അദ്ദേഹമാണ് മലയാള സിനിമയെ ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയത്: വിജയരാഘവന്‍
Entertainment
അദ്ദേഹമാണ് മലയാള സിനിമയെ ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയത്: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd October 2024, 4:42 pm

മലയാള സിനിമയെ ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റം വരുത്തിയത് തന്റെ അറിവില്‍ പി.എന്‍. മേനോനാണെന്ന് പറയുകയാണ് വിജയരാഘവന്‍. പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രമാണ് ആദ്യമായി റിയല്‍ ലൊക്കേഷനില്‍ ചിത്രീകരിച്ച മലയാള സിനിമയെന്നും അതുവരെ സിനിമകളെല്ലാം ഷൂട്ട് ചെയ്തത് സ്റ്റുഡിയോകളിലായിരുന്നെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

180 ഡിഗ്രിയില്‍ മാത്രമേ ക്യാമറ ചലിപ്പിക്കാറുള്ളുവെന്നും ഇമേജിനറി ലൈനിന്റെ അപ്പുറത്തേക്ക് പോയാല്‍ കുഴപ്പമാണെന്നാണ് അന്ന് വിചാരിച്ചിരുന്നതെന്നും ആ ചിന്തയെല്ലാം മാറ്റിയത് പി.എന്‍ മേനോനാണെന്നും വിജയരാഘവന്‍ പറയുന്നു. ജോണ്‍ എബ്രഹാം, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍, പത്മരാജന്‍, കെ.ജി. ജോര്‍ജ് തുടങ്ങിയ പ്രതിഭകളുടെ ഒഴുക്ക് തുടങ്ങുന്നത് എഴുപതുകളിലാണെന്നും സിനിമക്ക് സിനിമയുടെ ലാംഗ്വേജ് ഉണ്ടാകുന്നത് അപ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

‘മലയാള സിനിമയില്‍ വലിയൊരു മാറ്റം വരുത്തിയത് എന്റെ അറിവില്‍ പി.എന്‍. മേനോന്‍ സാറാണ്. അദ്ദേഹത്തിന്റെ ഓളവും തീരവും എന്ന സിനിമയാണ് സ്റ്റുഡിയോയില്‍ നിന്ന് പുറത്ത് വന്ന് എടുത്ത സിനിമ. അദ്ദേഹമാണ് ലോങ്ങ് ഷോട്ടില്‍ നിന്ന് ക്ലോസിലേക്കും ക്ലോസ് ഷോട്ടില്‍ നിന്ന് ലോങ്ങിലേക്കുമെല്ലാം കട്ട് ചെയ്യാമെന്ന് ആദ്യം കാണിച്ചു തന്നത്. പണ്ട് അങ്ങനെ അല്ലായിരുന്നു.

ഒരു സീന്‍ വൈഡില്‍ തുടങ്ങുന്നു പിന്നെ സജഷന്‍ ക്ലോസ്, ക്ലോസ് സജഷന്‍ അങ്ങനെ അവസാനം വൈഡില്‍ തന്നെ അത് അവസാനിക്കുകയും ചെയ്യും. അങ്ങനെ ആയിരുന്നു സങ്കല്‍പ്പം. പിന്നെ ക്യാമറ അപ്പുറത്തേക്ക് പോകില്ലായിരുന്നു 180 ഡിഗ്രിയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇമേജിനറി ലൈനിന്റെ അപ്പുറത്തേക്ക് പോയാല്‍ കുഴപ്പമാണെന്നാണ് വിചാരിച്ചിരുന്നത്. ആ ചിന്തയെല്ലാം മാറ്റിയത് പി.എന്‍ മേനോനാണ്.

അതോടൊപ്പം തന്നെ ജോണ്‍ എബ്രഹാം, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍, പത്മരാജന്‍, കെ.ജി. ജോര്‍ജ് തുടങ്ങിയവരാണ്. ആ പ്രതിഭകളുടെ ഒഴുക്ക് തുടങ്ങുന്നത് എഴുപതുകളിലാണ്. സിനിമക്ക് സിനിമയുടെ ലാംഗ്വേജ് ഉണ്ടാകുന്നത് അപ്പോഴാണ്. മറ്റേത് സ്റ്റേജ് ചെയ്യുന്നതുപോലെയായിരുന്നു. ആ സംഭവങ്ങളിലൂടെ സഞ്ചരിച്ച് സിനിമയെ ഇന്നുകാണുന്ന നിലയിലെത്തിച്ചത് ഇവരൊക്കെയായിരുന്നു. പ്രത്യേകിച്ച് ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് വന്നവര്‍,’ വിജയരാഘവന്‍ പറയുന്നു.

Content Highlight: Vijayaraghavan Says P.N Menon Changed Malayalam Cinema