ഞാന്‍ മോശമായിരുന്നെന്ന് ഏതെങ്കിലുമൊരുത്തന്‍ വേഷംകെട്ടിക്കൊണ്ട് പറഞ്ഞാല്‍ ഞാന്‍ മോശമാകില്ല: വിജയരാഘവന്‍
Entertainment
ഞാന്‍ മോശമായിരുന്നെന്ന് ഏതെങ്കിലുമൊരുത്തന്‍ വേഷംകെട്ടിക്കൊണ്ട് പറഞ്ഞാല്‍ ഞാന്‍ മോശമാകില്ല: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd December 2024, 2:12 pm

മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് വിജയരാഘവന്‍. 90കളില്‍ നായകനായി നിറഞ്ഞുനിന്ന വിജയരാഘവന്‍ പിന്നീട് സഹനടനായും വില്ലനായും വ്യത്യസ്ത വേഷങ്ങള്‍ കൈകാര്യം ചെയ്തു. കഴിഞ്ഞ കുറച്ചുകാലങ്ങളായി ക്യാരക്ടര്‍ റോളുകള്‍ ചെയ്തും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വിജയരാഘവന് സാധിച്ചു. പൂക്കാലം എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന അവാര്‍ഡും വിജയരാഘവനെ തേടിയെത്തി.

റിവ്യൂ വ്‌ളോഗര്‍മാര്‍ ഒരിക്കലും സിനിമയുടെ വിജയപരാജയങ്ങളെ നിര്‍ണയിക്കില്ലെന്ന് പറയുകയാണ് വിജയരാഘവന്‍. ഒരു സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ അത് കാണുമെന്നും മോശം റിവ്യൂ കേട്ടതുകൊണ്ട് ആരും അത് കാണാതിരിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. പണ്ട് കാലത്ത് സിനിമാവാരികകളില്‍ മാത്രമേ സിനിമയുടെ അഭിപ്രായം ഉണ്ടാകുമായിരുന്നുള്ളൂവെന്നും നല്ലതാണോ അല്ലയോ എന്ന് സിമ്പിളായി അതില്‍ പറയുമായിരുന്നെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇന്ന് റിവ്യൂ എന്ന പേരില്‍ പലരും കോമാളിവേഷം കെട്ടി സിനിമയെപ്പറ്റി സംസാരിക്കുകയാണെന്നും അവരുടെ വാക്കുകള്‍ പ്രേക്ഷകര്‍ ഒരിക്കലും കാര്യമാക്കി എടുക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. 45 വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്ന ആളാണ് താനെന്നും ആരുടെയും റിവ്യൂ കാരണമല്ല താന്‍ ഇത്രയും കാലം സിനിമയില്‍ നിന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ പെര്‍ഫോമന്‍സ് മോശമാണെങ്കില്‍ അത് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും ഏതെങ്കിലും ഒരുത്തന്‍ വേഷം കെട്ടിയിരുന്ന് താന്‍ മോശമാണെന്ന് പറഞ്ഞാല്‍ അത് ആരും അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. പുതിയ ചിത്രമായ റൈഫിള്‍ ക്ലബ്ബിന്റെ വിജയാഘോഷവേളയിലാണ് വിജയരാഘവന്‍ ഇക്കാര്യം പറഞ്ഞത്.

‘പണ്ട് ഈ സോഷ്യല്‍ മീഡിയയും ബാക്കി കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. നാന, വെള്ളിനക്ഷത്രം, ചിത്രഭൂമി അങ്ങനെ കുറച്ച് മാസികകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലൊക്കെ സിനിമ നല്ലാതാണെങ്കില്‍ നന്നായിട്ടുണ്ടെന്നും അല്ലെങ്കില്‍ മോശമായിട്ടുണ്ടെന്നും എഴുതും. അതോടെ ആ സിനിമയെപ്പറ്റിയുള്ള അഭിപ്രായം തീര്‍ന്നു. എന്നാല്‍ പലരും അതൊന്നും നോക്കാതെയാകും സിനിമക്ക് പോയിക്കൊണ്ടിരുന്നത്. ഇന്ന് ഓരോരുത്തന്മാര്‍ വേഷംകെട്ടി വന്ന് ഇരുന്നിട്ട് ‘സിനിമ മോശമാണ്’ എന്ന് പറഞ്ഞാലൊന്നും കാര്യമില്ല.

നല്ല സിനിമയാണെങ്കില്‍ അവരൊക്കെ മോശം അഭിപ്രായം പറഞ്ഞാലും ഓടും. റിവ്യൂ പറയുന്നവരുടെ വാക്കിനൊന്നും ആരും പ്രാധാന്യം കൊടുക്കില്ല. 45 വര്‍ഷമായി ഞാന്‍ സിനിമയില്‍ നില്‍ക്കുന്നുണ്ട്. ആരുടെയും റിവ്യൂ കാരണമല്ല ഞാന്‍ ഇപ്പോഴും സിനിമയില്‍ നില്‍ക്കുന്നത്. എന്റെ പെര്‍ഫോമന്‍സ് മോശമാണെങ്കില്‍ അത് പറയേണ്ടത് ഓഡിയന്‍സാണ്. അല്ലാതെ ഏതെങ്കിലുമൊരുത്തന്‍ വന്ന് ഇരുന്നിട്ട് എന്റെ പെര്‍ഫോമന്‍സ് മോശമാണെന്ന് പറഞ്ഞാല്‍ ഞാന്‍ മോശമാകില്ല,’ വിജയരാഘവന്‍ പറയുന്നു.

Content Highlight: Vijayaraghavan saying negative reviews won’t affect the result of a film