| Sunday, 2nd March 2025, 7:18 pm

ലോകോത്തര നടനെന്ന് പറയാന്‍ കഴിയുന്ന ആള്‍, അദ്ദേഹത്തിന്റെ സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ സങ്കടം വരും: വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിജയരാഘവന്‍. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തുടരുന്ന അദ്ദേഹം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തു ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് വിജയരാഘവനെ തേടിയെത്തിയിരുന്നു.

മറ്റൊരു ഇന്‍ഡസ്ട്രിക്കും അവകാശപ്പെടാന്‍ കഴിയാത്തത്ര മികച്ച ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകള്‍ മലയാളത്തിനുണ്ടായിരുന്നെന്ന് പറയുകയാണ് വിജയരാഘവന്‍. ഇന്നസെന്റ്, നെടുമുടി വേണു, കുതിരവട്ടം പപ്പു തുടങ്ങിയ നടന്മാര്‍ ഉണ്ടാക്കിയ വിടവ് വളരെ വലുതാണെന്ന് വിജയരാഘവന്‍ പറഞ്ഞു. ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളാല്‍ സമ്പന്നമായിരുന്നു മലയാളസിനിമയെന്നും മറ്റൊരു ഇന്‍ഡസ്ട്രിക്കും അതുപോലുള്ള നടന്മാര്‍ ഇല്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

ഭരത് ഗോപിയും അത്തരത്തില്‍ ഒരു നടനായിരുന്നെന്നും ലോകോത്തര നടനാണ് ഭരത് ഗോപിയെന്നും വിജയരാഘവന്‍ പറഞ്ഞു. ഏത് വേഷവും ചെയ്യാന്‍ കഴിയുന്ന മികച്ച നടനായിരുന്നു അദ്ദേഹമെന്നും അവരുണ്ടായിരുന്ന കാലം ഇന്‍ഡസ്ട്രിയുടെ സുവര്‍ണ കാലഘട്ടമായിരുന്നെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

അവരെല്ലാം അഭിനയിച്ച സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ തനിക്ക് സങ്കടം വരുമെന്നും പണ്ടൊക്കെ എപ്പോള്‍ വിളിച്ചാലും ഫോണിന്റെ മറുതലയ്ക്കല്‍ അവരും ഉണ്ടാകുമായിരുന്നെന്നും വിജയരാഘവന്‍ പറയുന്നു. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നടനാണെന്നും നാടകത്തിലൂടെ സിനിമയിലേക്കെത്തിയ മഹാനടനാണ് അദ്ദേഹമെന്നും വിജയരാഘവന്‍ പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

‘മലയാളത്തിലെ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളെന്ന് പറയുന്നത് വളരെ ഗ്രേറ്റായിട്ടുള്ള ആള്‍ക്കാരാണ്. അതില്‍ പലരും ഇന്ന് നമ്മുടെ കൂടെയില്ല. മറ്റൊരു ഇന്‍ഡസ്ട്രിക്കും മലയാളത്തിലെ അത്ര ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളില്ല. എന്നുവെച്ച് ആ ഇന്‍ഡസ്ട്രിയൊന്നും മോശമാണെന്ന അഭിപ്രായം എനിക്കില്ല. എന്നാല്‍ നമ്മുടെ ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയില്‍ അവരുടെ ഇംപാക്ടും വളരെ വലുതാണ്.

കുതിരവട്ടം പപ്പു ചേട്ടന്‍, നെടുമുടി വേണു ചേട്ടന്‍, ഇന്നസെന്റേട്ടന്‍ ഇവരൊക്കെ അതുല്യകലാകാരന്മാരാണ്. അതുപോലെ ഭരത് ഗോപി ചേട്ടന്‍. ലോകോത്തര നടനാണ് അദ്ദേഹം. ഇന്നും അവരുടെയൊക്കെ സിനിമകള്‍ കാണുമ്പോള്‍ സങ്കടം വരും. ഒരുകാലത്ത് എപ്പോള്‍ വിളിച്ചാലും ഫോണിന്റെ മറുതലയ്ക്കല്‍ അവരുണ്ടാകുമായിരുന്നു. ഇവരുടെ കൂടെ പറയേണ്ട മറ്റൊരു പേരാണ് കൊട്ടാരക്കര ശ്രീധരന്‍ നായര്‍. നാടകത്തില്‍ നിന്ന് സിനിമയിലേക്കെത്തിയ നടന്മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നടനാണ് അദ്ദേഹം,’ വിജയരാഘവന്‍ പറഞ്ഞു.

Content Highlight: Vijayaraghavan saying he misses character artists like Innocent Bharath Gopi and Nedumudi Venu

We use cookies to give you the best possible experience. Learn more