‍ കുറെ പാട്ടുകള്‍ പാടിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

‘പാടാന്‍ അറിയാത്ത എത്രയോ ആളുകള്‍ വലിയ വലിയ പാട്ടുകാരായിട്ട് ഇപ്പോള്‍ സിനിമയിലുണ്ട്. സത്യമാണത്, അശോകന്റെ അടുത്ത് നിന്ന് പാടാന്‍ കഴിവില്ലാത്ത ആളുകള്‍ സിനിമയില്‍ എത്രയോ പാട്ടുകള്‍ പാടിയിട്ടുണ്ട്,’ വിജയരാഘവന്‍ പറയുന്നു.

സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചത് ഗായകനാകാനാണെന്ന് അശോകനും പറയുന്നു. എന്നാല്‍ വിധി തന്നെ അഭിനേതാവാക്കിയെന്നും കാലങ്ങള്‍ക്കിപ്പുറം പാലും പഴവും എന്ന സിനിമയിലൂടെ പിന്നണി ഗായകനാകാന്‍ കഴിഞ്ഞെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.

‘സിനിമയില്‍ പാട്ടുപാടണം എന്ന ആഗ്രഹം കൊണ്ടിരുന്ന ആളായിരുന്നു ഞാന്‍. അഭിനയിക്കുന്നതിനേക്കാള്‍ മുന്നേ എനിക്ക് പാട്ടുകാരനാകാനായിരുന്നു താത്പര്യം. പാട്ടുകാരനാകണം എന്ന് എല്ലാവരും ആഗ്രഹിക്കുന്ന പോലെ ഞാനും ആഗ്രഹിച്ചു. പക്ഷെ നമുക്ക് വിധിക്കുന്നത് വേറൊന്നാണല്ലോ അങ്ങനെ അഭിനയത്തിലേക്ക് വന്നു.

പലരും ചോദിച്ചിട്ടുണ്ട് എന്നോട് എന്തുകൊണ്ട് പാടുന്നില്ലെന്ന്. എം. ജി രാധാകൃഷ്ണന്‍ ചേട്ടനൊക്കെ നീ അഭിനയിച്ച സിനിമയില്‍ നിനക്ക് പാടിക്കൂടേയെന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. ചേട്ടാ എന്നാല്‍ എനിക്കൊരു പാട്ടുതാ എന്നൊക്കെ അന്ന് പറയുമായിരുന്നു. അത്രക്കും അടുപ്പമുണ്ടായിരുന്നു അദ്ദേഹത്തോട്.

പാലും പഴവും സിനിമയില്‍ ഞാന്‍ ഒരു പാട്ടുപാടി. വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ആഗ്രഹം അങ്ങനെ പൂവണിഞ്ഞു. ഞാന്‍ ഒരു പാട്ട് പണ്ട് കമ്പോസ് ചെയ്തിട്ടുണ്ട്. ശ്രീ കുമാരന്‍ തമ്പി ചേട്ടനാണ് അതെഴുതിയത്. ജയചന്ദ്രന്‍ ചേട്ടനാണ് പാടിയത്,’ അശോകന്‍ പറയുന്നു.

Content Highlight: Vijayaraghavan Talks About Actor  Ashokan’s Acting Skill