മലയാള സിനിമയിലെ ഐക്കോണിക്ക് കഥാപാത്രങ്ങളിലൊന്നാണ് റാംജി റാവൂ.
1989ൽ സിദ്ധീഖ്-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ച റാംജിറാവൂ സ്പീക്കിങ് എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി റാംജി റാവൂ എന്ന കഥാപാത്രം അഭ്രപാളിയിലേക്കെത്തുന്നത്. പിന്നീട് മാന്നാർ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിലും റാംജിറാവൂ എന്ന കഥാപാത്രം ബിഗ് സ്ക്രീനിലേക്കെത്തിയിരുന്നു. വിജയരാഘവനാണ് ചിത്രത്തിൽ റാംജി റാവുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.
എന്നാൽ ചിത്രത്തിലെ റാംജി റാവൂ എന്ന കഥാപാത്രത്തെക്കുറിച്ചും കോസ്റ്റിയൂമിനെക്കുറിച്ചും സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയരാഘവൻ. റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിജയരാഘവൻ സിനിമയെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ തുറന്ന് പറഞ്ഞത്.
“റാംജി റാവുവിൽ എനിക്ക് വേണ്ടി തയ്പ്പിച്ച് വെച്ചിരുന്ന ഡ്രസ് വേറെയായിരുന്നു. ഈ പട്ടാളക്കാരുടേത് പോലുള്ള ഡ്രസായിരുന്നു അത്. ഫ്ലാപ്പ് ഒക്കെ വെച്ച ഷർട്ടും അത് പോലെയുള്ള പാന്റ്സും ചെറിയ കണ്ണാടിയുമൊക്കെയാണ് എന്റെ കഥാപാത്രത്തിന് വേണ്ടി അവർ ഉദേശിച്ചിരുന്നത്.
അവർ എന്റെ കഥാപാത്രത്തിന് വേണ്ടി കൺസീവ് ചെയ്ത വേഷം അതൊക്കെയായിരുന്നു. പക്ഷെ എന്റെ മനസിൽ റാംജി റാവൂ എന്ന് കേട്ടപ്പോൾ തോന്നിയ കഥാപാത്രം ഇവിടുത്ത് കാരനല്ലാത്ത നല്ല പൊക്കമുള്ളയാളാണ്. എന്നെ സംബന്ധിച്ച് ഞാൻ അത്ര പൊക്കമുള്ളയാളൊന്നുമല്ല.പക്ഷെ ഷൂ ഇട്ടാൽ ഒരിഞ്ച് പൊക്കം കൂടുമെന്നല്ലാതെ എങ്ങനെ പൊക്കം കൂട്ടുമെന്നായിരുന്നു എന്റെ ചിന്ത. ബോഡി നല്ല ഡയറക്ട് ഫിഗറായിരിക്കണമെന്നും എനിക്ക് തോന്നി.
പിന്നെ മുഖത്തിന്റെ നെറ്റി ഭാഗത്ത് നിന്നും കുറച്ച് മുടി എടുത്താൽ കുറച്ചു കൂടി സ്പെയ്സ് കിട്ടുമെന്ന് എനിക്ക് തോന്നി. സൈഡിൽ നിന്നും കൂടി ഹെയർ കളഞ്ഞു അപ്പോൾ മുഖം കുറച്ച് കൂടി വലുതായി. പിന്നെ മീശ കുറച്ച് കൂടി താഴേക്ക് ഇറക്കി അപ്പോൾ മുഖം അൽപ്പം കൂടി ലോങ്ങായി.
അങ്ങനെ പെട്ടെന്ന് തോന്നിയ ഐഡിയയിൽ നിന്നാണ് ആ കഥാപാത്രത്തിന്റെ കോസ്റ്റിയൂമുണ്ടായത്.
അതൊക്കെ പെട്ടെന്ന് സംഭവിക്കുന്നതാണ്,’ വിജയ രാഘവൻ പറഞ്ഞു.
2022ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയാണ് താരത്തിന്റെതായി അവസാനം തിയേറ്ററിലെത്തിയ ചലച്ചിത്രം.
ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന പൂക്കാലമാണ് അടുത്തതായി റിലീസ് ചെയ്യാനുള്ള വിജയരാഘവൻ ചിത്രം.
Content Highlights:vijayaraghavan said about ramji rao movie