സോഷ്യല്‍ മീഡിയ അഭിപ്രായങ്ങളെല്ലാം തെറിയാണ്, ചാനല്‍ ചര്‍ച്ചകളില്‍ പോലും മര്യാദ കാണിക്കാറില്ല: വിജയരാഘവന്‍
Entertainment news
സോഷ്യല്‍ മീഡിയ അഭിപ്രായങ്ങളെല്ലാം തെറിയാണ്, ചാനല്‍ ചര്‍ച്ചകളില്‍ പോലും മര്യാദ കാണിക്കാറില്ല: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th October 2022, 8:15 pm

നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് വിജയരാഘവന്‍. സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് നാടകത്തില്‍ സജീവമായിരുന്നു നടന്‍ മികച്ച റോളുകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനാണ്.

താന്‍ സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കാതിരിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് പറയുകയാണ് താരം. മറുപടി പറയുന്നത് കൊണ്ട് മാറ്റമൊന്നും സംഭവിക്കുന്നില്ലെന്നും തിരുത്താന്‍ തയ്യാറാകാത്ത ഒരു വിഭാഗത്തിന്റെ കയ്യിലാണ് രാഷ്ട്രീയമുള്ളതെങ്കില്‍ ചൂണ്ടിക്കാണിച്ചിട്ട് കാര്യമില്ലെന്നാണ് വിജയരാഘവന്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാമെന്നും സോഷ്യല്‍ മീഡിയ അഭിപ്രായങ്ങളെല്ലാം തെറിയാണെന്നും താരം പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ തന്റെ അഭിപ്രായം പറഞ്ഞത്.

”പല സാമൂഹിക വിഷയങ്ങളിലും ഞാന്‍ അറിഞ്ഞ് കൊണ്ട് മറുപടി പറയാതിരിക്കുന്നതാണ്. മൗനമായി ഇരിക്കുന്നത് അതുകൊണ്ടാണ്. മറുപടി പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. നമ്മള്‍ പറഞ്ഞു കഴിഞ്ഞാലും അതിന് ഒരു മാറ്റം സംഭവിക്കുന്നില്ലല്ലോ.

വ്യക്തമായ രാഷ്ട്രീയ ധാരണയുള്ളയാളാണ് ഞാന്‍. എന്റെ രാഷ്ട്രീയത്തില്‍ ഒരുപാട് കുഴപ്പങ്ങളുണ്ട്. അത് പറഞ്ഞ് എനിക്ക് തിരുത്താന്‍ കഴിയില്ല. അതെല്ലാം തിരുത്തേണ്ടത് രാഷ്ട്രീയ പ്രവര്‍ത്തകരാണ്. കലാകാരന് ചൂണ്ടി കാണിക്കാനെ പറ്റുകയുള്ളു. തിരുത്താന്‍ തയ്യാറാകാത്ത ഒരു വിഭാഗത്തിന്റെ കയ്യിലാണ് നമ്മുടെ രാഷ്ട്രീയമുള്ളതെങ്കില്‍ ചൂണ്ടിക്കാണിച്ചിട്ട് എന്താണ് ഫലം. പിന്നെ അതില്‍ അഭിപ്രായം പറഞ്ഞിട്ട് എന്ത് കാര്യമാണ് ഉള്ളത്.

ചാനല്‍ ചര്‍ച്ചകള്‍ കാണാറില്ലേ? എല്ലാ ദിവസവും ഓരോ വിഷയത്തെക്കുറിച്ചാണ് ചര്‍ച്ച. സ്ഥിരം വരുന്ന കൂറെ ആള്‍ക്കാര്‍ വരും അവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞോണ്ടിരിക്കും. അവിടെ പോലും മര്യാദ കാണിക്കാറില്ല. ഒരാള്‍ സംസാരിക്കുമ്പോള്‍ അടുത്ത ആള്‍ കേറി പറയും അപ്പോഴേക്കും താന്‍ നിര്‍ത്തെഡോ എന്ന് പറഞ്ഞ് വേറെ ആള്‍ തന്തക്കും തള്ളക്കും വിളിക്കും അത്തരത്തിലുള്ള ലെവല് വരെ ആയിട്ടുണ്ട് ചര്‍ച്ചകള്‍. ഓരോന്നും ഇഴ കീറി പറയുന്നതായിട്ടും ആര്‍ക്കാണ് കേള്‍ക്കാന്‍ താല്പര്യം. അവിടെ ചെന്ന് നമ്മുടെ അഭിപ്രായം പറഞ്ഞിട്ടെന്താണ് കാര്യം.

സാമൂഹിക വിഷയങ്ങള്‍ ചൂണ്ടി കാണിക്കേണ്ട കാലമെല്ലാം കഴിഞ്ഞ് പോയി. സാഹിത്യകാരന്മാരും എഴുത്തുകാരും പറഞ്ഞിട്ട് അതെല്ലാം അനുസരിച്ച് ആള്‍ക്കാര്‍ക്കെല്ലാം ബോധമുണ്ടാകുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ ആ കാലമല്ല.

സോഷ്യല്‍ മീഡിയയിലൂടെ ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാവുന്നതാണ്. സോഷ്യല്‍ മീഡിയ അഭിപ്രായങ്ങളെല്ലാം തെറിയാണ്. വ്യക്തമായ ധാരണ ഉണ്ടായിട്ട് ഏത് പ്രസ്ഥാനമാണ് അതിന് അനുസരിച്ച് പോകുന്നത്. അവിടെ പോയിട്ട് വെറുതെ നമ്മുടെ അഭിപ്രായം പറഞ്ഞിട്ട് എന്ത് കാര്യമാണ് ഉള്ളത്. പക്ഷം പിടിക്കാനുള്ള ഒരു വിഭാഗം ഞാന്‍ കാണുന്നില്ല. അതുകൊണ്ട് പ്രതികരിക്കാതിരിക്കുന്നു,” വിജയരാഘവന്‍ പറഞ്ഞു.

content highlight: vijayaraghavan said thatsocial media comments are wrong, even channel discussions are not polite